Sorry, you need to enable JavaScript to visit this website.

ന്യൂയോർക്കിൽനിന്ന് ശാസ്ത്രജ്ഞരുടെ കൊറോണ മുന്നറിയിപ്പ്

സംസ്ഥാന - കേന്ദ്ര സർക്കാറുകളുടെ നേതൃത്വത്തിൽ കൊറോണ മഹാമാരിക്കെതിരായ പോരാട്ടം നമ്മുടെ രാജ്യം തുടരുന്നതിനിടയ്ക്കു തന്നെ പറയട്ടെ, നിയന്ത്രണത്തിന്റെ കടിഞ്ഞാൺ കൈയിലെത്താൻ ഇനിയും കാത്തിരിപ്പു വേണ്ടിവരും. ഏറ്റുമുട്ടുന്ന കോവിഡ്19 എന്ന പുതിയ കൊറോണ മഹാമാരിയുടെ വ്യാപന വേഗവും മാരക ശേഷിയും അത്ര ഭയാനകമാണെന്നാണ് രോഗപര്യവേക്ഷകരായ  ശാസ്ത്രജ്ഞരുടെ ആഗോള പഠനം വെളിപ്പെടുത്തുന്നത്. 


പരിണാമ സംബന്ധിയായ പ്രശസ്ത രോഗപര്യവേക്ഷകൻ റോബ് വാലസിന്റെ നേതൃത്വത്തിൽ നാല് ജീവശാസ്ത്രജ്ഞർ മന്ത്‌ലി റവ്യൂ എന്ന പ്രശസ്ത പ്രസിദ്ധീകരണത്തിനു വേണ്ടി തയാറാക്കിയതാണ് കോവിഡ്19 സംബന്ധിച്ച പഠന റിപ്പോർട്ട്.  മെയ് ഒന്നിന്റെ ലക്കത്തിനു വേണ്ടി തയാറാക്കിയതായിരുന്നു മന്ത്‌ലി റവ്യൂ പഠനം. ലോകമാകെ, വിശേഷിച്ച് അമേരിക്കയിൽ മഹാമാരി ഉയർത്തിയ മാരക ഭീഷണിയുടെ പശ്ചാത്തലത്തിൽ പതിവില്ലാത്തവിധം ഓൺലൈനായി മാർച്ച് 27 ന് മന്ത്‌ലി റവ്യൂ പഠനം വെളിപ്പെടുത്തുകയായിരുന്നു. അമേരിക്കയിൽ ഇതിനകം കൊറോണ 1400 ലേറെ പേരുടെ ജീവനെടുത്ത ന്യൂയോർക്ക് നഗരത്തിൽനിന്ന് 72 വർഷം മുമ്പ് ലോകം കണ്ട പ്രമുഖ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീന്റെ പ്രശസ്ത ലേഖനത്തോടെ പ്രസിദ്ധീകരണം തുടങ്ങിയതാണ് മന്ത്‌ലി റവ്യൂ. 


കഴിഞ്ഞ ജനുവരി 9 ന് ചൈനയിൽ റിപ്പോർട്ട് ചെയ്ത ആദ്യ കൊറോണ മരണം മുതൽ ലോകം നേരിടുന്ന മഹാമാരിയുടെ ഇപ്പോഴത്തെ  അവസ്ഥയും ഇതിനിടയാക്കിയ ആരോഗ്യ - പരിസ്ഥിതി - സാമ്പത്തിക - രാഷ്ട്രീയ കാരണങ്ങളും വിലയിരുത്തുന്നതാണ് പഠനം. അമേരിക്ക നേരിടുന്ന അസാധാരണ സ്ഥിതിവിശേഷം ചൂണ്ടിക്കാട്ടുന്നതോടൊപ്പം  ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങൾ സ്വീകരിച്ചിട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനുള്ള നിർദേശങ്ങളും പഠനം ഉൾക്കൊള്ളുന്നു. റോബ് വാലസിനു പുറമെ ന്യൂയോർക്ക് സംസ്ഥാനത്തെ പകർച്ചവ്യാധി വിഭാഗത്തിലെ റോഡ്രിക് വാലസ്, കോസ്റ്റാറിക്ക ആരോഗ്യ ഗവേഷണ കേന്ദ്രത്തിലെ സീനിയർ ഗവേഷകൻ ലൂയിസ് ഫെർണാഡോ ചാവേസ്, മിനേസോട്ട സർവകലാശാലയിലെ അലക്‌സ് ലിവ്മാൻ എന്നിവർ ചേർന്നാണ് പഠനം തയാറാക്കിയത്.   


