ലോക്ക്ഡൗണ്‍ വിനയായി; വില കൂടിയ പുഷ്പങ്ങളും സ്‌ട്രോബറിയും ബ്രക്കോളിയും കന്നുകാലികള്‍ക്ക് നല്‍കി കര്‍ഷകര്‍

 

ന്യൂദല്‍ഹി- കൊറോണ വൈറസിനെ തുടര്‍ന്ന് രാജ്യത്ത് പെട്ടെന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ദുരിതത്തിലായത് പ്രീമിയം ഫാം കര്‍ഷകരാണ്. വിലകൂടിയ പഴവര്‍ഗങ്ങളും പച്ചക്കറികളും പുഷ്പങ്ങളും കൃഷി ചെയ്യുന്നവര്‍ വിളവെടുത്ത ടണ്‍ കണക്കിന് ഉല്‍പ്പന്നങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണെന്നാണ് റിപ്പോര്‍ട്ട്.ചരക്ക് നീക്കം തകരാറിലായതും വിപണിയില്‍ ഡിമാന്റ് ഇടിഞ്ഞതുമാണ് ഇവര്‍ക്ക് വില്ലനായത്. സാധാരണഗതിയില്‍ വന്‍ വില ലഭിക്കുന്ന ബ്രക്കോളി,സ്‌ട്രോബറി തുടങ്ങിയ ഫലവര്‍ഗങ്ങള്‍ വിളവെടുത്ത ശേഷം കാലികള്‍ക്ക് ഭക്ഷണായി നല്‍കുകയാണ് മുംബൈയിലെ കര്‍ഷകര്‍.പ്രീമിയം ഫാം ഉല്‍പ്പന്നങ്ങളുടെ വില വേനല്‍ക്കാലത്ത് കുതിച്ച് ഉയരുകയാണ് പതിവ്. പക്ഷേ ഇന്ത്യയിലെ കാര്‍ഷിക വിതരണ ശ്യംഖല തന്നെ ലോക്ക്ഡൗണിനെ തുടര്‍ന്ന് താറുമാറായതിനാല്‍ കര്‍ഷകര്‍ക്ക് വിപണിയിലേക്ക് ചരക്കുകള്‍ എത്തിക്കാന്‍ സാധിക്കുന്നില്ല. ഇതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്.പെട്ടെന്നുള്ള ഡിമാന്റ് ഇടിയല്‍ ലക്ഷകണക്കിന് കര്‍ഷകരെയാണ് ബാധിച്ചിരിക്കുന്നത്.

വിദേശികളും ഐസ്‌ക്രീം ഉല്‍പ്പാദകരും ആണ് രാജ്യത്തെ പ്രധാന സ്‌ട്രോബറി പോലുള്ള ഉയര്‍ന്ന പ്രീമിയം ഫലവര്‍ഗങ്ങളുടെ  ഉപഭോക്താക്കളെന്ന് ദക്ഷിണ മുംബൈയിലെ കര്‍ഷകനായ അനില്‍ സലുങ്കെ പറയുന്നു. അതുകൊണ്ട് രണ്ട് ഏകര്‍ വിസ്തൃതിയുള്ള ഫാമില്‍  ഉല്‍പ്പാദിപ്പിച്ച ബ്രക്കോളിയും ചെറിയും സ്‌ട്രോബറിയും ഉള്‍പ്പെടെയുള്ളവ കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കുകയാണെന്ന് അദ്ദേഹം പറയുന്നു. എട്ട് ലക്ഷം രൂപയെങ്കിലും കിട്ടുമായിരുന്ന ഫലവര്‍ഗങ്ങളും പച്ചക്കറികളുമാണ് ഇത്തരത്തില്‍ നശിക്കുന്നത്. 2.5 ലക്ഷം ഇതിന്റെ ഉല്‍പ്പാദനചിലവ് മാത്രം വരുമെന്നും അദ്ദേഹം പറയുന്നു.ഇത് മുംബൈയിലെ മാത്രം സ്ഥിതിയല്ലെന്ന് ബംഗളുരുവിലെ ഫാം കര്‍ഷകരും പറയുന്നു. വിളവെടുത്ത പതിനഞ്ച് ടണ്‍ മുന്തിരി വിപണിയിലെത്തിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മുഴുവന്‍ വനത്തിലേക്ക് വലിച്ചെറിയേണ്ടി വന്നുവെന്ന് ബംഗളുരു സ്വദേശിയായ കര്‍ഷകന്‍ മുനിഷാമപ്പ പറയുന്നു. അഞ്ച് ലക്ഷം രൂപയാണ് ഉല്‍പ്പാദന ചെലവ്. അടുത്തുള്ള ഗ്രാമീണര്‍ പോലും സൗജന്യമായി തന്റെ മുന്തിരി ശേഖരിക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മുന്തിരി യൂറോപ്പിലേക്ക് വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാല്‍ കൊറോണ കാരണം ഉണ്ടായ പ്രതിസന്ധി രാജ്യത്തെ മുന്തിരി കര്‍ഷകരെ ദോഷകരമായി ബാധിച്ചുവെന്ന് മുന്തിരി കയറ്റുമതിക്കാരായ സഹ്യാദ്രി ഫാമിലെ ധ്യാനേഷ് അഗ്ലേ പറയുന്നു.

ഫലവര്‍ഗങ്ങളുടെയും പച്ചക്കറികളുടെയും സ്ഥിതി തന്നെയാണ് വിലകൂടിയ പുഷ്പങ്ങള്‍ കൃഷി ചെയ്യുന്നവര്‍ക്കും സംഭവിച്ചിരിക്കുന്നത്. ആവശ്യാനുസരണം ഉല്‍പ്പാദിപ്പിക്കുന്നതായിട്ട് പോലും നേരത്തെ പറഞ്ഞുറപ്പിച്ച വിവാഹങ്ങള്‍ റദ്ദാക്കിയതിനാല്‍ അവര്‍ക്കും വലിയ നഷ്ടമാണ് നേരിട്ടത്. ഒരു പുഷ്പം 15 മുതല്‍ ഇരുപത് രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇപ്പോള്‍ ഒരു രൂപയ്ക്ക് പോലും ആര്‍ക്കും വേണ്ടെന്ന് രാഹുല്‍ പവാര്‍ എന്ന കര്‍ഷകന്‍ പറയുന്നു. രണ്ട് ഏക്കര്‍ സ്ഥലത്താണ് അദ്ദേഹം പുഷ്പകൃഷി നടത്തിയത്. കമ്പോസ്റ്റ് കുഴിയില്‍ നിക്ഷേപിക്കുകയാണ് പൂക്കളെന്നും അദ്ദേഹം പറഞ്ഞു.
 

Latest News