ന്യൂദൽഹി- ഇന്ത്യയുടെ ജി.ഡി.പി (മൊത്ത ആഭ്യന്തര ഉൽപാദനം)യിൽ വൻ കുറവ്. രണ്ടു വർഷത്തെ ഏറ്റവും വലിയ കുറവാണ് 2017-ലെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 6.1 -ൽനിന്ന് 5.7 ശതമാനമായാണ് കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 7.9 ശതമാനമുണ്ടായിരുന്ന ജി.ഡി.പിയാണ് ഇത്തവണ കുത്തനെ കുറഞ്ഞത്. ജി.എസ്.ടി ഏർപ്പെടുത്തിയ ശേഷം ജി.ഡി.പിയിൽ വർധനവുണ്ടാകുമെന്നെല്ലാം വിലയിരുത്തലുകളുണ്ടായിരുന്നെങ്കിലും നേർ വിപരീതമായാണ് സംഭവിച്ചത്. കഴിഞ്ഞ നവംബറിൽ നോട്ട് നിരോധനം ഏർപ്പെടുത്തിയ ശേഷം ജി.ഡി.പിയിൽ കുറവുണ്ടായിരുന്നു. അത് താൽക്കാലിക പ്രതിഭാസം മാത്രമാണെന്നും അധികം വൈകാതെ ജി.ഡി.പിയിൽ വൻ കുതിപ്പുണ്ടാകുമെന്നുമായിരുന്നു സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെട്ടിരുന്നത്.