Sorry, you need to enable JavaScript to visit this website.

ലോക്ക്‌ഡൗണ്‍: ഇന്ത്യക്ക് നഷ്ടം ഏഴരലക്ഷം കോടി രൂപ

ന്യൂദല്‍ഹി- കൊറോണ വ്യാപനം തടയാന്‍ രാജ്യം 21 ദിവസം പൂർണ്ണമായ അടച്ചിടുന്നതു മൂലം മൊത്തം ആഭ്യന്തര ഉത്പാദനത്തിന് സംഭവിക്കുന്ന നഷ്ടം ഏകദേശം 98 ബില്യൺ ഡോളർ (7,46,858 കോടി രൂപ). ഇന്ത്യയിലെ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളിലൊന്നായ അക്ക്യൂട്ട് റേറ്റിംഗ് ആന്‍ഡ് റിസേര്‍ച്ചാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.  

“2020 ഏപ്രിൽ 15 മുതൽ രാജ്യവ്യാപകമായി അടച്ചുപൂട്ടൽ നീക്കാനിരിക്കെ, ലോക്ക്‌ഡൗന്‍ രാജ്യത്തെ സാമ്പത്തിക രംഗത്തിന് ഏല്‍പ്പിച്ച ആഘാതം നീണ്ടുനില്‍ക്കുന്ന തരത്തിലുള്ളതാവും. വ്യാപനത്തിന്റെ തീവ്രതയനുസരിച്ചായിരിക്കും തകര്‍ച്ചയുടെ ഏറ്റക്കുറച്ചിലുകള്‍. ലോക്ക്ഡൗണിന്റെ ഓരോ ദിവസവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് നഷ്ടം ഏകദേശം 4.64 ബില്യൺ ഡോളറാണ്.” അക്യൂട്ട് റേറ്റിംഗ്സ് & റിസർച്ച് സിഇഒ ശങ്കർ ചക്രബർത്തി പറഞ്ഞു.   

ഏപ്രില്‍-ജൂൺ ജിഡിപി അഞ്ച് മുതൽ ആറ് ശതമാനം വരെ ചുരുങ്ങാൻ സാധ്യതയുണ്ടെന്നും ഏജന്‍സി മുന്നറിയിപ്പ് നൽകുന്നു. ഏജൻസിയുടെ കണക്കനുസരിച്ച്, ഗതാഗതം, ഹോട്ടൽ, റെസ്റ്റോറന്റ്, റിയൽ എസ്റ്റേറ്റ്, ടൂറിസം എന്നിവയാണ് ഏറ്റവും കൂടുതൽ ബാധിച്ച മേഖലകൾ. “ഞങ്ങളുടെ അഭിപ്രായത്തിൽ, ഈ മേഖലകളിൽ ഏകദേശം 50 ശതമാനം ജിവി‌എ (മൊത്ത മൂല്യവർദ്ധിത) നഷ്ടം ഉണ്ടാകും, ഇത് മൊത്തം ജി‌വി‌എയിൽ 22 ശതമാനത്തോളം വരും" ഏജൻസി പറഞ്ഞു.

ആഗോളവ്യാപകാമായി പടര്‍ന്നുപിടിച്ച കോവിഡ് മഹാമാരിയുടെ വ്യാപനം തടയാന്‍ മാര്‍ച്ച് 25 മുതല്‍ രാജ്യം സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അടച്ചുപൂട്ടല്‍ ഏപ്രില്‍ 14ന് പിന്‍വലിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും ഇത് ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്നാണ് പ്രധാനമന്ത്രി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2,567 പേര്‍ക്ക് രാജ്യത്ത് കോവിഡ് 19 ബാധിച്ചിട്ടുണ്ട്. ഇതില്‍ 72 പേര്‍ മരണപ്പെടുകയും 156 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.

Latest News