Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രി പറഞ്ഞു, അനുസരിച്ചു


ഇന്ത്യയിൽ ലോക്ഡൗൺ ആരംഭിച്ച് ഒരാഴ്ചയേ ആയിട്ടുള്ളൂ. അപൂർവം ചില സ്ഥലങ്ങളിൽ ആളുകൾ കൂടുന്നതിന് തടസ്സമുണ്ടായിരുന്നുവെന്നത് നേര്. എന്നാൽ ധാരാളം പേർ പങ്കെടുത്ത നിരവധി സംഭവങ്ങൾ മാർച്ച് മാസത്തിൽ നടന്നിട്ടുണ്ട്. തൊട്ടടുത്ത കർണാടകയിൽ മുഖ്യമന്ത്രി യെദ്യൂരപ്പ പങ്കെടുത്ത ആഡംബര വിവാഹം സാമനതകളില്ലാത്തതാണ്. ഭോപാലിൽ കോൺഗ്രസിന്റെ രാജകുമാരനെ തിരിച്ചു കിട്ടിയതും വലിയ ആഘോഷമായിരുന്നു. അയോധ്യയിൽ യോഗിജിയും നടത്തി ചില കലാപരിപാടികൾ. തിരുവനന്തപുരത്തെ പാർലമെന്റ് അംഗം ശശി തരൂരിന്റെ മകൻ പറഞ്ഞാൽ കേൾക്കാത്ത അച്ഛൻ പാർലമെന്റിൽ പോകുന്നതിനെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടും നാളുകളേറെയായിട്ടില്ല. ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ നിത്യേന സമ്മേളിച്ചത് 800 ലേറെ അംഗങ്ങൾ, അതിന്റെ ഇരട്ടി ജീവനക്കാർ, നൂറുകണക്കിന് മാധ്യമ പ്രവർത്തകർ. ബോളിവുഡ് ഗായിക വിദേശത്ത് തിരിച്ചെത്തിയപ്പോൾ നടത്തിയ ലഖ്‌നൗവിലെ സദ്യയിൽ പങ്കെടുത്തവരാകട്ടെ അതിപ്രശ്‌സത വ്യക്തികളും. 


ഇന്ത്യയിൽ അടച്ചു പൂട്ടൽ നടപ്പാക്കിയ ശേഷം നമ്മെ ഏറെ വേദനിപ്പിച്ച ചിത്രമാണ് കൂട്ട പലായനം. ദൽഹിയിൽ നിന്ന് ഉത്തര, പൂർവേന്ത്യയുടെ പല ഭാഗങ്ങളിലേക്കും ആയിരങ്ങൾ നടന്നു. പലരും തളർന്നു വീണു. അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇതിന്റെ ചിത്രങ്ങൾ വന്നത് നാണക്കേടായി. അപ്പോഴാണ് ദൽഹി നിസാമുദ്ദീൻ വാർത്തകളിൽ സ്ഥാനം പിടിക്കുന്നത്. മോഡി ഭരണം വരാനായി ടെലിവിഷൻ ചാനലിലിരുന്ന് ആക്രോശിച്ച അർണബ് ഗോസ്വാമിയുടെ കഴിഞ്ഞ ദിവസത്തെ അട്ടഹാസത്തിന് തീവ്രത ഏറെയായിരുന്നു. എവിടെ എന്റെ നേതാക്കൾ, എല്ലാറ്റിനെയും കൈകാര്യം ചെയ്യൂ എന്നതാണ് അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള സ്പീച്ചിന്റെ കാതൽ. തലസ്ഥാന നഗരിയിൽ നിന്ന് നിസ്സഹായരായ ആയിരങ്ങൾ കൈക്കുഞ്ഞുമായി നടന്നവശരായതിന്റെ ക്ഷീണം  ദേശീയ മാധ്യമങ്ങൾക്ക് മാറിക്കിട്ടാനിടയാക്കിയത് നിസാമുദ്ദീൻ മർകസിലെ തബ്‌ലീഗ് സമ്മേളനമാണ്.  ഇതിന്റെ മറവിൽ വർഗീയ ധ്രുവീകരണം നടത്താൻ അനുവദിക്കില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്. അങ്ങനെ നിലപാട് വ്യക്തമാക്കിയ ഇന്ത്യയിലെ ഏക ഭരണാധികാരി പിണറായിയാണ്. 


കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതി നിലനിൽക്കേ ദൽഹി  പോലീസും ദൽഹി സർക്കാറും പരിപാടികൾ സംഘടിപ്പിക്കരുതെന്ന് തബ്‌ലീഗ്  ജമാഅത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. മർകസ് നിസാമുദ്ദീൻ ഒഴിപ്പിക്കാനും നിർദേശിച്ചിരുന്നുവെന്നും പോലീസും സർക്കാറും പറയുന്നു. കെട്ടിടത്തിലുള്ളവർ ലോക്ഡൗൺ പ്രഖ്യാപനത്തിന് മുമ്പ് എത്തിയവരാണ്. ആ സമയത്ത്  പ്രധാനമന്ത്രി നിർദേശിച്ചത് നിങ്ങൾ എവിടെയാണോ ഉള്ളത് അവിടെ തന്നെ കഴിയാനാണ്. ഇതാണ് കെട്ടിടം ഒഴിയാൻ നോട്ടീസ് നൽകിയ പോലീസിന് സംഘാടകർ നൽകിയ മറുപടി.
തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് രോഗം സ്ഥിരീകരിച്ചതോടെ വെട്ടിലായത്  ഇന്ത്യൻ റെയിൽവേയാണ്. തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് ആളുകളാണ് അഞ്ച് ട്രെയിനുകളിലായി സഞ്ചരിച്ചത്. ഇതിൽ പലരുടെയും പരിശോധനാ ഫലം പോസിറ്റീവാണ്. മാർച്ച് 13 നും 19 നും ഇടയിൽ ദൽഹിയിൽ  നിന്നും പുറപ്പെട്ടിട്ടുള്ള ട്രെയിനുകളാണ്. 


ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലേക്കുള്ള തുരന്തോ എക്‌സ്പ്രസ്, ചെന്നൈയിലേക്കുള്ള ഗ്രാൻഡ് ട്രങ്ക് എക്‌സ്പ്രസ്, ചെന്നൈയിലേക്കുള്ള തമിഴ്‌നാട് എക്‌സ്പ്രസ്, ദൽഹി -  റാഞ്ചി രാജധാനി എക്‌സ്പ്രസ്, എപി സമ്പർക്ക് ക്രാന്തി എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലാണ് നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തവർ മടങ്ങിയത്. എന്നാൽ ഇവരുമായി എത്ര പേർ സമ്പർക്കം പുലർത്തി എന്നത് സംബന്ധിച്ച് ഇന്ത്യൻ റെയിൽവേയുടെ പക്കൽ കൃത്യമായ കണക്കുകളുമില്ല. 1000 നും 1200 നും ഇടയിൽ യാത്രക്കാർ ട്രെയിനിൽ ഉണ്ടായിരിക്കാമെന്നാണ് ഊഹം.  ഇന്ത്യൻ റെയിൽവേ യാത്രക്കാരുടെ പട്ടിക ജില്ലാ അധികൃതർക്ക് കൈമാറാനാണ് നിർദേശിച്ചിട്ടുള്ളത്. ഇതോടെ പരിപാടിയിൽ പങ്കെടുത്തവരെ തിരിച്ചറിഞ്ഞ് സമ്പർക്കം പുലർത്തിയവരെ കണ്ടെത്താമെന്ന ആലോചനകളാണ് ഇപ്പോഴുള്ളത്. പരിപാടി കഴിഞ്ഞ് മാർച്ച് 13 ന് എപി സമ്പർക്ക് ക്രാന്തി എക്‌സ്പ്രസിൽ കരീം നഗറിലെത്തിയ പത്ത്  ഇന്തോനേഷ്യക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 
 മലേഷ്യൻ യുവതിക്ക് രോഗം സ്ഥിരീകരിച്ച ദൽഹി-റാഞ്ചി രാജധാനി എക്‌സ്പ്രസിലെ ബി1 കോച്ചിൽ സഞ്ചരിച്ച 60 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരും നിസാമുദ്ദീനിലെ സംഘത്തിന്റെ ഭാഗമാണെന്നാണ് കരുതുന്നത്. മാർച്ച് 16 ന് 26 പേർക്കൊപ്പമാണ് യുവതി സഞ്ചരിച്ചത്. ജാർഖണ്ഡിൽ നിന്ന് റിപ്പോർട്ട് ചെയ്ത ആദ്യത്തെ കേസാണിത്. 


