Sorry, you need to enable JavaScript to visit this website.

ഭയപ്പെടേണ്ട നാളുകള്‍ ഇങ്ങെത്തി-ആരോഗ്യ വിദഗ്ധന്‍

ന്യൂദല്‍ഹി-കൊറോണ വൈറസ് വ്യാപനത്തിന്റെ മൂന്നാംഘട്ടത്തിലാണ് രാജ്യമെന്ന വെളിപ്പെടുത്തലുമായി കോവിഡ് 19 ഹോസ്പിറ്റല്‍സ് ടാസ്‌ക് ഫോഴ്‌സ് കണ്‍വീനര്‍ ഗിര്‍ധര്‍ ഗ്യാനി. ലോകം തന്നെ കൊറോണ വൈറസിനെ കീഴടക്കാന്‍ പൊരുതുമ്പോളാണ് ഡോ. ഗിര്‍ധര്‍ ഗ്യാനിയുടെ വെളിപ്പെടുത്തല്‍. ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'ഔദ്യോഗികമായി നമ്മള്‍ കോവിഡ് വ്യാപനത്തിന്റെ മൂന്നാം സ്‌റ്റേജെന്ന് പറയുന്നില്ലെങ്കിലും അതാണ് വാസ്തവം'. കാര്യങ്ങള്‍ മൂന്നാം ഘട്ടത്തിന്റെ തുടക്കത്തില്‍ എത്തിയിരിക്കുന്നു. ഇനി വരാനിരിക്കുന്ന അഞ്ച് മുതല്‍ പത്തു വരെയുള്ള ദിവസങ്ങള്‍ അതി നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് വന്നിട്ടില്ല.
അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയേഴ്‌സ് പ്രൊവൈഡേഴ്‌സിന്റെ സ്ഥാപകനായ ഗിര്‍ധര്‍ ഗ്യാനി കഴിഞ്ഞ മാര്‍ച്ച് 24ന് പ്രധാനമന്ത്രിയുമായി ആരോഗ്യ വിദഗ്ധര്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിലും പങ്കെടുത്തിരുന്നു. സമൂഹ വ്യാപനം ശക്തമാകുന്ന ഭീതിപ്പെടുത്തുന്ന സാഹചര്യമാണ് മൂന്നാംഘട്ടമായി അദ്ദേഹം വിശേഷിപ്പിക്കുന്നത്. രോഗത്തിന്റെ ഉറവിടമോ, ആര്‍ക്കൊക്കെ രോഗം പടര്‍ന്നെന്നോ കണ്ടെത്താനാവാതെ ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരും നിസഹായരാവുന്ന അവസ്ഥയാണിത്. രാജ്യത്ത് നിലവില്‍ അത്തരമൊരു സാഹചര്യമാണെന്ന് എവിടെ നിന്നും സ്ഥിരീകരണമില്ലെങ്കിലും നാം അതിലേക്കാണ് നടന്നടുക്കുന്നതെന്ന് ഗിര്‍ധര്‍ ഗ്യാനി മുന്നറിയിപ്പ് നല്‍കി.
ഇതുവരെ രോഗ ലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ അത് കാണിച്ചു തുടങ്ങുന്ന ദിവസങ്ങള്‍. നാം അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഗ്യാനിയുടെ അഭിപ്രായങ്ങള്‍ പിന്താങ്ങിക്കൊണ്ട് ചില ആരോഗ്യ വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളില്‍ റാപിഡ് ടെസ്റ്റുകള്‍ നടത്തണമെന്നും അവര്‍ അറിയിച്ചിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരും അതിനെ പിന്തുണച്ച് രംഗത്തുവന്നു. ഇനി വരാനിരിക്കുന്ന ദിവസങ്ങള്‍ അതിന് വേണ്ടിയുള്ളതാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനം വിളിച്ച് അറിയിച്ചിരുന്നു.
നിലവില്‍ സര്‍ക്കാറിന്റെ കയ്യില്‍ ആവശ്യത്തിനുള്ള ടെസ്റ്റിങ് കിറ്റുകളില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ പനി, ചുമ, ശ്വാസതടസ്സം പോലുള്ള മൂന്ന് തരം രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ മാത്രമാണ് ടെസ്റ്റ് ചെയ്യുന്നത്. ഒരു ലക്ഷണം മാത്രമുള്ളവരെ കൂടി ടെസ്റ്റ് ചെയ്യുന്ന സംവിധാനം വേണം. പനിയുള്ള ഒരാളെ കോവിഡ് 19ന് ടെസ്റ്റ് ചെയ്യുന്നതിന് പകരം അടുത്തുള്ള സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ ആശുപത്രിയില്‍ പോയി പരിശോധിക്കാനാണ് നിര്‍ദേശിക്കുന്നത്. കാരണം വൈറസ് ബാധയുള്ള ആളുകള്‍ ഉപയോഗിച്ച ടെസ്റ്റിങ് കിറ്റുകളിലൂടെ അവര്‍ക്കും രോഗം പടരാതിരിക്കാനാണത്. ടെസ്റ്റിങ് കിറ്റുകളുടെ ലഭ്യതക്കുറവാണ് ഇത്തരം അവസ്ഥ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

Latest News