കേരളത്തില്‍ 21 പേര്‍ക്ക് കൂടി കൊറോണ ;ഏഴ് ജില്ലകള്‍ തീവ്രബാധിത പ്രദേശങ്ങള്‍


തിരുവനന്തപുരം- സംസ്ഥാനത്ത് പുതിയതായി 21 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാസര്‍ഗോഡ് ജില്ലയില്‍ എട്ട് പേര്‍ക്കും ഇടുക്കിയില്‍ അഞ്ച് രോഗികള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.പത്തനംതിട്ട,തൃശൂര്‍,മലപ്പുറം,കോഴിക്കോട്.കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവും ഇന്ന് വൈറസ് പരിശോധനാഫലം പോസിറ്റീവായതായി മുഖ്യമന്ത്രി പറഞ്ഞു.കൊല്ലത്ത് 27 വയസുള്ള ഗര്‍ഭിണിക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഏഴ് ജില്ലകള്‍ തീവ്രബാധിത പ്രദേശങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസര്‍ഗോഡ്,കണ്ണൂര്‍,എറണാകുളം,തിരുവനന്തപുരം,തൃശൂര്‍,പത്തനംതിട്ട,മലപ്പുറം ജില്ലകളെയാണ് ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചത്. റാപ്പിഡ് ടെസ്റ്റിന് കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. അന്തര്‍സംസ്ഥാന ചരക്ക് നീക്കത്തിന് കേന്ദ്രസര്‍ക്കാരിനോട് നടപടിയും പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.കേരളത്തില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 286 പേരായി. 256 ആളുകളാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് മാത്രം 8456 പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
 

Latest News