കേരളത്തില്‍ ഒമ്പതു പേര്‍ക്കു കൂടി കോവിഡ്; ടെസ്റ്റിംഗ് വിപുലമാക്കും

തിരുവനന്തപുരം- സംസ്ഥാനത്ത് ഇന്ന് ഒമ്പതു പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഏഴുപേര്‍ കാസര്‍കോട് സ്വദേശികളും തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓരോരുത്തർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നുപേര്‍ ഡല്‍ഹി നിസാമുദ്ദീനില്‍ തബ്‌ലീഗ് ജമാ‌അതിന് പങ്കെടുത്ത് മടങ്ങിവന്നതിനു ശേഷം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ്. ചികിത്സയിലായിരുന്ന 14 പേര്‍ക്ക് കൂടി ഇന്ന് രോഗം ഭേദമായി. കണ്ണൂർ 5, കാസർകോട് 3, ഇടുക്കി 2, കോഴിക്കോട് 2, പത്തനംതിട്ട 1, കോട്ടയം 1 എന്നിങ്ങനെയാണ് രോഗം മാറിയവരുടെ കണക്ക്. കൊറോണ അവലോകനയോഗത്തിന് ശേഷമുള്ള   വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

സംസ്ഥാനത്ത് ടെസ്റ്റിംഗ് കൂടുതല്‍ വിപുലവും വ്യാപകവുമാക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവില്‍ നാലഞ്ചു രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സ്രവങ്ങളാണ് പരിശോധനയ്ക്ക് എടുക്കുന്നത്. എന്നാല്‍ ഒന്നുരണ്ട് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ സാമ്പിളുകള്‍ എടുക്കാനും പരിശോധിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. റാപ്പിഡ് ടെസ്റ്റ് രീതിയും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇതുവരെ 295 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 1,69,997 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1,69,291 പേര്‍ വീടുകളിലാണ് കഴിയുന്നത്. 706 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ഇന്നുമാത്രം 154 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 9,131 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 8,126 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. 

Latest News