Sorry, you need to enable JavaScript to visit this website.

കുഴിമന്തിയും അൽഫാമും ഒഴിഞ്ഞു;  തീൻമേശയിലിപ്പോൾ കഞ്ഞിയും ചക്കയും

അയൽ വീട്ടിൽനിന്ന് ചക്ക ശേഖരിച്ച് കൊണ്ടുപോകുന്നവർ.


കൊണ്ടോട്ടി- മലയാളി വിദേശത്തേക്കും തമിഴ്‌നാട്ടിലേക്കും കയറ്റി അയച്ച തൊടിയിൽ വിളഞ്ഞ ചക്ക മുതൽ വാഴത്തട്ട വരെയുള്ള വിഭവങ്ങൾ കൊറോണക്കാലത്ത് തീൻമേശകളിൽ നിറയുന്നു.
മുതിർന്നവരേക്കാളേറെ ന്യൂജൻ പിള്ളേരടക്കം നാടിന്റെ തനത് രുചി അറിഞ്ഞതോടെ ബിരിയാണിയും കുഴിമന്തിയും ഒഴിവാക്കി ചക്കയിലേക്കും കഞ്ഞിയിലേക്കുമാണ് തിരിച്ചു പോകുന്നത്. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായ ചക്കക്ക് ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ച കാലമാണിത്.
സാധാരാണ ചക്ക തമഴ്‌നാട്ടിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കുമാണ് പ്രധാനമായും കയറ്റി അയക്കാറുള്ളത്. ഇവ ശേഖരിക്കാനായി മാത്രം ഏജന്റുമാർ വീടുകൾ കയറി ഇറങ്ങുന്നതും പതിവായിരുന്നു. എന്നാൽ കൊവിഡ് 19 നിയന്ത്രണം വന്നതോടെ ഗൾഫിലേക്ക് വിമാനങ്ങൾ നിർത്തിയതും, തമഴ്‌നാട്ടിലേക്ക് വാഹന ഗാതാഗതം ഇല്ലാതായതും കയറ്റുമതിക്ക് തിരിച്ചടിയായി. ഇതോടെയാണ് തീൻമേശകളിലേക്ക് ചക്കയും കഞ്ഞിയും വീണ്ടുമെത്തിയത്.


ചക്ക, വാഴത്തട്ട, വാഴക്കഴമ്പ്, ചേമ്പ്, മധുരക്കിഴങ്ങ്, കപ്പ തുടങ്ങി നാടൻ വിഭവങ്ങളാണ് ഇന്ന് ഭക്ഷണത്തിനായി കൂടുതൽ പേരും ഉപയോഗിക്കുന്നത്. കുട്ടികൾ മുതൽ ന്യൂജെൻ പിള്ളേർവരെ മുൻഗാമികളുടെ ഗൃഹാതുരതയുണർത്തുന്ന വിഭവങ്ങളോട് സമരസപ്പെട്ട് പോകുന്നതായി മുതിർന്നവർ പറയുന്നു. ഒഴിവ് ദിനങ്ങളിൽ ബിരിയാണി കുഴിമന്തി ബ്രോസ്റ്റ് തുടങ്ങിയവക്ക് പിന്നാലെ പോയവർക്ക് നാടിന്റെ തനത് വിഭവങ്ങളുടെ രൂചി നാവിൻ തുമ്പിലെത്തിക്കാൻ ലോക്ഡൗൺ വേണ്ടി വന്നു. ആവശ്യ സാധനങ്ങൾ കിട്ടാക്കനിയായതോടെയാണ് നാടൻ വിഭവങ്ങളിലേക്ക് മലയാളിയെ തിരിച്ചു നടത്തിയത്.


വിഷുക്കാലത്ത് ചക്കക്കും, കണിച്ചക്കക്കും വിദേശ രാജ്യങ്ങളിൽ വലിയ ഡിമാന്റാണുണ്ടായിരുന്നത്. വിഷമുക്തവും, ജൈവഗുണങ്ങളേറെയുള്ള പൂർവ ഫലവൃക്ഷമാണ് ചക്ക എന്നതിനാൽ വിദേശികൾക്കും ചക്കയോടായിരുന്നു പ്രിയം. ആയതിനാൽ തന്നെ മൂപ്പെത്തുന്നതിന് മുമ്പ് ചക്ക പൂർണമായും പറിച്ചെടുക്കാൻ ഏജന്റുമാർ ഗ്രാമങ്ങളിലെത്തിയിരുന്നു. ഇതോടെ മൂപ്പെത്തിയതും പഴുത്തതുമായ ചക്ക മലയാളിക്ക് അന്യമായി. കണിച്ചക്ക, കണിവെള്ളരി, കണിക്കൊന്ന തുടങ്ങിയവക്കാണ് വിഷുക്കാലത്ത് വിദേശത്ത് ആവശ്യക്കാരേറുന്നത്. ചക്ക കഴിഞ്ഞാൽ പിന്നീട് കൂടുതൽ പേരും വിഭവമാക്കുന്നത് വാഴത്തട്ടയും, വാഴയുടെ കഴമ്പുമാണ്. നേന്ത്രക്കായക്ക് പുറമെ വാഴയും പൂർണമായും ഭക്ഷണമാക്കുന്നുണ്ട് മലയാളി. ഗൾഫ് നാടിലേക്കായിരുന്നു ഇവ കൂടുതലായും കയറ്റി അയച്ചിരുന്നത്. മണ്ണിൽ കുഴിയെടുത്ത് അടുപ്പ് വെച്ച് കുഴിമന്തിയുണ്ടാക്കിയ മലയാളി മണ്ണിൽനിന്ന് കിളച്ചെടുത്തത് മാത്രം വീണ്ടും തീൻമേശകളിലേക്ക് എത്തിച്ച് ഗതകാല സ്മൃതികളിലേക്ക് മടങ്ങുകയാണ്.

 

 

Latest News