Sorry, you need to enable JavaScript to visit this website.

വീട്ടിലിരുന്ന് പഠനം: സ്വയം പഠനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

കോവിഡ് വ്യാപനത്തിനെതിരായ ജാഗ്രതയുടെ ഭാഗമായി സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കയാണ്. സ്വയം പഠനം അല്ലെങ്കിൽ ഓൺലൈൻ വഴിയുള്ള വിദൂര പഠനമാണ് ലോകമെമ്പാടും ഇപ്പോൾ ആശ്രയിക്കുന്നത്. സ്വയം പഠനം എന്നു പറയുമ്പോൾ  തോന്നുമ്പോൾ പഠിക്കുക എന്നല്ല അർഥമാക്കുന്നത്. അതിനും മറ്റുള്ളവരുടെ സഹായവും അച്ചടക്കവുമൊക്കെ ആവശ്യമാണ്. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തുകൊണ്ട് വീടുകളിലിരുന്ന് പഠിക്കുന്ന വിദ്യാർഥികൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

സ്റ്റഡി പ്ലാൻ
ആദ്യം വേണ്ടത് സ്റ്റഡി പ്ലാൻ തയാറാക്കുകയാണ്. ഇതിനായി വാൾ പ്ലാനർ ഉപയോഗിക്കുകയോ മൊബൈൽ ഫോണിൽ റിമൈൻഡറുകളും അലാറങ്ങളും സെറ്റ് ചെയ്യുകയോ ആകാം. ഓരോ വിഷയത്തിനും സ്റ്റഡി പ്ലാൻ തയാറാക്കുകയും നിശ്ചിത സമയത്തിനകം അതു പൂർത്തിയാക്കാൻ ശ്രമിക്കുകയും വേണം. സ്‌കൂളുകൾ തുറന്നാൽ പാഠങ്ങൾ ആവർത്തിക്കുമെന്ന ധാരണ പാടില്ല. ഇപ്പോൾ തന്നെ ഓരോ വിഷയത്തിലെയും പാഠങ്ങളെ കുറിച്ച് വ്യക്തമായ ധാരണ വരുത്തുകയും വേണം.

നോട്ടെഴുതണം
പഠിക്കുമ്പോൾ തന്നെ നോട്ടുകൾ തയാറാക്കണം. പിന്നീട് നോക്കുമ്പോൾ ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകുന്ന വിധമായിരിക്കണം നോട്ടുകൾ. എല്ലാ വിശദാംശങ്ങളും ഉൾപ്പെടുത്തണമെന്ന് പറയുമ്പോൾ പുസ്തകത്തിലുള്ള ഓരോ വരിയും വാക്കും പകർത്തി വെക്കലാണെന്ന് തെറ്റിദ്ധരിക്കരുത്. പ്രധാന പോയന്റുകളാണ് ആവശ്യം. പഠിച്ച കാര്യങ്ങൾ നിങ്ങളുടെ സ്വന്തം വാക്കുകളിലാണ് എഴുതിവെക്കേണ്ടത്. പ്രധാന നിർവചനങ്ങളും കട്ടിവാക്കുകളുടെ അർഥവും നോട്ടിൽ ഉൾപ്പെടുത്തണം.

വീഡിയോ ക്ലാസുകൾ
നിങ്ങളുടെ വീട്ടിലിരുന്നാണ് വീഡിയോ ക്ലാസുകൾ കേൾക്കുന്നത്. അതുകൊണ്ട് തന്നെ യഥാസമയം ലോഗ് ഇൻ ചെയ്യാൻ ശ്രദ്ധിക്കണം. അധ്യയന ഭാഗങ്ങൾക്കായി തയാറാക്കിയ ലെസൻ പ്ലാനുകളിൽ ചിലപ്പോൾ മാറ്റം വരുത്തേണ്ടിവരും. 

മോക്ക് ടെസ്റ്റ്
പഠന പുരോഗതി വിലയിരുത്തുക എന്നത് ഓൺലൈൻ പഠനത്തിലും ഒഴിച്ചു കൂടാൻ പാടില്ലാത്തതാണ്. സ്വയം പഠിക്കുമ്പോൾ തന്നെ ഓൺലൈനിൽ ലഭ്യമായ മോക്ക് ടെസ്റ്റുകളും ഓൺലൈൻ ക്വിസുകളും വഴി ഒരോ വിഷയത്തിലും നേടിയ പുരോഗതി വിലയിരുത്താൻ പറ്റും. 

വിശ്രമം
മാനസിക സമ്മർദം കുറച്ചു വേണം ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനും സ്വയം പഠനം മുന്നോട്ടു കൊണ്ടുപോകാനും. സമ്മർദം കുറക്കുന്നതിന് ഇടവേളകളും ആവശ്യമാണ്. അതുകൊണ്ട് പഠനത്തിനിടയിൽ കുറച്ചു നേരത്തെ ഇടവേള ഉറപ്പാക്കണം.
 

Latest News