ലോകത്തിലെ ഏറ്റവും ധനിക രാഷ്ട്രമായ അമേരിക്കയിൽ ചുരുങ്ങിയത് പതിനൊന്നു ലക്ഷം പേരെങ്കിലും കൊറോണ ബാധയെ തുടർന്ന് മരണപ്പെടുമെന്ന ലണ്ടൻ ഇംപീരിയൽ കോളേജിന്റെ പഠന റിപ്പോർട്ടിന്റെ വിലയിരുത്തൽ അതിൽ ഉദ്ധരിക്കുന്നു. ചൈന സ്വീകരിച്ചതു പോലുള്ള കടുത്തതും അടിയന്തരവുമായ പ്രതിരോധ നടപടികൾ സ്വീകരിച്ചാലും മരണം രണ്ടു ലക്ഷത്തിന് മുകളിലെങ്കിലും എത്തുമെന്നും. യു.എസിലെ തീവ്രരോഗ പരിചരണ ആശുപത്രികളിൽ ലഭ്യമായ കിടക്കകളുടെ എട്ടു മടങ്ങ് രോഗികളെ വരും മാസങ്ങളിൽ അമേരിക്കക്കു കൈകാര്യം ചെയ്യേണ്ടിവരുമെന്ന് പഠനം വിലയിരുത്തുന്നു. രോഗവും സാമ്പത്തിക പ്രതിസന്ധിയും സന്തുലിതമാക്കി പോയാൽ ചുരുങ്ങിയത് പതിനെട്ടു മാസമെടുത്താലേ  അമേരിക്കക്ക് മഹാമാരി നിയന്ത്രിക്കാനാകൂ. 
അമേരിക്ക മാത്രമല്ല, ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ കൊറോണ മഹാമാരിയെ അതിവേഗം പ്രതിരോധിച്ചു തോൽപിക്കാൻ എന്തൊക്കെ അടിയന്തരമായി ചെയ്യണമെന്ന് മന്ത്‌ലി റിപ്പോർട്ട് പഠനം നിർദേശിക്കുന്നു: 


കൊറോണ പൊട്ടിപ്പുറപ്പെട്ടപ്പോൾ സ്‌പെയിൻ ചെയ്തതു പോലെ ആശുപത്രികൾ അടിയന്തരമായി ദേശസാൽക്കരിക്കണം. പശ്ചിമ ആഫ്രിക്കൻ രാജ്യമായ സെനഗൽ നിർവഹിച്ചതു പോലെ ജനങ്ങളെ കൂട്ടമായി വൻതോതിൽ പരിശോധനക്കു വിധേയമാക്കണം. പ്രതിരോധ പ്രവർത്തനത്തിലേർപ്പെട്ട മെഡിക്കൽ സ്റ്റാഫിന് പരമാവധി സംരക്ഷണം നൽകണം. അവരുടെ എണ്ണം കുറവു വരാതെ നികത്താൻ സംവിധാനം ഉറപ്പാക്കണം. വെന്റിലേറ്ററുകളും മെഡിക്കൽ ഉപകരണങ്ങളും വേണ്ടത്ര ലഭ്യമാക്കണം. അവ റിപ്പയർ ചെയ്യാനുള്ള അവകാശം നേടിയെടുക്കണം. പ്രതിരോധ മരുന്നുകൾ നിർമിക്കുന്നതു സംബന്ധിച്ച ക്ലിനിക്കൽ പരീക്ഷണം തീവ്രമാക്കണം.  സമാന്തരമായി ആദ്യകാല മരുന്നുകളായ ആന്റി വൈറസ് ഔഷധങ്ങളും മലേറിയയെ ചെറുക്കുന്ന ക്ലോറോക്വിൻ പോലുള്ളവയും വൻതോതിൽ ഉൽപാദിപ്പിക്കണം. പ്രതീക്ഷ നൽകുന്ന മരുന്നുകളുടെയും ഉൽപാദനം കൂട്ടണം. 
-കൊറോണ മഹാമാരിയെ നേരിടാനുള്ള ഒരു സേനക്ക് രൂപം നൽകണം. ഗവേഷണം തൊട്ട് പരിചരണം വരെയുള്ള എല്ലാ കാര്യങ്ങളിലും സഹായിക്കാൻ. എല്ലാതരം വൈറസിനെയും മാരക രോഗാണുക്കളെയും  തടയാനുള്ള മനുഷ്യ പ്രതിരോധ സേനയെ.  


