Sorry, you need to enable JavaScript to visit this website.

ജീവൻ തിരിച്ചുപിടിച്ചത് കഠിന പ്രയത്‌നത്തിലൂടെ; നന്ദിയോടെ ബ്രയാൻ 

കൊച്ചി- കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പൗരൻ ബ്രയാൻ നീൽ രോഗമുക്തി നേടി ആശുപത്രി വിടുമ്പോൾ കളമശ്ശേരി മെഡിക്കൽ കോേളജിലെ വൈദ്യസംഘത്തിന് ഇരട്ടി സന്തോഷം. മഹാമാരിയായ കൊവിഡിന്റെ പിടിയിൽനിന്ന് കഠിനശ്രമത്തിലൂടെയാണ് ഇവർ ബ്രയാന്റെ ജീവൻ തിരിച്ചുപിടിച്ചത്. 
മരണത്തെ പരാജയപ്പെടുത്തി വീണ്ടെടുത്ത ജീവിതം ബ്രയാനു നൽകുമ്പോൾ അതൊരു യുദ്ധം ജയിച്ച സന്തോഷമാണ് എറണാകുളത്തെ ആരോഗ്യ പ്രവർത്തകർക്ക്. തന്നെ വീണ്ടും ജീവിതത്തിലേക്ക് കൈപിടിച്ചുയുർത്തിയ മെഡിക്കൽ സംഘത്തിനും കേരളത്തിനും കൂപ്പുകൈകളോടെ നന്ദി പറയുകയാണ് ബ്രയാൻ. 


മാർച്ച് 15 നാണ് കൊവിഡ് 19 പരിശോധനാ ഫലം പോസിറ്റീവായതിനെ തുടർന്ന് 57 കാരനായ ബ്രയാനെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ജെയ്ൻ ലോക്ക് വുഡും ഒപ്പമുണ്ടായിരുന്നു. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായ ന്യുമോണിയ ബാധിച്ച നിലയിലായിരുന്നു ബ്രയാൻ അപ്പോൾ. ഇത് രൂക്ഷമായതിനെ തുടർന്ന് രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞു കൊണ്ടിരുന്നു. ശ്വാസോച്ഛാസം അപകടനിലയിലേക്ക് എത്തുകയും ചെയ്തു. തുടർന്ന് സംസ്ഥാന മെഡിക്കൽ ബോർഡിന്റെ അനുമതിയോടെ ബ്രയാന് എച്ച്.ഐ.വി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ മരുന്നുകളായ റിറ്റോനാവിർ, ലോപിനാവിർ കോമ്പിനേഷൻ നൽകി. 14 ദിവസം ഇത് തുടർന്നു. വൈറൽ ഫിൽറ്റർ ഘടിപ്പിച്ച ഇന്റർഫേസ് വെന്റിലേഷനാണ് ബ്രയാന് നൽകിയത്. മരുന്നുകൾ നൽകി മൂന്നു ദിവസം കഴിഞ്ഞപ്പോൾ ആരോഗ്യനിലയിൽ പുരോഗതി കൈവന്നു. പക്ഷേ പനി വിട്ടുമാറിയില്ല. എക്സ്‌റേ കളിൽ അദ്ദേഹത്തിന്റെ ഇടത് ലംഗ്സ് പൂർണമായും വലത് ലംഗ്സ് ഭാഗികമായും ന്യൂമോണിയ പടർന്നതായി കണ്ടെത്തി. ഏഴ് ദിവസമായപ്പോൾ ന്യൂമോണിയ കുറഞ്ഞു വന്നു. ഇതോടെ പനിയും കുറഞ്ഞു. കൊവിഡ് 19 പരിശോധനാഫലവും നെഗറ്റീവായി. ഈ കാലയളവിൽ സി.ടി സ്‌കാൻ ഉൾപ്പടെയുള്ള പരിശോധനകളും നടത്തി. കഴിഞ്ഞ അഞ്ചു ദിവസമായി സ്വയം ശ്വാസം എടുക്കുകയും രക്തത്തിൽ ഓക്സിജന്റെ അളവ് 97 ശതമാനമാവുകയും ചെയ്തു. ഇതോടെ ഇന്നലെ ബ്രയാൻ നീൽ ആശുപത്രി വിട്ടു. 


ഡോ. ഫത്താഹുദ്ദീൻ, ഡോ. ജേക്കബ് കെ. ജേക്കബ്, ഡോ. ഗണേശ് മോഹൻ, ഡോ. ഗീത നായർ, ഡോ. വിധു കുമാർ, ഡോ. വിഭ സന്തോഷ്, ഡോ. റെനി മോൾ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘമാണ് ബ്രയാനെ ചികിത്സിച്ചത്. നഴ്സിംഗ് സൂപ്രണ്ട് സാന്റി അഗസ്റ്റിൻ, ഹെൽത്ത് ഇൻസ്പെക്ടർ ടി.ടി. രതീഷ്, സ്റ്റാഫ് നേഴ്സുമാരായ നിർമല, വിദ്യ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 
സാമ്പിൾ ശേഖരിക്കുന്നതിനും പരിശോധനക്കും നേതൃത്വം നൽകിയത് ഡോ. ലാൻസി, ഡോ. നീത, ഡോ. നിഖിലേഷ് മേനോൻ, ഡോ. മനോജ് ആന്റണി എന്നിവരാണ്. സമ്പർക്കപ്പട്ടിക തയാറാക്കുന്നതിന് ഡോ. മഞ്ജുള, ഡോ. ബിന്ദു വാസുദേവ്, ഡോ. ആൽവിൻ എന്നിവർ നേതൃത്വം നൽകി. ബ്രയാനോടൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഭാര്യയെ കോവിഡ് ഫലം നെഗറ്റീവ് ആയതിനാൽ നേരത്തെ ഡിസ്ചാർജ് ചെയ്തിരുന്നു. മന്ത്രി കെ.കെ. െൈശലജ, മന്ത്രി വി.എസ്. സുനിൽ കുമാർ, ജില്ലാ കലക്ടർ എസ്. സുഹാസ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, മെഡിക്കൽ സൂപ്രണ്ട് ഡോ. പീറ്റർ പി. വാഴയിൽ എന്നിവർക്ക് ബ്രയാൻ നന്ദി അറിയിച്ചു.

Latest News