എണ്ണ വ്യവസായ മേഖലയിലെ പ്രശ്‌നങ്ങള്‍; പ്രസിഡന്റ് ട്രംപും കിരീടാവകാശിയും ചര്‍ച്ച നടത്തി

റിയാദ് - ആഗോള വിപണിയിലെ എണ്ണ വിലയിടിച്ചില്‍ അടക്കമുള്ള പ്രശ്‌നങ്ങളെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ചര്‍ച്ച നടത്തി. ഫോണില്‍ ബന്ധപ്പെട്ടാണ് ഇരു നേതാക്കളും പൊതുതാല്‍പര്യമുള്ള വിഷയങ്ങള്‍ വിശകലനം ചെയ്തത്.

എണ്ണ വിലയിടിച്ചില്‍ തടയുന്നതിന് നീതിയുക്തമായ പുതിയ കരാറുണ്ടാക്കുന്നതിന് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിനെയും സംഘടക്ക് പുറത്തുള്ള റഷ്യ അടക്കമുള്ള സ്വതന്ത്ര ഉല്‍പാദകരെയും ഉള്‍പ്പെടുത്തി രൂപീകരിച്ച ഒപെക് പ്ലസ് ഗ്രൂപ്പും മറ്റു എണ്ണ ഉല്‍പാദക രാജ്യങ്ങളും അടിയന്തിര യോഗം ചേരണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു.

വിലയിടിച്ചില്‍ തടയുകയെന്ന ലക്ഷ്യത്തോടെ ഉല്‍പാദനം വെട്ടിക്കുറക്കുന്നതിന് ഒപെക് ഗ്രൂപ്പിനുള്ളില്‍ പുതിയ കരാറുണ്ടാക്കുന്നതിന് സൗദി അറേബ്യ നേരത്തെ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഒപെക് ഗ്രൂപ്പില്‍ പെട്ട 22 രാജ്യങ്ങളുടെ പിന്തുണ സൗദി അറേബ്യ ഇക്കാര്യത്തില്‍ നേടിയെടുക്കുകയും ചെയ്തു. എന്നാല്‍ ഏകകണ്ഠമായ തീരുമാനത്തിലെത്താന്‍ കഴിയാത്തതിനാല്‍ കരാര്‍ സാധ്യമാകാതിരിക്കുകയായിരുന്നു.

ഈ സാാഹചര്യത്തില്‍ എണ്ണയുല്‍പാദനം റെക്കോര്‍ഡ് തലത്തില്‍ ഉയര്‍ത്താനും കയറ്റുമതി വര്‍ധിപ്പിക്കാനും സൗദി അറേബ്യ തീരുമാനിച്ചിരുന്നു. പുതിയ സാഹചര്യങ്ങള്‍ ലോകത്തെ മുഴുവന്‍ എണ്ണയുല്‍പാദക രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കും തിരിച്ചടിയായി മാറുകയും എണ്ണ വ്യവസായ മേഖലയിലെ നിക്ഷേപങ്ങളെയും പദ്ധതികളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്തതോടൊണ് പ്രശ്‌നം സൗദി കിരീടാവകാശിയുമായി അമേരിക്കന്‍ പ്രസിഡന്റ് വിശകലനം ചെയ്തത്.

 

Latest News