രാജ്യത്ത് 2547 കോവിഡ് രോഗികള്‍; മരണം 62

ന്യൂദല്‍ഹി- രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2,547 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 62 പേര്‍ ഇതുവരെ മരണപ്പെട്ടു. 2322 പേര്‍ ചികിത്സയിലാണ്. 162 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് എ‌എന്‍‌ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 478 പേര്‍ക്കാണ് ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചത്. ഇതുവരെയുള്ള കണക്കുകള്‍വച്ച് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഇന്ന് ഉണ്ടായത്. ഇന്ന് സ്ഥിരീകരിച്ച കേസുകളില്‍ അധികവും ദല്‍ഹിയിലെ നിസാമുദ്ധീനില്‍ തബ്‌ലീഗ് ജമാ‌അത് ആസ്ഥാനത്ത് പരിപാടിയില്‍ പങ്കെടുത്തവരുമായി ബന്ധപ്പെട്ടാണ്.

അതിനിടെ,  മുംബൈ വിമാനത്താവളത്തില്‍ ജോലിയിലുണ്ടായിരുന്ന 11 സിഐഎസ്എഫ് ജവാന്മാര്‍ക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് 42 ജവാന്മാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ വിവിധ ജില്ലകളിലായി 423 പേര്‍ക്കാണ് ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതില്‍ 253 പേര്‍ മുംബൈയില്‍നിന്ന് ഉള്ളവരാണ്.  രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും മഹാരാഷ്ട്രയിലാണ്. 20 പേരാണ് ഇതുവരെ കോവിഡ് 19 ബാധിച്ച് സംസ്ഥാനത്ത് മരണപ്പെട്ടത്.

Latest News