Sorry, you need to enable JavaScript to visit this website.

സന്നദ്ധ പ്രവർത്തനം തടസ്സപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ  നിലപാട് അംഗീകരിക്കാനാവില്ല- പി.കെ ഫിറോസ്

കോഴിക്കോട് - തീരദേശ മേഖലയിൽ സന്നദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ കൊയിലാണ്ടി മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് ആസിഫ് കലാമിനെ അറസ്റ്റ് ചെയ്ത നടപടിയിലും വൈറ്റ് ഗാർഡ് വളണ്ടിയർമാരുടെ സേവന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന പോലീസ് നടപടിയിലും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പ്രതിഷേധിച്ചു. 
മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നത് എന്നാണ് അറിയാൻ സാധിച്ചത്. ഇത് അംഗീകരിക്കാനാകില്ലെന്നും ഫിറോസ് മുന്നറിയിപ്പ് നൽകി. 
കൊയിലാണ്ടി മണ്ഡലം എം.എസ്.എഫ് പ്രസിഡന്റിനെ  അറസ്റ്റ് ചെയ്തതിനെ ന്യായീകരിച്ച് വടകര റൂറൽ എസ്.പി പറയുന്നത് സർക്കാരിന് മാത്രമേ സന്നദ്ധ പ്രവർത്തനത്തിന് പണം സമാഹരിക്കാനുള്ള അവകാശമുള്ളൂയെന്നാണ്. ഇത് ഒരു നിലക്കും അംഗീകരിക്കാൻ ആവില്ല. സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ട സന്ദർഭങ്ങളിലെല്ലാം ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ച് കൊടുത്തത് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളും പൊതു പ്രവർത്തകരുമാണ്. സർക്കാരിനും സി.പി.എമ്മിനും മാത്രമേ കേരളത്തിൽ സന്നദ്ധ പ്രവർത്തനം നടത്താനുള്ള സ്വാതന്ത്ര്യമുള്ളൂയെന്ന് ഏത് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞാലും അത് അംഗീകരിക്കാൻ ആവില്ല. 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആളുകൾ സംഭാവന ചെയ്യാത്തത് അതിന്റെ വിശ്വാസ്യത സർക്കാർ തന്നെ തകർത്തത് കൊണ്ടാണ്. ഒന്നാമത്തെ പ്രളയ സമയത്ത് അയ്യായിരത്തോളം കോടി രൂപ സമാഹരിച്ചിട്ട് രണ്ടാമത്തെ പ്രളയം വന്നിട്ടും അത് ചെലവഴിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. പകുതിയിലേറെ തുക ഫിക്‌സഡ് ഡെപ്പോസിറ്റായി ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ധനമന്ത്രി തോമസ് ഐസക് തന്നെ നിയമസഭയിൽ പറഞ്ഞത്. ഫിക്‌സഡ് ഡെപ്പോസിറ്റായി ബാങ്കിൽ നിക്ഷേപിക്കാനായിരുന്നില്ല ജനങ്ങൾ വളരെയധികം ബുദ്ധിമുട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. 
അതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും സ്വന്തം പാർട്ടിയിലേയും മുന്നണിയിലെ ഘടകകക്ഷികളുടെയും നേതാക്കൻമാർക്ക് പണം നൽകിയതും ദുരിതാശ്വസ നിധിയുടെ വിശ്വാസ്യത തകർക്കുന്ന പ്രവർത്തനമായിരുന്നു. അത്‌കൊണ്ടാണ് രാഷ്ട്രീയ പാർട്ടികളെയും സന്നദ്ധ സംഘടനകളെയും പൊതുജനങ്ങൾ വിശ്വാസത്തിലെടുക്കുന്നത്. 
അവർക്ക് ഏറ്റവും എളുപ്പത്തിൽ സഹായങ്ങൾ എത്തിക്കുന്നതിൽ ഇതിനകം വിജയിച്ച സംഘടനകളെ തെരഞ്ഞെടുക്കുന്നത് സ്വാഭാവികമാണ്. അതിലുള്ള അസഹിഷ്ണുതയാണ് സർക്കാരും സി.പി.എമ്മും പോലീസിന്റെ സഹായത്താൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഇത് പ്രതിഷേധാർഹവും അംഗീകരിക്കാൻ കഴിയുന്നതുമല്ല. 
