Sorry, you need to enable JavaScript to visit this website.

സെർബിയയിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ അയച്ചത് വിവാദത്തിൽ

നെടുമ്പാശേരി- കേരളത്തിൽ ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമല്ലാതിരിക്കെ 90 ടൺ മെഡിക്കൽ ഉപകരണങ്ങളും സുരക്ഷാ കവചങ്ങളും ഇന്ത്യയിൽ നിന്നും സെർബിയയിലെക്ക് കയറ്റിയയച്ച സംഭവം വൻ വിവാദമാകുന്നു.  കഴിഞ്ഞ മാസം 30 നാണ് 90  ടൺ സർജിക്കൽ ഉപകരണങ്ങൾ ട്രാൻസെവിയ എയർലൈൻസിന്റെ ബോയിംഗ് 747 കാർഗോ വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും യൂറോപ്യൻ രാജ്യമായ സെർബിയയിലേക്ക് കയറ്റിയയച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് റബെഴ്‌സ് എന്ന സ്ഥാപനത്തിനാണ് ഇതിനായുള്ള ഓർഡർ ലഭിച്ചിരുന്നത്.  യു.എൻ.ഡി.പിയുടെ (ഐക്യരാഷ്ട്ര വികസന പരിപാടി) സെർബിയൻ വിഭാഗം ഇക്കാര്യം വളരെ പ്രാധാന്യത്തോടെ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വിവാദമാകുന്നത്. ഇതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് രാജ്യത്ത് അത്യാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ കയറ്റിയയച്ചതെന്ന വിവരം പുറത്ത് വന്നത്. ലോക്ഡൗണിനെ തുടർന്ന് വിമാന സർവീസുകൾ നിർത്തി വച്ചിരിക്കുന്ന നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും പ്രത്യേക അനുമതിയോടെയാണ് വിമാനം പുറപ്പെട്ടത്. എന്നാൽ ഇപ്പോഴത്തെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കൊച്ചി കസ്റ്റംസ് വിഭാഗം ക്ലിയറൻസ് നൽകാൻ വിസമ്മതിച്ചെങ്കിലും ദൽഹിയിൽ നിന്നും പ്രത്യേക അനുമതി വാങ്ങിയാണ് കാർഗോ വിമാനം പുറപ്പെട്ടതെന്നാണ് കസ്റ്റംസ് വൃത്തങ്ങളിൽ നിന്നും പുറത്തുവരുന്ന വിവരം. അതീവ ഗുരുതര സാഹചര്യത്തിലൂടെ രാജ്യം കടന്നു പോകുമ്പോൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത് എങ്ങിനെയാണെന്നതാണ് ദുരൂഹതയുയർത്തുന്നത്. രാജ്യത്ത് പലയിടത്തും ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർ പി.പി.ഇ കിറ്റും എൻ 95 മാസ്‌ക്കും സർജിക്കൽ കൈയ്യുറകളും ഇല്ലാതെ സ്വന്തം ജീവൻ പോലും പണയം വച്ചാണ് രോഗികളെ പരിചരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മെഡിക്കൽ ഉപകരണങ്ങൾ കേന്ദ്ര അനുമതിയോട് കൂടി മറ്റൊരു രാജ്യത്തേക്ക് കയറ്റുമതി ചെയ്തത്.
 

Latest News