-കോവിഡ്-19 നെതിരായ ആകാശാക്രമണം കൊണ്ട് നിർത്തിക്കൂടാ. ഇതിനു പിറകെ പൊട്ടിപ്പുറപ്പെടാവുന്ന വിവിധ വൈറസുകളെയും മാരക രോഗാണുക്കളെയും തുടർച്ചയായി നേരിടണം. അതിനായി ഓരോ വീടും കയറിയിറങ്ങാനുള്ള ആളുകളെ സജ്ജരാക്കണം. ഇതിനു വഴങ്ങാത്ത മർക്കടമുഷ്ടിക്കാരായ സർക്കാറുകളുടെ മേൽ അതിശക്തമായ സമ്മർദം കൊണ്ടുവരണം. 
ഇന്ത്യയുടെ കോണിൽനിന്ന് വീക്ഷിക്കുമ്പോൾ മൂന്നാഴ്ചക്കാലം രാജ്യം അടച്ചുപൂട്ടിയത് ഏറെ പ്രധാനമാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഒരുപക്ഷെ അടച്ചിടൽ ചിലപ്പോൾ ഇനിയും നീട്ടേണ്ടിവരുമെന്നും. ലക്ഷ്മണരേഖ മറികടന്ന് ജനങ്ങൾ പുറത്തു പോകുന്നത് രാജ്യദ്രോഹമാണെന്നു തന്നെ പഠനം ഓരോ പൗരനെയും ഓർമപ്പെടുത്തുന്നു. 
ഇതിൽ പലതും നാം സ്വീകരിച്ചിട്ടുണ്ടെന്നു കാണാം.  സ്വീകരിക്കാത്തത് ഏറെയുണ്ടെന്നും. വിമർശിക്കേണ്ട ഘട്ടമല്ലെങ്കിലും ചിലത് ചൂണ്ടിക്കാട്ടേണ്ടതുണ്ട്. 


നമ്മുടെ പ്രധാനമന്ത്രി വൈകിയാണ് രംഗത്തു വന്നത്. ചൈനയുടെ മുന്നറിയിപ്പിനു ശേഷം മറ്റു പല രാജ്യങ്ങളും കോവിഡ്19 ന്റെ വ്യാപനം തടയുന്നതിന് ജാഗ്രമായപ്പോൾ കേന്ദ്ര ഗവണ്മെന്റിന്റെ മുൻഗണനകൾ ട്രംപിന്റേതു പോലെ അതായിരുന്നില്ല. പൗരത്വ ഭേദഗതി നിയമം, ദൽഹിയടക്കമുള്ള ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ, ട്രംപിന്റെയും കുടുംബത്തിന്റെയും ഇന്ത്യാ സന്ദർശനം തുടങ്ങിയവയായിരുന്നു നമ്മുടെ മുൻഗണന. പരിശോധനാ കിറ്റുകളുടെയും വെന്റിലേറ്ററുകളുടെയും ലാബുകളുടെയും ആശുപത്രികളുടെയും കാര്യത്തിൽ ട്രംപിനെ പോലെ തന്നെ നരേന്ദ്ര മോഡിയും അലസത കാട്ടി. ഏറ്റവുമൊടുവിൽ ഇവിടെ ഉൽപാദിപ്പിച്ച വെന്റിലേറ്ററുകൾ കരുതിവെക്കാതെ കൈനീട്ടിയ ആർക്കോ കയറ്റിയയക്കുകയും ചെയ്തു.  പൊതുജനാരോഗ്യ നയത്തിൽ മോഡി ഗവണ്മെന്റ് അടിസ്ഥാനപരമായി വരുത്തിയ തിരുത്തലിന്റെ പ്രത്യാഘാതം കൂടിയാണ് ഇത്.