അതോടൊപ്പം വൈറ്റ് ഗാർഡ് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനും പോലീസ് ശ്രമിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത് മുകളിലുള്ളവരുടെ നിർദ്ദേശ പ്രകാരമാണ് ഇത്തരം നടപടി സ്വീകരിക്കുന്നത് എന്നതാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള രോഗികൾക്ക് മരുന്നെത്തിച്ചും അവശ്യ വസ്തുക്കൾ എത്തിച്ചും ഇതിനകം പ്രശംസ പിടിച്ചു പറ്റിയ വളണ്ടിയർ വിംഗാണ് വൈറ്റ് ഗാർഡ്. കേരളത്തിലെ രണ്ട് പ്രളയ സമയത്തും വൈറ്റ് ഗാർഡിന്റെ പ്രവർത്തനങ്ങൾ രാഷ്ട്രീയ ഭേദമന്യേ സർവ്വരാലും അംഗീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തതാണ്. എന്നാൽ വൈറ്റ് ഗാർഡിന്റെ പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന നിലപാടാണ് ഇപ്പോൾ പോലീസ് സ്വീകരിക്കുന്നത്. 
യൂണിഫോമിന്റെ പേരിലാണ് ഇത്തരം തടസ്സം ഉന്നയിക്കുന്നതെങ്കിൽ പാർട്ടിയുടെ കൊടിയുടെ നിറമോ പാർട്ടിയുടെ പേരോ ഉപയോഗിക്കാത്ത, വളണ്ടിയർമാരാണ് എന്ന് തിരിച്ചറിയാൻ മാത്രമുള്ള യൂണിഫോമാണ് വൈറ്റ് ഗാർഡ് പ്രവർത്തകർ അണിയുന്നത്. അതേസമയം നൂറു മില്ലിയുടെ സാനിറ്റൈസർ ബോട്ടിലിനുമുകളിൽ ബോട്ടിലിനേക്കാൾ വലിയ അക്ഷരത്തിൽ ഡി.വൈ.എഫ്.ഐ എന്നെഴുതി വെച്ച് വിതരണം ചെയ്യുന്നതിനെ ഏതെങ്കിലും രീതിയിൽ തടസ്സപ്പെടുത്താൻ പോലീസ് തയ്യാറായിട്ടില്ല. 
സി.പി.എമ്മിനും അതിന്റെ പോഷക സംഘടനകൾക്കും മാത്രമേ കേരളത്തിൽ സന്നദ്ധ പ്രവർത്തനം നടത്താൻ പാടുള്ളൂയെന്ന തീട്ടൂരമാണോ ഇതിലൂടെ മുഖ്യമന്ത്രി നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കണം. ഇതിനെ ഒരു നിലക്കും അംഗീകരിക്കാനാവില്ല. 
കൊറോണയുടെ മറവിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം തങ്ങൾക്കനുകൂലമാക്കണമെന്നുള്ള സി.പി.എമ്മിന്റെ തൃശ്ശൂർ ജില്ല കമ്മിറ്റി ഇറക്കിയ സർക്കുലറും ക്വാറന്റൈനിൽ കഴിയുന്നവർക്ക് കലക്ടറുടെ മെസ്സേജിന് പുറകെ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജന്റെ മെസ്സേജ് എത്തുന്നതും ഒക്കെ തെളിയിക്കുന്നത് ഇതിനെ രാഷ്ട്രീയവത്കരിക്കുന്നത് സി.പി.എമ്മും സർക്കാരുമാണ് എന്നാണ്.  ഇതിനെ വകവെച്ചു കൊടുക്കാൻ യൂത്ത്‌ലീഗ് തയ്യാറല്ല. സി.പി.എമ്മിന്റെ ഇത്തരം രാഷ്ട്രീയ കളികൾക്കെതിരെ ശക്തമായി മുസ്‌ലിം യൂത്ത്‌ലീഗ് പ്രതിഷേധിക്കുകയാണ്. 
സന്നദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ കേസെടുക്കുകയാണെങ്കിൽ യൂത്ത് ലീഗിന് നേതൃത്വം കൊടുക്കുന്നൊരാൾ എന്ന നിലക്ക് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലക്ക് തന്റെ പേരിലും മറ്റ് സഹഭാരവാഹികളുടെ പേരിലുമാണ് പോലീസ് കേസെടുക്കേണ്ടത്. മുഖ്യമന്ത്രിയും ഡി.ജി.പിയും അതിന് തയ്യാറുണ്ടോയെന്ന് അദ്ദേഹം വെല്ലുവിളിയായി ചോദിച്ചു. 
വൈറ്റ് ഗാർഡിന്റെ പ്രവർത്തനങ്ങളിൽ സുരക്ഷ ഉപകരണങ്ങൾ ധരിക്കുന്നതിലോ മറ്റോ പോരായ്മ ചൂണ്ടിക്കാണിച്ചാൽ അത് തിരുത്താൻ തയ്യാറാണ്. അതിന് പകരമായി വൈറ്റ് ഗാർഡിന്റെ പ്രവർത്തനങ്ങളെ അംഗീകരിക്കില്ല എന്ന നിലപാട് ഒരു നിലക്കും സമ്മതിക്കാൻ സാധ്യമല്ല. തുടർന്നും ജനങ്ങൾ ആവശ്യപ്പെട്ടാൽ അവർക്ക് ആവശ്യമായ സഹായങ്ങളുമായി സേവന രംഗത്ത് യൂത്ത് ലീഗും വൈറ്റ് ഗാർഡും ഉണ്ടാകുമെന്നും ഫിറോസ് അറിയിച്ചു. 
കൊറോണ വ്യാപനം തടയുന്നതിന് സംസ്ഥാന വ്യാപകമായി പ്രവർത്തിക്കുന്ന ആരോഗ്യ മേഖലയിലെ പ്രവർത്തകരെയും മറ്റ് സന്നദ്ധ പ്രവർത്തകരെയും പ്രവാസ ലോകത്ത് പ്രവർത്തിക്കുന്ന കെ.എം.സി.സിയുടെ പ്രവർത്തകരെയും ക്വാറന്റൈനിൽ കഴിയുന്ന പ്രവാസികളെയുമൊക്കെ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി ഫിറോസ് പ്രത്യേകം അഭിനന്ദനം അറിയിച്ചു.

Latest News