Sorry, you need to enable JavaScript to visit this website.

കർഫ്യൂ നിലവില്ലാത്ത സമയത്തും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്‌

കർഫ്യൂ ലംഘിക്കുന്നവർക്കെതിരെ  മുഖംനോക്കാതെ നടപടി

റിയാദ്- കർഫ്യൂ ലംഘിക്കുന്നവർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ലെഫ്. കേണൽ ത്വലാൽ അൽശൽഹോബ് പറഞ്ഞു. കൊറോണ വ്യാപനം തടയുന്നതിന് ബാധകമാക്കിയ കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ ലംഘിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ആരു തന്നെയായാലും ഏതു പദവികൾ വഹിക്കുന്നവരായാലും അവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും. സൈബർ ക്രൈം നിയമം അനുസരിച്ച് വിചാരണ ചെയ്ത് ശിക്ഷിക്കുന്നതിന് ഇത്തരക്കാർക്കെതിരായ കേസുകൾ ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും ലെഫ്. കേണൽ ത്വലാൽ അൽശൽഹോബ് വ്യക്തമാക്കി.


കർഫ്യൂ നിലവിലില്ലാത്ത സമയത്ത് നടക്കുന്ന ആൾക്കൂട്ടങ്ങളെ കുറിച്ച് എല്ലാവരും അറിയിക്കണം. ഇങ്ങനെ കൂട്ടംചേർന്ന് നിയമം ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും. കർഫ്യൂ നിലവിലില്ലാത്ത സമയത്തും വളരെ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാതെ എല്ലാവരും നിയമ, നിർദേശങ്ങൾ കണിശമായി പാലിക്കണം. കർഫ്യൂ നിലവിലില്ലാത്ത സമയത്തും വളരെ അത്യാവശ്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് നിർദേശം. ചിലർ ഇത് ലംഘിക്കുന്നുണ്ട്. ഇത്തരം നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അതേ കുറിച്ച് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ 999 എന്ന നമ്പറിൽ ബന്ധപ്പെട്ടോ മക്ക പ്രവിശ്യയിൽ 911 എന്ന നമ്പറിൽ ബന്ധപ്പെട്ടോ എല്ലാവരും അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു. 
ഒറ്റപ്പെട്ട നിയമ ലംഘനങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. സമൂഹം പൊതുവിൽ കർഫ്യൂ നന്നായി പാലിക്കുന്നുണ്ട്. കർഫ്യൂ നിലവിലില്ലാത്ത സമയത്തും വീടുകളിൽ കഴിഞ്ഞും ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്നുനിന്നും എല്ലാവരും സ്വയം ഐസൊലേഷൻ പാലിക്കണമെന്നും ലെഫ്. കേണൽ ത്വലാൽ അൽശൽഹോബ് ആവശ്യപ്പെട്ടു. 


 

Latest News