ന്യൂദൽഹി- കഴിഞ്ഞ മാസം ദൽഹിയിൽ നടന്ന തബ്്‌ലീഗ് സമ്മേളനത്തിനെത്തി ഇപ്പോഴും രാജ്യത്ത് തുടരുന്ന 960 വിദേശികളെ ഇന്ത്യ കരിമ്പട്ടികയിൽ പെടുത്തി. ഈ സമ്മേളനത്തിൽ പങ്കെടുത്ത 550 പേർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാതലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനമെടുത്തത്. അമേരിക്ക, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളിൽനിന്നെത്തിയ 1300 പ്രതിനിധികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സന്ദർശക വിസയിലെത്തി മറ്റു കാര്യങ്ങൾ നടത്തിയതുകൊണ്ട് ഇവരുടെ വിസ റദ്ദാക്കിയതായും ആഭ്യന്തരമന്ത്രാലയം ട്വീറ്റ് ചെയ്തു. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതായും ഇവരെ അതാത് രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്നും ആഭ്യന്തരമന്ത്രാലയം ട്വീറ്റ് ചെയ്തു. ഇപ്പോൾ ക്വാറന്റീനിലുള്ള വിദേശികളെ ചികിത്സ കഴിഞ്ഞാൽ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും അവിടെനിന്ന് നിയമനടപടികൾക്ക് ശേഷം അതാത് രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.