ഇന്ത്യയിലെ തിരക്കേറിയ രണ്ട് റെയിൽവേ സ്‌റ്റേഷനുകളാണ് ഹസ്രത്ത് നിസാമുദ്ദീനും ന്യൂദൽഹിയും. നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പേ ഇവർ സഞ്ചരിച്ചതാണ് റെയിൽവേക്കും വെല്ലുവിളിയാവുന്നത്. 56 ദീർഘദൂര ട്രെയിനുകളാണ് നിത്യേന ഹസ്രത്ത് നിസാമുദ്ദീൻ സ്‌റ്റേഷനിൽ നിന്ന് പുറപ്പെടുന്നത്. മറ്റിടങ്ങളിൽ നിന്ന് വരുന്ന 130 ട്രെയിനുകൾ ഇവിടെ തങ്ങുകയും ചെയ്യുന്നുണ്ട്. ന്യൂദൽഹി സ്‌റ്റേഷനിൽ നിന്ന് 62 ട്രെയിനുകളാണ് പ്രതിദിനം യാത്ര ആരംഭിക്കുന്നത്. 
തമിഴ്‌നാട്ടിൽ  110 പേർക്ക് കൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.  മടങ്ങിയെത്തിയവരിൽ 190 പേർക്കാണ് സംസ്ഥാന കൊറോണ ബാധിച്ചിട്ടുള്ളത്. കോയമ്പത്തൂരിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 


നിസാമുദ്ദീനിലെ മർകസിൽ സംഘടിപ്പിച്ച തബ്‌ലീഗ് സമ്മേളനത്തിൽ ഇന്തോനേഷ്യയിൽ നിന്നും മലേഷ്യയിൽ നിന്നുമടക്കം 2000 ലധികം പേരായിരുന്നു പങ്കെടുത്തത്. മാർച്ച് 1 മുതൽ 15 വരെയായിരുന്നു സമ്മേളനം നടന്നത്. തെലങ്കാനയിൽ കൊറോണ ബാധിച്ച് മരിച്ച ആറ് പേർ ഇവിടം സന്ദർശിച്ച് മടങ്ങിയെത്തിയതാണെന്ന് വ്യക്തമായതോടെയാണ് ഇവിടെ ശ്രദ്ധാ കേന്ദ്രമാവുന്നത്. പിന്നീട് ഇവിടെ നിന്നും രാജ്യത്തിന്റെ പല ഭാഗത്തും എത്തിയവർക്ക് കൊറോണ രോഗം സ്ഥിരീകരിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരികയായിരുന്നു. പിന്നാലെ നിസാമുദ്ദീൻ രാജ്യത്ത് കൊറാണ സ്‌പോർട്ടായി മാറുകയായിരുന്നു. പങ്കെടുത്തവരിൽ ഏറ്റവും കൂടുതൽ പേർക്ക് കൊറോണ സ്ഥിരീകരിച്ചത് തമിഴ്‌നാട്ടിലാണ്. തമിഴ്‌നാട്ടിൽ നിന്നാണ് ഏറ്റവും വലിയ സംഘവും ഇവിടെയെത്തിയത്. ചടങ്ങിൽ പങ്കെടുത്തവരിൽ ഇനിയും 800 പേരെ കണ്ടെത്താനുണ്ടെന്നാണ് തമിഴ്‌നാട് സർക്കാറിന്റെ പ്രാഥമിക കണ്ടെത്തൽ. നിസാമുദ്ദീനിൽ പോയി വന്നവരിൽ ആന്ധ്രപ്രദേശിൽ 24 പേർക്കും ദൽഹിയിൽ 70 പേർക്കും തെലങ്കാനയിൽ 21 പേർക്കും അന്തമാനിൽ 10 പേർക്കും അസമിൽ രണ്ട് പേർക്കും പോണ്ടിച്ചേരിയിലും കശ്മീരിലും ഓരോരുത്തർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. 


