Sorry, you need to enable JavaScript to visit this website.

മോഡിയുടെ മെഴുകുതിരി കത്തിക്കല്‍; മാധ്യമങ്ങള്‍ രാഷ്ട്രീയ കോലാഹലമുണ്ടാക്കേണ്ട അവസരമല്ലെന്ന് മമത ബാനര്‍ജി


കൊല്‍ക്കത്ത- കൊറോണ ലോക്ക്ഡൗണിനിടെ രാത്രി ഒന്‍പത് മണിക്ക് മെഴുകുതിരി തെളിയിക്കണമെന്ന പ്രധാനമന്ത്രി  മോഡിയുടെ പ്രസ്താവനയില്‍ അഭിപ്രായം ചോദിച്ച മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊറോണ വൈറസിനെ മറികടക്കുന്നത് സംബന്ധിച്ച് ആലോചിച്ചുകൊണ്ടിരിക്കുന്നതിനിടെ ഓരോരുത്തരുടെയും വ്യക്തിപരമായ അഭിപ്രായങ്ങളില്‍ നിലപാട് ചോദിച്ച് രാഷ്ട്രീയ കോലാഹലങ്ങള്‍ ഉണ്ടാക്കുകയാണ് മാധ്യമങ്ങളെന്ന് അവര്‍ ആരോപിച്ചു.

 ഓരോരുത്തരും ഈ വിഷയത്തില്‍ വ്യക്തിപരമായ തീരുമാനങ്ങളെടുക്കുകയാണ് വേണ്ടത്. പ്രധാനമന്ത്രി മോഡി അദ്ദേഹത്തിന്റെ മനസിലുള്ളതാണ് നമ്മളോട് പറയുന്നത്. ഞാന്‍ എന്റെ മനസിലുള്ളതും പറയും. മോഡി പറഞ്ഞത് ശരിയാണെന്ന് തോന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അത് ചെയ്യാം. അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങളാണ്.രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാഷ്ട്രീയ യുദ്ധത്തിന് തിരികൊളുത്തരുതെന്നും മാധ്യമങ്ങളോട് മമത പറഞ്ഞു. പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങളെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കുക. മറ്റുള്ളവരുടെ കാര്യങ്ങളില്‍ താന്‍ എന്തിന് ഇടപെടണം. കൊറോണ വൈറസിനെ അതിജീവിക്കുന്നതിനെ കുറിച്ചാണ് താന്‍ ആലോചിക്കുന്നത്. മാധ്യമങ്ങള്‍ ഈ സമയത്ത് രാഷ്ട്രീയ കോലാഹലങ്ങള്‍ ഉണ്ടാക്കാനാണോ ആഗ്രഹിക്കുന്നതെന്നും അവര്‍ ചോദിച്ചു.

 ഏപ്രില്‍ അഞ്ചിന് രാത്രി വൈകീട്ട് കൊറോണ വ്യാപനത്തെ നേരിടുന്നതിനോടുള്ള ആദരസൂചകമായി എല്ലാവരും ലൈറ്റണയ്ക്കുകയും മെഴുകുതിരി കത്തിക്കുകയും വേണമെന്നാണ് പ്രധാനമന്ത്രി മോഡി ആവശ്യപ്പെട്ടത്. ഈ വിഷയത്തില്‍ നിലപാട് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് മറുപടി പറയുകയായിരുന്നു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി. ലോക്ക് ഡൗണില്‍ ആയിരക്കണക്കിന് കോടി രൂപയാണ് നമുക്ക് നഷ്ടമായത്. യാതൊരു വരുമാനവും ലഭിക്കുന്നില്ല. എന്നാല്‍ ഭീമമായ ചിലവാണ് ഉണ്ടാകുന്നത്. എന്നിരുന്നാലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും തങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചുവെന്നും മമതബാനര്‍ജി പറഞ്ഞു. 35.10 ലക്ഷം രൂപയാണ് രണ്ട് മാസത്തെ സാമൂഹ്യ പെന്‍ഷനായി സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
 

Latest News