Sorry, you need to enable JavaScript to visit this website.

മാഹിയിൽ സംഘംചേർന്ന് സി.പി.എം  കിറ്റ് വിതരണം; പോലീസ് കേസെടുത്തു  

മാഹി- കർഫ്യു ലംഘിച്ച് വീടുകളിൽ കിറ്റ് വിതരണം നടത്തിയതിന് മാഹി എം.എൽ.എ ഡോ. വി. രാമചന്ദ്രനും പത്തോളം സി.പി.എം പ്രവർത്തകർക്കുമെതിരെ മാഹി പോലീസ് കേസെടുത്തു. 
ഐ.പി.സി 188, 269, ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട്, 1897 ലെ പകർച്ചവ്യാധി വ്യാപന നിരോധന നിയമം എന്നിവ അനുസരിച്ചാണ് കേസെടുത്തത്.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാറിന്റെ കലക്ഷൻ സെന്റർ വഴി മാത്രമേ കിറ്റുകൾ വിതരണം ചെയ്യാൻ പാടുള്ളൂ വെന്ന് എം.എൽ.എ ഉൾപ്പെട്ട സർവകക്ഷി യോഗത്തിൽ തീരുമാനിച്ചതായിരുന്നു. എന്നാൽ കർഫ്യു ലംഘിച്ച് എം.എൽ.എയുടെ പേരിൽ നോട്ടീസടിച്ച് കിറ്റുകൾക്കൊപ്പം വീടുകളിൽ സി.പി.എം പ്രവർത്തകർ എത്തിച്ചപ്പോൾ മയ്യഴി കടലോരത്ത് വെച്ച് ഇതര രാഷ്ട്രീയക്കാർ തടഞ്ഞു. തുടർന്ന് പോലീസെത്തി വാഹനം തിരിച്ചയക്കുകയായിരുന്നു. രോഗവ്യാപനത്തിന് ഇടയാക്കും വിധം പെരുമാറിയതിനും നിരോധനാജ്ഞ ലംഘിച്ചതിനു മെതിരെ ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ രമേശ് പറമ്പത്ത് നൽകിയ പരാതിയിലാണ് കേസ്.


ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യാൻ സംഘം ചേർന്ന 15 സി.പി.എം പ്രവർത്തകർക്കെതിരെ നടപടി വേണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ്  പ്രസിഡന്റ് രമേശ് പറമ്പത്ത് മാഹി അഡ്മിനിസ്‌ട്രേറ്റർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. കോവിഡ് രോഗത്തെ തുടർന്ന് മാഹി സബ് ഡിവിഷനൽ മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റർ പ്രഖ്യാപിച്ച 1887 ലെ പകർച്ചവ്യാധി വ്യാപന പ്രതിരോധ നിയമം ലംഘിച്ചാണ് ഇവർ സംഘം ചേർന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. 
സന്നദ്ധ സംഘടനകളും പൊതു കൂട്ടായ്മകളും രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും ഭക്ഷ്യസാധനങ്ങളുടെ കിറ്റുകൾ കലക്ഷൻ സെന്ററുകളിൽ നൽകി നിയമം പാലിക്കുകയാണ്. രോഗവ്യാപനത്തിനെതിരെ സംഘടനകൾ സർക്കാരിനൊപ്പം നിൽക്കുമ്പോഴാണ് ഒരു സംഘം സി.പി.എം പ്രവർത്തകർ നിയമം ലംഘിച്ച്  കിറ്റ് വിതരണം നടത്തിയത്. ഇതു ഗുരുതര വീഴ്ചയാണെന്നും അധികൃതരുടെ ജാഗ്രത കുറവും കറ്റകരമായ അനാസ്ഥയും നിയമ ലംഘനവുമാണെന്ന് ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പറഞ്ഞു.


ജനങ്ങളിൽനിന്നും എം.എൽ.എ എന്ന നിലയിൽ സമാഹരിച്ച കിറ്റുകൾ സർക്കാർ തീരുമാനമനുസരിച്ച് ഉടൻ തന്നെ സർക്കാർ സംവിധാനത്തിലൂടെ വിതരണം ചെയ്യണമെന്നും രാഷ്ട്രിയ ഭേദമില്ലാതെ പൊതുജനത്തിൽനിന്നും പിരിച്ചെടുത്ത പണം കൊണ്ട് സംഭരിച്ച കിറ്റുകൾ ആരുടെയും രാഷ്ട്രീയ താൽപര്യങ്ങൾക്ക് വിധേയമാക്കരുതെന്നും പരാതിയിൽ ആവശ്യപ്പെട്ടു. 
പുതുച്ചേരിയിൽ സമാന സംഭവത്തിൽ ഭരണപക്ഷ എം.എൽ.എക്കെതിരെ പോലും കേസെടുത്ത കാര്യവും പരാതിയിൽ സൂചിപ്പിച്ചു. രോഗത്തിന്റെ ഗൗരവം അവഗണിച്ച് സാമൂഹിക വ്യാപനത്തിന് സാധ്യത സൃഷ്ടിച്ച് ചിലരുടെ രാഷ്ട്രീയ താൽപര്യത്തിന് മുന്നിൽ എം.എൽ.എ തരംതാണത് സ്ഥാനത്തിന് ചേർന്നതല്ലെന്നും രമേഷ് പറമ്പത്ത് കുറ്റപ്പെടുത്തി.


 

Latest News