Sorry, you need to enable JavaScript to visit this website.

കോവിഡ് പോരാട്ടത്തിനായി ഷാവോമി വക 15 കോടി 

കോവിഡ്19 വ്യാപനത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 15 കോടി രൂപ നൽകുമെന്ന് ഷാവോമി ഇന്ത്യ അറിയിച്ചു. ജീവനക്കാർക്കും പങ്കാളികൾക്കുമായി നൽകിയ തുറന്ന കത്തിലാണ് ഷാവോമി ഇന്ത്യ എം.ഡിയും ഷാവോമി ഗ്ലോബൽ വൈസ് പ്രസിഡന്റുമായ മനുകുമാർ ജെയ്ൻ ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രിയുടെ സിറ്റിസൻ അസിസ്റ്റൻസ് ആന്റ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻസ് ഫണ്ടിലേക്ക് (പിഎം കെയേഴ്‌സ് ഫണ്ട്) പത്ത് കോടി രൂപനൽകും. ഒപ്പം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ ഫണ്ടിലേക്കും സംഭാവന നൽകും. 
ശമ്പളത്തിൽനിന്ന് ഒരു പങ്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും മുഖ്യമന്ത്രിമാരുടെ ഫണ്ടിലേക്കും സംഭാവന നൽകാൻ ജീവനക്കാരോടും പങ്കാളികളോടും ഷാവോമി അഭ്യർഥിച്ചിട്ടുമുണ്ട്. ഇങ്ങനെ 15 കോടിയോളം സംഭാവന നൽകാനാവുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. 
സോപ്പ്, സാനിറ്റൈസർ, മാസ്‌കുകൾ എന്നിവ ലഭ്യമല്ലാത്ത 20,000 കുടുംബങ്ങൾക്ക് അവ എത്തിക്കുന്നതിനായി എംഐ.കോം വഴി ഒരു കോടി രൂപ ധനസമാഹരണവും നടത്തും. കോവിഡ് വ്യാപനം അന്താരാഷ്ട്ര തലത്തിൽ സ്മാർട്ട് ഫോൺ കമ്പനികൾക്ക് വലിയ ആഘാതമാണ് ഏൽപിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ ആഗോള തലത്തിലുള്ള സ്മാർട്ട് ഫോൺ വിൽപനയിൽ 14 ശതമാനത്തിന്റെ ഇടിവുണ്ടായെന്നാണ് കണക്ക്. 
ചൈനീസ് സ്മാർട്ട് ഫോൺ ബ്രാൻഡായ ഷാവോമിയുടെ വുഹാനിലുള്ള ആസ്ഥാനത്തിലെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി പുനരാരംഭിച്ചിട്ടുണ്ട്. മാസ്‌ക്, ഹാൻഡ് സാനിറ്റൈസർ എന്നിവ ഉൾപ്പെടുന്ന ആരോഗ്യ മുൻകരുതലിനായുള്ള വസ്തുക്കൾ നൽകിക്കൊണ്ടാണ് ജീവനക്കാരുടെ ആദ്യ സംഘത്തെ ആസ്ഥാനത്തേക്ക് അയച്ചത്. 
കർശനമായ മുൻകരുതലുകൾ നടപടികൾ കൈക്കൊണ്ടായിരിക്കും ഇവിടുത്തെ പ്രവർത്തനങ്ങൾ. രണ്ട് തവണ താപനില പരിശോധന, രണ്ട് മാസ്‌കുകൾ, ഭക്ഷണം കഴിക്കുന്നതിലെ നിയന്ത്രണങ്ങൾ എന്നിവയെല്ലാം അതിൽ പെടും. 
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനീസ് നഗരമാണ് വുഹാൻ. കൊറോണ വൈറസ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ജനുവരി 20 നാണ് ഷാവോമി ആസ്ഥാനത്തെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ നിർബന്ധിതരായത്. 
വുഹാൻ ഈസ്റ്റ് ലേക്ക് മേഖലയിൽ സ്ഥിതി ചെയ്യുന്ന ആസ്ഥാനം 52,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഭൂമിക്കടിയിൽ രണ്ട് നിലകളും ഭൂമിക്ക് മുകളിൽ ഏഴ് നിലകളുമുള്ള കെട്ടിടമാണിത്. 2400 മുതൽ 3000 ജീവനക്കാരെ വരെ ഉൾക്കൊള്ളാൻ ഈ സ്ഥാപനത്തിനാവും. 

Latest News