നിസാമുദ്ദീൻ സമ്മേളനം സംഘടിപ്പിച്ചവരെ പറ്റി കാര്യമായ അറിവില്ല. ഇക്കൂട്ടത്തിൽ പ്രൊഫസർമാരും എൻജീനിയർമാരും ഡോക്ടർമാരുമുണ്ടെന്നാണ് കേൾവി. സമൂഹത്തിലെ മധ്യവർഗ കുടുംബങ്ങളിലും സമ്പന്നരിലുമാണ് സ്വാധീനമെന്നും പറയുന്നു. രാജധാനിയിലും വിമാനത്തിലും യാത്ര ചെയ്യാനൊക്കെ സാധിക്കുന്നവർ. വളരെ അത്യാവശ്യമല്ലായിരുന്നുവെങ്കിൽ നിസാമുദ്ദീനിലെ സമ്മേളനം എല്ലാം കെട്ടടങ്ങിയിട്ട് നടത്തിയാലും മതിയായിരുന്നുവല്ലോ. സൗദി അറേബ്യ ഉംറ തീർഥാടനം പോലും നിർത്തിവെച്ച കാലമാണെന്ന് ഇവരെന്തേ അറിയാതെ പോയത്?  അതുപോലെ പള്ളികളിലെ നമസ്‌കാരം പോലും നിർത്തിയിട്ടും ആഴ്ചകളായി. ടെലിവിഷനും പത്രങ്ങളും മൊബൈൽ ഫോണുകളുമൊന്നും ഉപയോഗിക്കുന്ന മനുഷ്യർക്കെല്ലാം സവിശേഷ സാഹചര്യത്തെ കുറിച്ച് ഉത്തമ ബോധ്യമുണ്ട്. 


കോവിഡ്19 ഹോസ്പിറ്റൽസ് ടാസ്‌ക് ഫോഴ്‌സ് കൺവീനറും അസോസിയേഷൻ ഓഫ് ഹെൽത്ത് കെയേഴ്‌സ് പ്രൊവൈഡേഴ്‌സിന്റെ സ്ഥാപകനായ ഗിർധർ ഗ്യാനി പറയുന്നത് കൊറോണ വൈറസ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നാണ്. ഔദ്യോഗികമായി നമ്മൾ കോവിഡ് വ്യാപനത്തിന്റെ മൂന്നാം സ്‌റ്റേജെന്ന് പറയുന്നില്ലെങ്കിലും അതാണ് സത്യം. കാര്യങ്ങൾ മൂന്നാം ഘട്ടത്തിന്റെ തുടക്കത്തിൽ എത്തിയിരിക്കുന്നു. ഇനി വരാനിരിക്കുന്ന അഞ്ച് മുതൽ പത്തു വരെയുള്ള ദിവസങ്ങൾ അതി നിർണായകമാണെന്നും അദ്ദേഹം പറയുന്നു. ഇതുവരെ രോഗ ലക്ഷണങ്ങൾ കാണിക്കാത്തവർ അത് കാണിച്ചു തുടങ്ങുന്ന ദിവസങ്ങൾ. നാം അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണിത്. 

Latest News