Sorry, you need to enable JavaScript to visit this website.

ലോക്ഡൗണ്‍ ആവശ്യമെങ്കിലും ആസൂത്രണമില്ലാതെ നടപ്പാക്കി-സോണിയ

ന്യൂദല്‍ഹി- രാജ്യവ്യാപകമായി 21 ദിവസത്തെ ലോക്ഡൗണ്‍ ആവശ്യമായിരുന്നെങ്കിലും അത് നടപ്പിലാക്കിയതിലെ ആസൂത്രണമില്ലായ്മ രാജ്യത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ വേദനയിലേക്കും കുഴപ്പത്തിലേക്കും തള്ളിവിട്ടുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയ യോഗത്തില്‍ ആമുഖ പ്രസംഗം നടത്തുകയായിരന്നു അവര്‍.

കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ വിശ്വാസ യോഗ്യമായ പരിശോധനയാണ് പ്രധാനം. ഇതാണ് തുടര്‍ച്ചയായി നടക്കേണ്ടത്. അതുകൊണ്ട് തന്നെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഏറ്റവും കൂടുതല്‍ പിന്തുണ ലഭിക്കണം.
ഹസ്മത്ത് സ്യൂട്ട്, എന്‍-95 മാസ്‌ക് പോലുള്ള വ്യക്തിസുരക്ഷാ സാമഗ്രികള്‍ അവര്‍ക്ക് ഉറപ്പാക്കണമെന്നും സോണിയ പറഞ്ഞു.

ഇതുപോലെ തന്നെ പ്രധാനമാണ് കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളില്‍ വെന്റിലേറ്ററുകളുടേയും ശ്വസന ഉപകരണങ്ങളുടേയും ലഭ്യത. തയാറെടുപ്പുകളുടേയും സൗകര്യങ്ങളുടേയും അഭാവം കൊണ്ടല്ല രോഗം പടരുന്നതെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് സാധിക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെമ്പാടും തുല്യതയില്ലാത്ത ക്ലേശമാണ് മഹാമാരി നല്‍കിയിരിക്കുന്നതെങ്കിലും മാനവികതയേയും സാഹോദര്യത്തേയും അത് ഊട്ടിയുറപ്പിക്കുന്നുണ്ടെന്നും സോണിയാ ഗാന്ധി പറഞ്ഞു.

 

Latest News