Sorry, you need to enable JavaScript to visit this website.

കൊറോണ സമൂഹ വ്യാപനം എങ്ങനെ?

ഇതിനകം മഹാമാരിയായി രൂപം പ്രാപിച്ച കോവിഡ് 19 എപ്രകാരമാണ്  സമൂഹത്തിൽ അതിവേഗം പടന്നുപിടിക്കുന്നത് എന്ന് മനസ്സിലാക്കാൻ രോഗവ്യാപനത്തിന്റെ വിവിധ ഘട്ടങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഫഌ വൈറസ് ഒരു മഹാമാരിയായി മാറുന്നതിന് മുൻപ് വിവിധ ഘട്ടങ്ങളുണ്ട്.
മനുഷ്യനിൽ ഫഌ   പരത്തുന്ന 7 തരം കൊറോണാ വൈറസുകളിൽ 4 തരം സാധാരണയായി  മനുഷ്യരിൽ ഫഌ പരത്തുന്നതാണ്. എന്നാൽ ജനിതക വ്യതിയാനത്തിലുടെ   മനുഷ്യനെ ആക്രമിക്കാൻ  ശേഷി നേടിയതാണ് സാർസ്, മെർസ്  ഇവയും പുതുതായി രൂപപ്പെട്ട കോവിഡ്19 എന്ന പുതിയ വൈറസും.

കൊറോണ വൈറസുകൾ    പക്ഷികളിലും മൃഗങ്ങളിലും സ്ഥിരമായി  കണ്ടുവരികയും  എന്നാൽ  മനുഷ്യനെ ആക്രമിക്കാൻ ശേഷിയില്ലാതെ തുടരുകയും  ചെയ്യുന്ന അവസ്ഥയാണ്  രോഗവ്യാപനത്തിന്റെ  ഒന്നാം ഘട്ടം.
എന്നാൽ ഈ വൈറസുകൾക്ക് ജനിതകമാറ്റം സംഭവിച്ച് മനുഷ്യരിലേക്ക് രോഗം പകർത്തുവാൻ ശേഷി ആർജിക്കുന്നതാണ് രണ്ടാം ഘട്ടം.

പക്ഷികളിലോ മൃഗങ്ങളിലോ നിന്ന് കൂടുതൽ മനുഷ്യരിലേക്ക് രോഗം വ്യാപിക്കുന്നതാണ് മൂന്നാം ഘട്ടം. ഈ ഘട്ടത്തിൽ അണുബാധിതരുമായി ഇടപഴകുന്നവർക്ക് മാത്രമല്ല, വേണ്ടത്ര മുൻകരുതൽ ഇല്ലാത്ത അവസ്ഥയിൽ ആരോഗ്യ പ്രവർത്തകർക്കും രോഗബാധ ഉണ്ടാകുന്നു. ഈ ഘട്ടത്തിൽ പിടിച്ചു നിർത്താൻ സാധിച്ചാൽ മാത്രമേ ലോക മഹാമാരിയായി മാറാതെ ഈ രോഗത്തെ തടയാൻ സാധിക്കൂ. പക്ഷേ, ആധുനിക കാലത്ത് വ്യോമയാന മാർഗങ്ങളിലൂടെയും മറ്റും ആളുകൾ നിരന്തരമായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും സഞ്ചരിക്കുന്നതുകൊണ്ട് മൂന്നാം ഘട്ടത്തിലെ രോഗവ്യാപനം സാധ്യമല്ലാതായിരിക്കുന്നു.


ഒരു മഹാമാരി പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞാൽ അത് വ്യാപകമായി സമൂഹത്തെ ബാധിക്കുന്നതാണ് സാമൂഹ്യ വ്യാപനം എന്ന  നാലാം ഘട്ടം. അത്യന്തം ശ്രമകരമായ ഈ ഘട്ടത്തിലൂടെയാണ് ഇന്ത്യ, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഭൂരിപക്ഷ രാജ്യങ്ങളും. ചൈന, ഇറ്റലി, അമേരിക്ക, ഇറാൻ എന്നീ രാജ്യങ്ങളിൽ ഇതിനകം ധാരാളം ജനങ്ങൾ മരണപ്പെട്ടു കഴിഞ്ഞു. കടുത്ത പ്രതിരോധ മാർഗങ്ങളിലൂടെ  കോവിഡ് 19, അതിന്റെ പ്രഥമ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്നു നാലാം ഘട്ടം തുടച്ചു നീക്കപ്പെട്ടു എങ്കിലും മേൽ സൂചിപ്പിച്ച മറ്റു രാജ്യങ്ങളിൽ ഇപ്പോഴും അത് കടുത്ത വെല്ലുവിളിയായി തുടരുകയാണ്.


