Sorry, you need to enable JavaScript to visit this website.

കർണാടകയുടെ ക്രൂരത; ചികിത്സ കിട്ടാതെ മരിച്ചത് ഏഴുപേർ, അധികം മിണ്ടിയാൽ തോക്ക് എടുക്കുമെന്ന് ഭീഷണി 

കാസർകോട് - കൊറോണ രോഗം പടരുന്നതിന്റെ പശ്ചാത്തലത്തിൽ തലപ്പാടി ദേശീയപാത അടച്ചുപൂട്ടി കർണാടക നടത്തുന്ന ക്രൂരത കാരണം വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ച കാസർകോട്ടുകാരുടെ എണ്ണം ഏഴായി. അവശനിലയിൽ മംഗളൂരുവിലെ ആശുപത്രികളിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്ന രോഗികളെ അതിർത്തിയിൽ തടഞ്ഞ് തിരിച്ചയക്കുകയാണ് കർണാടക പോലീസ്. കരഞ്ഞു പറഞ്ഞ് കാലു പിടിച്ചിട്ടും യാതൊരുു ദാക്ഷിണ്യവുമില്ലാതെ ആണ് കർണാടക പോലീസ് പെരുമാറുന്നത്. 


അധികം മിണ്ടിയാൽ തോക്കെടുത്ത്  വെടിവെക്കും എന്നാണ് ഭീഷണി മുഴക്കുന്നത്. അതിനിടെ കർണാടകം ഉന്നയിച്ച വാദഗതികളെല്ലാം തള്ളിക്കൊണ്ടാണ് കേരളം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. മംഗളൂരുവിലെ ആശുപത്രികൾ കേരളത്തിൽ നിന്നുള്ള രോഗികളെ അഡ്മിറ്റ് ചെയ്യാൻ കഴയില്ലെന്ന് പറഞ്ഞിരുന്ന കർണാടകയുടെ വാദം നിഷേധിക്കാൻ ആശുപത്രി അധികൃതരുടെ കത്ത് തന്നെ കേരളം ഹൈക്കോടതിയിൽ ഹാജരാക്കി. കേരളത്തിന്റെ അതിർത്തിയിലെ 200 മീറ്റർ കയ്യേറിയാണ് കർണാടക അതിർത്തിയിൽ മണ്ണിട്ട് അടച്ചതെന്നും കേരളം കോടതിയെ അറിയിച്ചു. മഞ്ചേശ്വരം തുമ്മിനാട് സ്വദേശിനി ബേബി (56), മഞ്ചേശ്വരത്തെ ശേഖർ (49) എന്നിവരാണ് ചൊവ്വാഴ്ച മരിച്ചത്. അതിർത്തിയിൽനിന്നും തിരിച്ചയച്ച ഇരുവരും മതിയായ ചികിത്സ കിട്ടാതെ മരണപ്പെടുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു ശേഖർ. 


മംഗളൂരുവിൽ പോയി ചികിത്സ തേടാൻ കഴിയാതെ തിങ്കളാഴ്ച രണ്ട് പേർ മരിച്ചിരുന്നു. കുഞ്ചത്തൂരിലെ മാധവ (49), കുഞ്ചത്തൂരിലെ ആയിഷ (58) എന്നിവരാണ് മരിച്ചത്. മംഗളൂരുവിലേക്കുള്ള അതിർത്തി അടച്ചതിനാൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കാണ് മാധവനെ കൊണ്ടുപോയത്. വഴിമധ്യേ ആംബുലൻസിൽവെച്ച്  മാധവ മരിക്കുകയായിരുന്നു. ആയിഷയെ അത്യാസന്ന നിലയിൽ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ നില അതീവ ഗുരുതരമായതിനാൽ ഇവരെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതർ നിർദേശിച്ചു. ഇത് സാധ്യമല്ലാത്തതിനാൽ  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഉദുമയിൽവെച്ച് മരണം സംഭവിക്കുകയായിരുന്നു. മംഗളൂരു ബിസി റോഡിലെ ഫാത്തിമ എന്ന പാത്തുഞ്ഞി (93), മഞ്ചേശ്വരത്തെ അബ്ദുൽ ഹമീദ്, ഉപ്പള ഗേറ്റിലെ അബ്ദുൽ സലാം (65) എന്നിവരാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ കർണാടകയുടെ കടുത്ത നിലപാടുമൂലം ചികിത്സ കിട്ടാതെ മരിച്ചത്. ഏഴുപേർ മരിച്ചിട്ടും തങ്ങളുടെ നിലപാട് പുനഃപരിശോധിക്കാൻ പോലും കർണാടക തയാറാകുന്നില്ല. 


പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും കേരള മുഖ്യമന്ത്രിയും പ്രശ്‌നത്തിൽ ഇടപെട്ടു നിലപാട് തിരുത്താൻ തയാറാകാതെ മലയാളികളെ കൊല്ലുകയാണ് കർണാാടക സർക്കാർ. കർണാടകയിൽ നിന്നുള്ള കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പ്രശ്‌നം എത്രയും വേഗം പരിഹരിച്ചിട്ട് വിളിക്കാമെന്ന് ഉറപ്പു നൽകിയിട്ട് ഇതുവരെ മറുപടി തന്നില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. 

 

Latest News