Sorry, you need to enable JavaScript to visit this website.

പ്രകടനങ്ങൾക്കും മുദ്രാവാക്യങ്ങൾക്കുമുള്ള  വേദിയാക്കി ഹജിനെ മാറ്റരുത് - സഅദ് അൽശത്‌രി

അറഫ - പ്രകടനങ്ങൾ നടത്തുന്നതിനും മുദ്രാവാക്യങ്ങൾ മുഴക്കുന്നതിനും കക്ഷിത്വത്തങ്ങൾക്ക് ആഹ്വാനം ചെയ്യുന്നതിനും ഇടുങ്ങിയ ലക്ഷ്യത്തോടെയുള്ള വിലപേശലുകൾ നടത്തുന്നതിനുമുള്ള വേദിയാക്കി ഹജിനെ മാറ്റുന്നതിനെതിരെ റോയൽ കോർട്ട് ഉപദേഷ്ടാവും ഉന്നത പണ്ഡിതസഭാംഗവും സ്ഥിരം ഫത്‌വാ കമ്മിറ്റി അംഗവുമായ ശൈഖ് ഡോ. സഅദ് അൽശത്‌രി മുന്നറിയിപ്പ് നൽകി. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് പുണ്യഭൂമിയിൽ ഒഴുകിയെത്തിയ തീർഥാടക ലക്ഷങ്ങളെയും ലോക മുസ്‌ലിംകളെയും അഭിസംബോധന ചെയ്ത് അറഫയിലെ മസ്ജിദ് നമിറയിൽ നടത്തിയ ഖുതുബയിലാണ് ഹജിനെ ഇടുങ്ങിയ ലക്ഷ്യങ്ങൾക്കു വേണ്ടി ദുരുപയോഗിക്കുന്നതിനുള്ള ശ്രമങ്ങൾക്കെതിരെ ഇമാം മുന്നറിയിപ്പ് നൽകിയത്. ദശലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരാകുന്നതിലേക്ക് നയിച്ച കക്ഷിമുദ്രാവാക്യങ്ങൾക്കും വിഭാഗീയതക്കും ചിന്താധാരകളുടെ അടിസ്ഥാനത്തിലുള്ള പക്ഷംപിടിക്കലുകൾക്കും ഹജിനിടെ സ്ഥാനമില്ല. ഹജിനെ ഇത്തരം വിലകുറഞ്ഞ ലക്ഷ്യങ്ങൾക്ക് ദുരുപയോഗിക്കുന്നത് അജ്ഞത കൊടികുത്തിവാണ ഇരുണ്ട യുഗത്തിലെ പ്രവണതയാണ്. വിഭാഗീയതയും വംശീയതയും മുദ്രാവാക്യങ്ങൾ ഉയർത്തുന്നതും പിതാക്കന്മാരുടെയും പിതാമഹന്മാരുടെയും പേരിൽ ദുരഭിമാനം നടിക്കുന്നതും ഇസ്‌ലാം വിലക്കിയിട്ടുണ്ട്. 

വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും സംഘർഷങ്ങൾക്ക് ശ്രമിക്കുന്നവർക്ക് വേദനാജനകമായ ശിക്ഷ ലഭിക്കുമെന്ന് അല്ലാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാണിജ്യ വളർച്ചക്ക് സഹായിക്കുകയും ജനങ്ങൾക്ക് ശാന്തിയും സമാധാനവും നൽകുകയും സമൂഹത്തിൽ ഭദ്രതയുണ്ടാക്കുകയും ചെയ്യുന്ന സുരക്ഷയുടെ അടിസ്ഥാന തത്വങ്ങൾ ഇസ്‌ലാം ഉദ്‌ഘോഷിക്കുന്നു. ലോകത്ത് എല്ലായിടത്തും സുരക്ഷാ ഭദ്രത സംരക്ഷിക്കുന്നതിനും സമാധാനമുണ്ടാക്കുന്നതിനും മുസ്‌ലിംകൾ സഹായികളായി മാറണം. അക്രമത്തിന്റെ പാത വിശ്വാസികളുടെതല്ല. വിശുദ്ധ ഖുർആൻ ശക്തമായ ഭാഷയിൽ വിലക്കിയിട്ടും മറ്റുള്ളവരുടെ രക്തം ചിന്തുന്നതിനും മറ്റുള്ളവരുടെ സുരക്ഷക്ക് ഭംഗം വരുത്തുന്നതിനും മുസ്‌ലിംകൾ എങ്ങിനെ ധൈര്യം കാണിക്കും. ലോക രാജ്യങ്ങളിൽ മുസ്‌ലിംകൾക്കും മറ്റുള്ളവർക്കും നേരെ നടക്കുന്ന അക്രമങ്ങളെ മുസ്‌ലിംകൾ നിരാകരിക്കുകയും ഭീകര സംഘടനകളെ അപലപിക്കുകയും വേണം. വിശ്വാസപരവും ആശയപരവും രാഷ്ട്രീയപരവും സദാചാരപരവുമായ സുരക്ഷാ ഭദ്രത സംരക്ഷിക്കുകയാണ് ശരീഅത്തിന്റെ ലക്ഷ്യം. മനുഷ്യ മനസ്സുകളിൽ നന്മകളോടുള്ള സ്‌നേഹം നട്ടുപിടിപ്പിക്കുകയാണ് ശരീഅത്ത് ചെയ്യുന്നത്. അസൂയയും വിദ്വേഷവും ഇസ്‌ലാം വിലക്കുന്നു. ലോകത്ത് എല്ലായിടത്തും സുരക്ഷയും സമാധാനവും ഭദ്രതയും വ്യാപിപ്പിക്കണമെന്നാണ് ഇസ്‌ലാമിക ശരീഅത്ത് ആവശ്യപ്പെടുന്നത്. 

ഇസ്‌ലാമിന്റെ അടിസ്ഥാനശിലയായ ഏകദൈവ വിശ്വാസം മുറുകെ പിടിക്കേണ്ടതിനെയും ദൈവത്തെ കുറിച്ച ഭയഭക്തി നിലനിർത്തേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ചും ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളെയും വിശദീകരിച്ചാണ് ഇമാം ഖുതുബ ആരംഭിച്ചത്. നല്ല കാര്യങ്ങൾക്കു വേണ്ടി ഒന്നിച്ചുനിൽക്കുന്നതിനും പരസ്പരം സഹകരിക്കുന്നതിനും ഉൽകൃഷ്ട സ്വഭാവവിശേഷണങ്ങൾക്കും സദ്‌വൃത്താന്തങ്ങൾക്കും പ്രേരിപ്പിച്ചു എന്നത് ഇസ്‌ലാമിന്റെ സൗന്ദര്യമാണ്. ഇസ്‌ലാമിക ശരീഅത്ത് മാനവകുലത്തിന് നന്മയും കാരുണ്യവുമാണ്. നീതി പാലിക്കുന്നതിനും നന്മകൾ ചെയ്യുന്നതിനും എല്ലാവരുടെയും അവകാശങ്ങൾ വകവെച്ചു നൽകുന്നതിനും കുടുംബബന്ധങ്ങൾ ഊഷ്മളമായി സംരക്ഷിക്കുന്നതിനും ശരീഅത്ത് ആവശ്യപ്പെടുന്നു.

ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റുകയും വാണിജ്യ വളർച്ചക്കും സാമ്പത്തികാഭിവൃദ്ധിക്കും അനുഗുണമാവുകയും ചെയ്യുന്ന, പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമായ ധന ഇടപാടുകൾ ഇസ്‌ലാമിക ശരീഅത്ത് നിർണയിച്ചതായും  ശൈഖ് ഡോ. സഅദ് അൽശത്‌രി പറഞ്ഞു. ഖുതുബക്കു ശേഷം ദുഹ്ർ, അസർ നമസ്‌കാരങ്ങൾ ജംഉം ഖസ്‌റുമായി നിർവഹിച്ചു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ, ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് എന്നിവരും വിദേശ രാഷ്ട്ര നേതാക്കളും രാജാവിന്റെ വിശിഷ്ടാതിഥികളും മസ്ജിദ് നമിറയിൽ നമസ്‌കാരങ്ങളിൽ പങ്കെടുത്തു.
 

Latest News