ദമാം- അൽകോബാർ റാക്കയിൽ മലയാളി കുത്തേറ്റ് മരിച്ച കേസിൽ ഒരാളെ പോലീസ് പിടികൂടി. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയും സ്വകാര്യ കോൺട്രാക്ടിങ് കമ്പനിയിലെ ജോലിക്കാരനായ വിഴിഞ്ഞം സ്വദേശി സന്തോഷ് പീറ്റർ(32)ണ് കൊല്ലപ്പെട്ട കേസിലാണ് കൊല്ലം സ്വദേശി സക്കീറിനെ പിടികൂടിയത്. ഇന്നലെ വൈകിട്ട് ഏഴിന് ജോലി കഴിഞ്ഞതിനു ശേഷം താമസ സ്ഥലത്തു എത്തിയ പീറ്ററും സുഹൃത്തുക്കളും ഒന്നിച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വാക്കേറ്റത്തിനിടെ കൊല്ലം സ്വദേശി സക്കീർ കത്തിയെടുത്തു കുത്തുകയായിരുന്നു. സന്തോഷ് തൽക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന കോട്ടയം മണിമല സ്വദേശി ജൂജിൻ വർഗീസിനും പരിക്കേറ്റു. ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചതോടെ അപകടനില തരണം ചെയ്തു. പ്രതിയെ വൈകിട്ട് കോർണിഷിൽ വെച്ച് പോലീസ് പിടികൂടി. മൊബൈൽ ഫോൺ പിന്തുടർന്നാണ് ഇയാളെ പിടികൂടിയത്.