അതിര്‍ത്തി അടച്ചിടല്‍: കര്‍ണാടകയ്ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി

ന്യുദല്‍ഹി- കാസര്‍ഗോഡ് വഴിയുള്ള കേരള- കര്‍ണാടക അതിര്‍ത്തി അടച്ചതിന് എതിരേ  ഹൈക്കോടതിയുടെ ഉത്തരവിന് സ്റ്റേ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച കര്‍ണാടകയ്ക്ക് തിരിച്ചടി.  ചികിത്സ അടക്കമുള്ള അടിയന്തര ആവശ്യങ്ങള്‍ക്ക് അതിര്‍ത്തി തുറന്നുകൊടുക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാതലത്തില്‍ അതിര്‍ത്തി കടന്ന് ആളുകള്‍ വരുന്നത് ആശങ്കാജനകമാണ് എന്നായിരുന്നു കോടതിയില്‍ കര്‍ണാടകത്തിന്റെ നിലപാട്. അതേസമയം, ചികിത്സ, ചരക്ക് നീക്കം എന്നിവ തടയരുത് എന്ന ആവശ്യമാണ് കേരളം മുന്നോട്ടുവച്ചത്. ചികിത്സ കിട്ടാതെ രോഗികള്‍ മരിക്കാനിടയായ സംഭവങ്ങളും കേരളം ചൂണ്ടിക്കാട്ടി. 

കര്‍ണാടകയുടെ ആവശ്യം നിരാകരിച്ച സുപ്രീംകോടതി അവശ്യസര്‍വീസ് തടയാന്‍ കഴിയില്ലെന്നും ഗതാഗതം തുറന്നുകൊടുക്കണമെന്ന പരാമര്‍ശവും നടത്തി. എന്നാല്‍ അത് ഒരു ഉത്തരവായി ഇറക്കാന്‍ കോടതി തയ്യാറായില്ല.  കേരള, കര്‍ണാടക ചീഫ് സെക്രട്ടറിമാരും ആരോഗ്യ മ്രന്താലയം ഉള്‍പ്പെടുന്ന സംഘം ഇക്കാര്യത്തില്‍ ഒരു സമവായ ചര്‍ച്ച നടത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.  ഈ സമിതിയുടെ നിര്‍ദേശം സുപ്രീം കോടതിക്ക് സമര്‍പ്പിക്കണം. ഈ മാസം ഏഴിന് കേസ് വീണ്ടും പരിഗണിക്കും.

Latest News