അരിസോണ- കൊറോണ വൈറസ് രോഗം തടയാന്‍ കഴിയുമായിരുന്ന ദുരന്തമാണെന്ന് വിഖ്യാത അമേരിക്കന്‍ ചിന്തകന്‍ നോം ചോംസ്കി. രാഷ്ട്രീയ സംവിധാനങ്ങളുടെ വഞ്ചനയാണ് പ്രതിസന്ധിയെ കൂടുതൽ വഷളാക്കിയത്. ഏറ്റവും മോശമായി വൈറസ് വ്യാപനം കൈകാര്യം ചെയ്തത് അമേരിക്കയും ബ്രിട്ടനുമാണ്. തന്റെ ഓഫീസില്‍ സെല്‍ഫ് ഐസൊലേഷനില്‍ കഴിയുന്ന 91 കാരനായ ചോംസ്കി ക്രൊയേഷ്യൻ തത്ത്വചിന്തകനും എഴുത്തുകാരനുമായ സ്രെക്കോ ഹൊർവത്തുമായുള്ള സംഭാഷണത്തിലാണ് അമേരിക്കന്‍ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്.
'കൊറോണ മഹാമാരി തടയാൻ കഴിയുമായിരുന്നു, അത് തടയാനുള്ള വിവരങ്ങൾ ലഭ്യമായിരുന്നു. വാസ്തവത്തിൽ, 2019 ഒക്ടോബറിൽതന്നെ ഇത് അറിയാമായിരുന്നു. ഇത് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്തന്നെ യുഎസില്‍ ഇത്തരം മഹാമാരികളുടെ വ്യാപനം മുന്നില്‍കണ്ട് വലിയ തോതിലുള്ള ഒരു സിമുലേഷൻ ഉണ്ടായിരുന്നു.' വേൾഡ് ഇക്കണോമിക് ഫോറവും ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനും ചേര്‍ന്ന് 'ഇവന്റ് 201' എന്ന പേരില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഡിസംബർ 31ന്, ന്യൂമോണിയ പോലുള്ള ഒരു അജ്ഞാത രോഗത്തെകുറിച്ച് ചൈന ലോകാരോഗ്യ സംഘടനയെ അറിയിച്ചു. ഒരാഴ്ചയ്ക്ക് ശേഷം ചില ചൈനീസ് ശാസ്ത്രജ്ഞർ വൈറസിനെ തിരിച്ചറിഞ്ഞു. മാത്രമല്ല, വൈറസിനെ സംബന്ധിച്ച വിവരങ്ങള്‍ ക്രമീകരിച്ച് അവർ ലോകത്തിന് നൽകി. അപ്പോഴാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടുകൾ വായിക്കാന്‍ പോലും പ്രയാസപ്പെടുന്ന നമ്മുടെ വൈറോളജിസ്റ്റുകൾ ഒരു കൊറോണ വൈറസ് ഉണ്ടെന്നും അത് കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അറിയുന്നത്. ചോംസ്കി പരിഹസിച്ചു.
എന്നാല്‍ അവർ എന്തെങ്കിലും ചെയ്തോ? ഒന്നും ചെയ്തില്ല. രാഷ്ട്രീയ സംവിധാനങ്ങളുടെ വഞ്ചനയാണ് പ്രതിസന്ധിയെ കൂടുതൽ വഷളാക്കിയത്, അവർ അറിയുന്ന വിവരങ്ങളിൽ ശ്രദ്ധ ചെലുത്തുന്നില്ല. ഒരു പ്രതിസന്ധിയുമില്ല, ഇത് ഇന്‍ഫ്ലുവന്‍സ പോലുള്ള ഒരു രോഗമാണെന്നായിരുന്നു ട്രംപ് പറഞ്ഞത്. പക്ഷെ, തുടര്‍ന്ന് വന്നത് ഭയാനകമായ പ്രതിസന്ധിയാണ്. എനിക്ക് തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ളതിനാല്‍ അടുത്ത ദിവസം മുതല്‍ പണി തുടങ്ങണമെന്ന് ചിന്തിക്കുന്നവരുടെ കൈകളിലാണ് ലോകം എന്നത് ഞെട്ടിക്കുന്നതാണ്. ചോംസ്കി തുറന്നടിച്ചു.
മഹാമാരി അവസാനിച്ചുകഴിഞ്ഞാലും ലോകത്ത് നിര്‍ണായകമായ രണ്ട് വെല്ലുവിളികളായ ആണവയുദ്ധ ഭീഷണികളും ആഗോളതാപനവും നിലനില്‍ക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.