ലോകാരോഗ്യ സംഘടന, അതിന്റെ പ്രവർത്തനം അമേരിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, വെസ്‌റ്റേൺ പസഫിക്, ഈസ്‌റ്റേൺ - മെഡിറ്ററേനിയൻ ആഫ്രിക്ക എന്നീ 6 മേഖലകളായാണ് വിഭജിച്ചിരിക്കുന്നത്.  ഇതിൽ ഏതെങ്കിലും രണ്ടോ അതിൽ അധികമോ രാജ്യങ്ങളിൽ ഒരേ സമയം മഹാമാരി പൊട്ടിപ്പുറപ്പെടുന്നതാണ് അഞ്ചാം ഘട്ടം.
എന്നാൽ ഒന്നിലധികം മേഖലകളിൽ ഒരേസമയം സമൂഹ്യ രോഗപ്പകർച്ച കാണപ്പെടുന്നതാണ് ആറാം ഘട്ടം അഥവാ ഗ്ലോബൽ പാൻഡെമിക്. മാർച്ച് 11 നു ഏകദേശം 114 രാജ്യങ്ങളിലായി 4000 പേരുടെ മരണത്തിനു ഇടയാക്കിയ ഘട്ടത്തിൽ തന്നെ ഒരു മഹാമാരി യായി കോവിഡ്19 നെ പ്രഖ്യാപിച്ചു. 2009 ലെ പന്നിപ്പനിക്കു ശേഷം വരുന്ന മഹാമാരിയാണ് ഇത്.


ഓരോ രാഷ്ട്രങ്ങളെ സംബന്ധിച്ചും രോഗപ്പകർച്ച തടയുവാൻ ഏറ്റവും എളുപ്പമുള്ള സമയമാണ് മൂന്നാം ഘട്ടം. അതായത് കുറഞ്ഞ തോതിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകർന്നുകൊണ്ടിരിക്കുന്ന ഘട്ടം. ഈ ഘട്ടത്തിൽ രോഗത്തെ പിടിച്ചുകെട്ടാൻ സാധിച്ചാൽ സാമൂഹ്യ വ്യാപനം എന്ന നാലാം ഘട്ടത്തിലേക്ക് കടക്കുന്നത് തടയാനോ നിയന്ത്രിക്കാനോ സാധിക്കും. ഇന്ത്യ, സൗദി അറേബ്യ ഉൾപ്പെടെയുള്ള സാമൂഹ്യ വ്യാപനം നടന്നിട്ടില്ലാത്ത രാജ്യങ്ങൾ ഇതിനായുള്ള കഠിന ശ്രമത്തിലാണ്. ഇതിലേക്കാണ് സാമൂഹ്യ അകലം, വ്യക്തി ശുചിത്വം, പരിസര ശുചീകരണം, വ്യാപകമായ അണുനശീകരണം, കൂട്ടംകൂടൽ തടയൽ, കർഫ്യൂ, ക്വറന്റൈൻ, ഐസൊലേഷൻ, വ്യാപകമായ രോഗ നിർണയ സ്‌ക്രീനിംഗുകൾ, വിദഗ്ധ ചികിത്സ എന്നിവ നടപ്പിലാക്കുന്നത്. ഓരോ വ്യക്തിയും സ്വയം മനസ്സിലാക്കി പ്രതിരോധ പ്രവർത്തനങ്ങളിലും സംവിധാനങ്ങളിലും സഹകരിച്ചാൽ മാത്രമേ രോഗവ്യാപനം തടയുക എന്ന ലക്ഷ്യം സഫലമാകൂ. അതിനാൽ നിർഭയമായും ആത്മാർത്ഥമായും ജാഗ്രതയോടെ നമുക്കൊന്നായി ഈ മഹാമാരിയെ പ്രതിരോധിക്കാം.

(റിയാദ് കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിൽ സ്റ്റാഫ് ഫിസിഷ്യനും പബ്ലിക് ഹെൽത്ത് സ്‌പെഷ്യലിസ്റ്റുമാണ് ലേഖകൻ)  


 

Latest News