സന്ധ്യാസമയത്തു കുട്ടിമോനേയും കാത്തു തെരുവുനായ്ക്കള്‍

കുട്ടിമോന്‍ തെരുവുനായ്ക്കള്‍ക്കു ആഹാരം നല്‍കുന്നു.

കല്‍പറ്റ-ലോക്ഡൗണ്‍ കാലത്തു തെരുവുനായ്ക്കള്‍ക്കു ഭക്ഷണം നല്‍കി സമൂഹികപ്രവര്‍ത്തകന്‍. മാര്‍ക്കറ്റ് റോഡിലെ വടക്കേത്തൊടി നൗഷാദാണ്(കുട്ടിമോന്‍) കോവിഡ് കാലത്തു തെരുവുനായ്ക്കളുടെ രക്ഷകനായത്. നഗരത്തിലെ പുതിയസ്റ്റാന്‍ഡ്, പിണങ്ങോട് ജംഗ്ഷന്‍, എച്ച്.ഐ.എം. യു.പി സ്‌കൂള്‍ പരിസരം എന്നിവിടങ്ങളിലാണ്  തെരുവുനായ്ക്കള്‍ക്കായി ദിവസം ഒരു നേരം കുട്ടിമോന്റെ ഭക്ഷണ വിതരണം. ചോറും വേവിച്ച ചിക്കന്‍ പാര്‍ട്‌സുമാണ് തെരുവുനായ്ക്കള്‍ക്കു നല്‍കുന്നത്. സന്ധ്യമയങ്ങുന്നതോടെയാണ് കുട്ടിമോന്‍ നായ്ക്കള്‍ക്കു ആഹാരവുമായി നഗരത്തില്‍ എത്തുന്നത്. അപ്പോഴേക്കും മൂന്നു പോയിന്റിലും നായ്ക്കള്‍ കൂട്ടമായി എത്തി കാത്തുനില്‍ക്കും. കുട്ടിമോന്‍ നല്‍കുന്ന ആഹാരം വയര്‍ നിറെയ കഴിച്ചശേഷമാണ് പലവഴിക്കു അവയുടെ മടക്കം.
യുവജനക്ഷേമബോര്‍ഡ് മുനിസിപ്പല്‍ യൂത്ത് കോ ഓര്‍ഡിനേറ്ററും  കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമാണ് കുട്ടിമോന്‍. വിശന്നൊട്ടിയ വയറുമായി തെരുവുനായ്ക്കള്‍ പീടികത്തിണ്ണകളില്‍ കിടക്കുന്നുകണ്ടപ്പോള്‍ തോന്നിയ അലിവാണ് ഭക്ഷണവിതരണത്തിനു പ്രചോദനമായതെന്നു കുട്ടിമോന്‍ പറഞ്ഞു. ലോക്ഡൗണ്‍ കഴിഞ്ഞു ഹോട്ടലുകളും മറ്റും തുറക്കുന്നതുവരെ തെരുവു നായ്ക്കള്‍ക്കു ഭക്ഷണം നല്‍കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. വീട്ടില്‍ പാകംചെയ്ത ചോറും ചിക്കന്‍പാര്‍ട്‌സുമാണ് നായ്ക്കള്‍ക്കു നല്‍കുന്നത്. നഗരത്തിലും പുറത്തുമുള്ള ചിക്കന്‍ കടകളില്‍നിന്നാണ് പാര്‍ട്‌സ് സംഘടിപ്പിക്കുന്നത്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിറ്റേന്നായിരുന്നു ഭക്ഷണ വിതരണത്തിനു തുടക്കം. ആദ്യദിനം ഏതാനും നായ്ക്കള്‍ മാത്രമാണ് മൂന്നു പോയിന്റുകളിലും ഉണ്ടായിരുന്നത്. ദിവസം കഴിയുംതോറും അവയുടെ എണ്ണം കൂടിവന്നു. ഇപ്പോള്‍ മൂന്നു പോയിന്റുകളിലുമായി 25 ഓളം നായ്ക്കളാണ് കുട്ടിമോന്റെ മനസിന്റെ നന്മ അനുഭവിക്കുന്നത്. നഗരത്തിലെ ഉടയവരില്ലാത്ത മിണ്ടാപ്രാണികളുടെ വിശപ്പ്  ദിവസം ഒരു നേരമെങ്കിലും അകറ്റാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നു കുട്ടിമോന്‍ പറഞ്ഞു. നഗരത്തില്‍ അലയുന്ന പൂച്ചകള്‍ക്കും  ആഹാരം നല്‍കുന്നുണ്ട്. മുനിസിപ്പാലിറ്റിക്കും കുടുംബശ്രീ മിഷനും മുമ്പു കുട്ടിമോന്‍ ഉള്‍പ്പെടുന്ന സംഘം നഗരത്തില്‍ സാമൂഹിക അടുക്കളയും ആരംഭിച്ചിരുന്നു.
 

 

Latest News