Sorry, you need to enable JavaScript to visit this website.

തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മലയാളി യുവതിക്ക് കോവിഡ്

കൊല്ലം - ദൽഹി നിസാമുദ്ദീനിൽ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത യുവതി ഉൾപ്പെടെ കൊല്ലം ജില്ലയിൽ രണ്ടു സ്ത്രീകൾക്കു കോവിഡ് 19 പരിശോധനാ ഫലം പോസിറ്റീവ് ആയി സ്ഥിരീകരിച്ചു. രണ്ടു പേരെയും പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഒരാൾ ഫെബ്രുവരിയിൽ ദൽഹി നിസാമുദ്ദീനിൽ നിന്നും തിരിച്ച് മുംബൈ വഴി എത്തിയ കടയ്ക്കൽ സ്വദേശിനിയാണ്. ഇവർ കർശനമായ ഗൃഹ നിരീക്ഷണത്തിലായിരുന്നു. ഭർത്താവൊഴികെ മറ്റംഗങ്ങളെ വീട്ടിൽ നിന്നും മാറ്റിയിരുന്നു. രോഗലക്ഷണങ്ങൾ പ്രകടമായപ്പോൾ പുനലൂർ താലൂക്കാശുപത്രിയിൽ സാമ്പിൾ എടുക്കുകയും പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. ഇന്നലെ റിസൾസ്സ് പോസിറ്റീവായതോടെ ഇവരേയും ഭർത്താവിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാമത്തെയാൾ ഖത്തറിൽ നിന്നും മസ്‌ക്കറ്റ് വഴി എത്തിയ നിലമേൽ സ്വദേശിയായ ഗർഭിണിയാണ്. പാരിപ്പള്ളിയിൽ നിന്നും സാമ്പിൾ എടുത്തു. ഇവർ പരിശോധനയ്ക്ക് എത്തിയ ഇട്ടിവ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരെ ഗൃഹനീരീക്ഷണത്തിലും സ്ത്രീയുടെ കുടുംബത്തിലെ നാലുപേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം കണ്ടെയ്ൻമെന്റ് പ്രക്രിയയിലൂടെ അണുവിമുക്തമാക്കിയിട്ടുണ്ട്. നാളെ പ്രവർത്തനം ആരംഭിക്കും. കൂടാതെ നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത കരിക്കോട് സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇയാൾ ദൽഹിയിൽ ചികിത്സയിലാണ്.


 

Latest News