മുംബൈ- കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലിംകള് ശാബെ ബറാഅത്ത് വീടുകളിലിരുന്ന് ആചരിക്കണമെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍ അഭ്യര്‍ഥിച്ചു. ഡോ.ബി.ആര്. അംബേദ്കര്‍ ജന്മവാര്ഷിക ആഘോഷം നീട്ടിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവര്‍ഷവും ആവേശത്തോടെ ആഘോഷിക്കാറുള്ള രാമ നവമി ഇന്ന് ആചരിക്കുകയാണ്. വീടുകളിലിരുന്ന് ഭക്തര്‍ രാമനെ അനുസ്മരിക്കുമെന്ന് തനിക്ക് ഉറപ്പാണെന്നും പവാര്‍ ഫേസ് ബുക്കില്‍ കുറിച്ചു.
ഏപ്രില്‍ എട്ടിനാണ് ബറാഅത്ത് രാവ്. ഈ ദിവസം മുസ്ലിംകള് ബന്ധുക്കളെ ഓര്‍മിക്കുന്നതിനായി ഖബറിടങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ദല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ് ലീഗ് സമ്മേളനം ഒഴിവാക്കേണ്ടതായിരുന്നു. അത്തരം കാര്യങ്ങള്‍ ബറാഅത്തില്‍ ആവര്‍ത്തിക്കാന്‍ പാടില്ല. തലസ്ഥാനത്ത് നടന്ന സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വൈറസ് വാഹകരാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തില്‍ അധികൃതര്‍ നിര്‍ദേശിച്ച അച്ചടക്കം പാലിക്കണം.
ഏപ്രില്‍ 14 നാണ് അംബേദ്കര്‍ ജന്മവാര്‍ഷികം. രണ്ടോ അതില്‍ കൂടുതലോ മാസങ്ങള്‍ നാം ആഘോഷിക്കാറുണ്ടെന്നും പുതിയ സാഹചര്യത്തില്‍ നമ്മള് ഒത്തുചേര്‍ന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്നും മുന്‍ കേന്ദ്ര മന്ത്രി കൂടിയായ ശരദ് പവാര്‍ ഉണര്‍ത്തി.
90 ശതമാനം ആളുകളും ലോക്ഡൗണ്‍ പാലിക്കുമ്പോള്‍ പത്ത് ശതമാനം മാത്രമാണ് ലംഘിക്കുന്നത്. ഏപ്രില്‍ 14 വരെ കര്‍ശന അച്ചടക്കം പാലിക്കുന്നില്ലെങ്കില്‍ കേന്ദ്രത്തിനും മഹാരാഷ്ട്ര സര്‍ക്കാരിനും ലോക്ഡൗണ്‍ നീട്ടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
രാപ്പകല്‍ ഭേദമില്ലാതെ മുഖ്യമന്ത്രി ഉദ്ദവ് താക്കറേയും സംസ്ഥാന ഭരണകൂടവും പോലീസും നടത്തുന്ന സേവനങ്ങളെ പ്രകീര്‍ത്തിച്ച പവാര്‍ വീടുകളിലിരുന്നു കൊണ്ട് ജനങ്ങള്‍ അവരുമായി സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചു.