ഈ നയവ്യത്യാസം കേരള ഗവണ്മെന്റിന്റെ പ്രവർത്തനവുമായി താരതമ്യം ചെയ്താൽ എളുപ്പത്തിൽ തിരിച്ചറിയും. സംസ്ഥാനത്തിന്റെ 20,000 കോടിയുടെ പ്രത്യേക പാക്കേജ്, 1,35,000 പേരുടെ കർമസേന,   സ്വകാര്യ ആശുപത്രികൾ ചികിത്സക്കായി  മാറ്റിവെപ്പിച്ചത്, സൗജന്യ ഭക്ഷണമടക്കം നൽകുന്ന ഒട്ടേറെ മാതൃകാ പദ്ധതികൾ. കേന്ദ്രമാകട്ടെ,  കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം അടച്ചുപൂട്ടലിനെ തകർക്കുംവിധം അപകടകരമായി കൈകാര്യം ചെയ്യുന്നതും നാം കണ്ടു.  ഇനിയെങ്കിലും മുൻ നിലപാടുകൾ തിരുത്തിയും അടിയന്തര ലക്ഷ്യബോധത്തോടെയും ശാസ്ത്രീയമായ രീതിയിൽ പ്രധാനമന്ത്രി മോഡിയുടെ ഭാഗത്തുനിന്നു തന്നെയാണ് രാജ്യത്തെ രക്ഷിക്കാനുള്ള നടപടികളുണ്ടാകേണ്ടത്.
കോവിഡ്19 എന്ന പുതിയ വൈറസ് ചൈനയിൽ പൊട്ടിപ്പുറപ്പെട്ടതും അതുമായി ഉയർന്ന വിവാദങ്ങളും വിശദമായി പഠനം അഭിസംബോധന ചെയ്യുന്നുണ്ട്. ചൈന വിവരം മറച്ചുവെച്ചതുകൊണ്ടും മുന്നറിയിപ്പു നൽകാത്തതുകൊണ്ടുമാണ് മഹാമാരി നേരിടേണ്ടിവന്നതെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമർശനം മന്ത്‌ലി റവ്യൂ തള്ളിക്കളയുന്നു. വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന്റെ മാസങ്ങൾക്കു മുമ്പു തന്നെ രോഗ നിയന്ത്രണ - തടയൽ കേന്ദ്രവുമായി ബന്ധപ്പെട്ട വിദഗ്ധനെ ചൈനയിൽനിന്ന് ട്രംപ് പിൻവലിച്ചിരുന്നു. അവിടെ എന്താണ് നടക്കുന്നത് എന്നറിയാനുള്ള നേരിട്ടുള്ള ബന്ധം വിഛേദിച്ചു. പകർച്ചവ്യാധി സംബന്ധിച്ച ദേശീയ സുരക്ഷാ സംഘത്തെയും ട്രംപ് വേണ്ടെന്നുവെച്ചു.  


 ജൈവായുധമായി നിർമിച്ചതോ വിതരണം ചെയ്തതോ അല്ല കൊറോണ വൈറസ്. ചൈനയിലെ വുഹാനിൽനിന്ന് എട്ടാഴ്ച കൊണ്ട് അത് മനുഷ്യവംശമാകെ പടർന്നു കയറുകയായിരുന്നു. 
വിദേശത്തുനിന്ന് കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കളുടെ വിതരണ മേഖലയിൽനിന്നാണ് വന്യജന്തുക്കളിൽനിന്നുള്ള പുതിയ കൊറോണ വൈറസ് മനുഷ്യനിലേക്കു പകർന്നത്. 
ഇത് ചൈനയിലെ മേഖലാ വിതരണ ശൃംഖലയിൽനിന്ന് മനുഷ്യനിൽനിന്ന് മനുഷ്യനിലേക്കുള്ള വൈറസ് ശൃംഖലയായി ലോകമാകെ വ്യാപിച്ചു. വിമാനങ്ങൾ വഴിയും തീവണ്ടികൾ വഴിയും ആഗോള തലത്തിൽ വലുതും ചെറുതുമായ നഗരങ്ങളിലേക്ക് 2002 ൽ ചൈനയിൽനിന്ന് സാർസ് കൊറോണ പടർന്നതിലും തീവ്രതയിൽ. മനുഷ്യവർഗം ഇത്തരമൊരു കെണിയിൽ പെട്ടതിന്റെ വസ്തുതകൾ ഇനിയും അറിയാനുണ്ടെന്നുകൂടി പഠനറിപ്പോർട്ട് വ്യക്തമാക്കുന്നു. 


