Sorry, you need to enable JavaScript to visit this website.

തബ്‌ലീഗ് സമ്മേളനത്തിനെതിരെ വിദ്വേഷ പ്രചരണം; വര്‍ഗീയ വിളവെടുപ്പിന് ആരും ഇറങ്ങേണ്ടെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം- നിസാമുദ്ധീന്‍ തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരെ നടക്കുന്ന വര്‍ഗീയ പ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ഒരു കൂട്ടര്‍ നടത്തുന്ന അസഹിഷ്ണുത പരത്തുന്ന പ്രചരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവരോട് ഒരു കാര്യം മാത്രമാണ് പറയാനുള്ളത്. കൊറോണ മതംനോക്കി ബാധിക്കുന്ന ഒന്നല്ല. വര്‍ഗീയ വിളവെടുപ്പിന് ആരും ഇറങ്ങേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തില്‍ പങ്കെടുത്ത അറുപത് പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിസാമുദ്ധീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കൊവിഡ് -19 സ്ഥിരീകരിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് സമ്മേളനത്തില്‍ എത്തിയ 19 പേരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് സൂചന. കേരളത്തില്‍ നിന്ന് 270 പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. അറുപത് പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ആളുകള്‍ രോഗലക്ഷണങ്ങള്‍ കാണിക്കുംമുമ്പ് വിവാഹങ്ങളിലും മറ്റ് ചടങ്ങുകളിലും പങ്കെടുത്തിരുന്നു. അതിന് ശേഷമാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്.എന്നാല്‍ ഇപ്പോള്‍ ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഒരു മതത്തെ മാത്രം ആക്രമിക്കുന്ന വിധത്തില്‍ പ്രചരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുന്ന സമയമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
 

Latest News