മലപ്പുറത്ത് രണ്ടു പേർക്ക് കൂടി കോവിഡ് 19 


മലപ്പുറം- മലപ്പുറം ജില്ലയിൽ രണ്ടു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തിയ തിരൂർ ആലിൻചുവട് സ്വദേശിയായ 51 കാരനും ഷാർജയിൽ നിന്നെത്തിയ എടപ്പാൾ സ്വദേശിയായ 32 കാരനുമാണ് വൈറസ് ബാധ. രണ്ടുപേരും മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. 


ഇതോടെ ജില്ലയിൽ വൈറസ് ബാധയുള്ളവരുടെ എണ്ണം 11 ആയി. മാർച്ച് 18 നാണ് രോഗബാധ സ്ഥിരീകരിച്ച തിരൂർ ആലിൻചുവട് സ്വദേശി ജില്ലയിലെത്തിയത്. ദുബായിൽനിന്ന് ഐ.എക്സ് - 346 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ രാത്രി പത്തിന് കരിപ്പൂർ വിമാനത്താവളത്തിലെത്തി. 
പരിശോധനകൾ പൂർത്തിയാക്കി ടാക്സിയിൽ തിരൂർ ആലിൻചുവടുള്ള സ്വന്തം വീട്ടിലെത്തി ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം പൊതുസമ്പർക്കമില്ലാതെ സ്വയം നിരീക്ഷണം ആരംഭിച്ചു. മാർച്ച് 29 വരെ വീട്ടിൽതന്നെ സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞു. 29 ന് രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് രാവിലെ തിരൂർ ജില്ലാ ആശുപത്രിയിൽ സ്വന്തം കാറിലെത്തി സാമ്പിൾ നൽകിയ ശേഷം ഉച്ചയ്ക്ക് വീട്ടിൽ തിരിച്ചെത്തി സ്വയം നിരീക്ഷണം തുടർന്നു. ഇന്നലെ  ആരോഗ്യവകുപ്പിന്റെ നിർദേശ പ്രകാരം മഞ്ചേരി  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.


രോഗബാധ സ്ഥിരീകരിച്ച എടപ്പാൾ സ്വദേശി മാർച്ച് 19 നാണ്  ജില്ലയിലെത്തിയത്. ഷാർജയിൽനിന്ന് ഐ.എക്സ് - 354 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ രാത്രി പത്തിന് കരിപ്പൂർ വിമാനത്താവളത്തിലെത്തി. പരിശോധനകൾ പൂർത്തിയാക്കി പന്താവൂർ സ്വദേശിയായ യാത്രക്കാരനൊപ്പം ടാക്സിയിൽ എടപ്പാളിലെ സ്വന്തം വീട്ടിലെത്തി ആരോഗ്യവകുപ്പിന്റെ നിർദേശ പ്രകാരം സ്വയം നിരീക്ഷണം ആരംഭിച്ചു. മാർച്ച് 30 വരെ വീട്ടിൽതന്നെ സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞു. 30 ന് രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഉച്ചയ്ക്ക് 108 ആംബുലൻസിൽ തിരൂർ ജില്ലാ ആശുപത്രിയിലെത്തി സാമ്പിൾ നൽകിയ ശേഷം വീട്ടിലേക്കു മടങ്ങി. ഇന്നലെ ആരോഗ്യവകുപ്പിന്റെ നിർദേശമനുസരിച്ച് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.


വൈറസ് ബാധയുള്ള ഇരുവരും പൊതുസമ്പർക്കം പുലർത്തിയിട്ടില്ലെങ്കിലും സ്വയം നിരീക്ഷണ കാലയളവിൽ വീട്ടുകാരുമായി അടുത്തിടപഴകിയിരുന്നതായി ജില്ലാ കലക്ടർ പറഞ്ഞു. ഈ സാഹചര്യത്തിൽ തിരൂർ ആലിൻചുവട് സ്വദേശിയുടെ ഭാര്യ, മകൻ, എടപ്പാൾ സ്വദേശിയുടെ മാതാവ് എന്നിവരെയും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ വീട്ടിൽ നിന്നു പുറത്തിറങ്ങിയിട്ടില്ലെങ്കിലും കുടുംബാംഗങ്ങൾ, ബന്ധുക്കൾ എന്നിവരുമായും സമ്പർക്കത്തിലേർപ്പെടരുതെന്ന് കലക്ടർ അഭ്യർഥിച്ചു. 


ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. മാർച്ച് 18 ന് രാത്രി 10 ന് ദുബായിൽനിന്നു കരിപ്പൂരിലെത്തിയ ഐ.എക്സ്-346 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലും മാർച്ച് 19 ന് രാത്രി 10 ന് ഷാർജയിൽനിന്ന് കരിപ്പൂരിലെത്തിയ ഐ.എക്സ്-354 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലും സഞ്ചരിച്ച യാത്രക്കാർ ജില്ലാതല കൺട്രോൾ സെല്ലുമായി ബന്ധപ്പെട്ടു നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ കഴിയണം. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ നേരിട്ട് ആശുപത്രികളിൽ പോകാതെ കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.

 

Latest News