ദരിദ്രരും അപരിഷ്‌കൃതരുമായ ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ആഫ്രിക്ക, ചില ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങൾ എന്നിവയാണ് മഹാമാരികളുടെ ഉറവിടങ്ങളെന്നാണ് ലോകം ധരിച്ചുവെച്ചിരുന്നത്. പകരം മൂലധന നിക്ഷേപത്തിന്റെ കാൽപാടുകളും ആഗോളീകരണ വികസനത്തിന്റെ നടപ്പാതകളുമാണ് വൈറസുകളുടെ മഹാമാരി ലോകത്താകെ ഇപ്പോൾ പരത്തുന്നത്. വുഹാനിൽനിന്നു തുടങ്ങി ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനമിരിക്കുന്ന ലോക വികസനത്തിന്റെ മഹാനഗരങ്ങളായ ന്യൂയോർക്കും ലണ്ടനും ഹോങ്കോംഗും നവ കോവിഡ് വൈറസിന്റെ പ്രഭവകേന്ദ്രമായി ഇപ്പോൾ മാറി. വളരെ ആഴത്തിൽ പഠിക്കാനും ചിന്തിക്കാനും ഈ പ്രതിഭാസം വഴിതുറക്കുന്നു. ആഗോളീകരണത്തിന്റെ ഭാഗമായി വികസിച്ച ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളുടെ പുതിയ ഭക്ഷ്യവിതരണ ശൃംഖല, വന്യജീവികളുടെ മാംസാഹാരത്തോടുള്ള ലഹരി, തത്തുല്യമായ ചില സസ്യാഹാരങ്ങൾ ഇവ കഴിഞ്ഞ ചില ദശകങ്ങളിലായി നമ്മുടെ രാജ്യത്തടക്കം മനുഷ്യ പ്രതിരോധ ശക്തി തകർത്തിരിക്കുന്നു. 
ആവാസ വ്യവസ്ഥയിൽ മനുഷ്യരും അവരുടെ വികസനവും സൃഷ്ടിച്ച അനിയന്ത്രിതവും നിയമ വിരുദ്ധവുമായ കൈകടത്തലുകൾ. ഉഷ്ണമേഖലയിലെ വനനശീകരണം. വന്യവ്യവസ്ഥയിൽ പ്രകൃതി നിലനിർത്തിപ്പോന്ന രോഗാണുക്കളെ നശിപ്പിക്കുന്ന ജീവജാലങ്ങളുടെ നാശം.

ഇതൊക്കെ പുതിയ സാഹചര്യത്തിന് കാരണമായതായി മന്ത്‌ലി റവ്യൂ പഠനം വിശദീകരിക്കുന്നു. എബോള, സിക്ക, മലേറിയ, മഞ്ഞപ്പനി എന്നിവ വീണ്ടും പുനർജനിക്കുന്നു. ഹെപ്പറ്റൈറ്റിസ് ഇ, ലിസ്റ്റീറിയ, നിപ വൈറസ്, ക്യൂ ഫിവർ, സാൽമോനെല്ല, വിബ്രിയോ, യെർസീനിയ കൂടാതെ 2009 ൽ കണ്ട എച്ച്1 എൻ1 തുടങ്ങി എച്ച്9 എൻ2 വരെ ഉള്ള മാരകരോഗ പരമ്പരകൾ.  ഇതെല്ലാം നമ്മുടെ ആവാസ വ്യവസ്ഥ തകർത്ത് മൂലധനത്തിന്റെ യാത്രാവഴികളിലൂടെ കുതിക്കുകയാണ്. സഞ്ചാരികളും നിക്ഷേപകരും ബിസിനസുകാരും ലാഭം കൊയ്യുന്ന ഇടത്തട്ടുകാരുമൊക്കെ ഈ മാരക രോഗങ്ങളുടെ വാഹകരാണ്. കോവിഡ് 19 ഉം  മൂലധനത്തിന്റെ പരിക്രമണ വഴികളും എന്ന മന്ത്‌ലി റവ്യൂവിന്റെ  പഠന റിപ്പോർട്ടിന്റെ തലക്കെട്ടു തന്നെ സ്വയം സംസാരിക്കുന്നു. മൂലധന നിക്ഷേപത്തിന് മനുഷ്യ വംശത്തെ കീഴ്‌പ്പെടുത്തിയ ലോകം മനുഷ്യ വംശത്തിന്റെ നിലനിൽപിനായുള്ള പുതിയൊരു ലോകക്രമത്തിലേക്ക് വരേണ്ടതിന്റെ കാഹളമാണ് ഈ മഹാമാരി സൃഷ്ടിച്ച ആഗോള രോദനത്തിനകത്തു നിന്ന് യഥാർത്ഥത്തിൽ ഇപ്പോൾ ഉയരുന്നത്. 

Latest News