Sorry, you need to enable JavaScript to visit this website.

സംരക്ഷണവും നിരീക്ഷണവും

കൊറോണയേക്കാൾ സർക്കാറിനു പേടി ആരെയാണ്? ഉത്തരമെഴുതാൻ വിദ്യാലയങ്ങളില്ല. സർവത്ര ലോക്ഡൗൺ. അതിനാൽ ദേ, ഉത്തരം- മദ്യം കിട്ടാതെ വലയുന്നവരെ. നീണ്ടൊരു പുലിവാൽ പിടിച്ചതു പോലെയാണ് ഭരണകർത്താക്കൾ. കരയ്ക്കു പിടിച്ചിട്ട മത്സ്യത്തെപ്പോലെ ചില മാന്യന്മാർ നേരം വെളുക്കുമ്പോൾ തന്നെ പിടയുകയും തുള്ളി വിറയ്ക്കുകയും ചെയ്യുന്നതു കണ്ടാൽ ചില വികൃതിപ്പിള്ളേർ പിന്നണിയായി ചെണ്ട മേളം കൂടി സംഘടിപ്പിച്ചു പോകും. എന്തു ചെയ്യാം, ലോക്ഡൗൺ!
സംഗതി പ്രാണവായു പോലെയാണ്. അതിന്റെ ലഭ്യത കുറയുന്നതോടെ കൈയിൽ കിട്ടുന്നവരെയൊക്കെ കഴുത്തിന് പിടിക്കുന്നു. ഒറ്റ ഫെസ്റ്റിവൽ സീസണിൽ എഴുന്നൂറിൽപരം കോടി രൂപയുടെ മദ്യം അകത്താക്കി ജില്ലക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്ത ചരിത്ര പുരുഷന്മാർ (സ്ത്രീകളും) ജീവിക്കുന്ന നാടാണ്. മറാത്തികളും പഞ്ചാബികളും കുടിച്ചുതീർക്കുന്നതു പോലെയല്ല നമ്മുടെ കുടി. അവർ തികഞ്ഞ മുതലാളിത്ത കുടിയന്മാർ. നമ്മൾ ദൈവത്തിന്റെ നാട്ടുകാരോ? ഭാര്യയുടെ കെട്ടുതാലി, കുഞ്ഞിന്റെ അരഞ്ഞാണം, അമ്മച്ചിയുടെ കമ്മൽ തുടങ്ങിയ അവശ്യവസ്തുക്കളല്ലാത്തവയെല്ലാം നുള്ളിപ്പെറുക്കി എടുത്താണ് കുടി. കോവിഡ് എത്തിയതോടെ സ്വർണ വായ്പാ കാലാവധി നീട്ടാൻ സർക്കാർ കനിഞ്ഞു. സർക്കാറിലെ ഏത് മന്ത്രി ഉറങ്ങാൻ കിടന്നാലും അവരുടെയെല്ലാം മനസ്സിൽ തെളിയുന്ന അടുത്ത വീട്ടിൽ 'തുള്ളി' അകത്തു ചെല്ലാതെ കൈകാലിട്ടടിക്കുന്നവരുടെ ദയനീയ രൂപങ്ങൾ മാത്രം! റിസർവ് ബാങ്ക് ഗവർണർ പോലും അത്തരം ഏതോ സ്വപ്‌നം കണ്ടു. അതിന്റെ ഫലമാണ് വായ്പാ നിരക്കിലെ ഇളവുകൾ. കേരളം കണികണ്ടുണരുന്ന ഷാപ്പുകൾ പൂട്ടിയതിനാൽ മേൽപടി സർക്കാറും ഗവർണറുമൊക്കെ വിജ്ഞാപനം പുറപ്പെടുവിച്ചു വീട്ടിലിരിക്കുന്നതിലേയുള്ളൂ സങ്കടം. ഇക്കാര്യത്തിൽ 'പിള്ള മനസ്സിൽ കള്ളമില്ല' എന്നു പറഞ്ഞതു പോലെ, മദ്യപന്മാരെ ഓർത്ത് പരസ്യമായി കണ്ണീർ വാർത്തത് കടകംപള്ളി സുരേന്ദ്രൻ എന്ന മന്ത്രി മാത്രമാണ്. തെരഞ്ഞെടുപ്പിന് ഇനി ഒരു കൊല്ലമേയുള്ളൂ. എത്രയും വേഗം ഷാപ്പു തുറന്നില്ലെങ്കിൽ പിന്നെ വോട്ട് എവിടെ നിന്നു സംഘടിപ്പിക്കാനാണ്? ദേവസ്വം ബോർഡിൽ മുന്നോക്കക്കാർക്ക് പത്തു ശതമാനം സംവരണം നൽകിയെന്നു പറഞ്ഞാൽ അവരൊക്കെ ഓടിയെത്തി വോട്ട് കൈവെള്ളയിൽ വെച്ചു തരുമോ? എന്തിനേറെ, പെരുന്നയിലെ 'പോപ്പ്' ആയ സുകുമാരൻ നായർ പോലും സമയമാകുമ്പോൾ കാലു മാറുമെന്നാർക്കാണറിയാത്തത്? അതുകൊണ്ട് 'മദ്യപ സംരക്ഷണ'മായിരിക്കണം ഭാവിയിലെ കർമ പദ്ധതി. ഒരു ബുദ്ധിമുട്ടോ, അധികച്ചെലവോ ഇല്ല; ഷാപ്പ് തുറന്നാൽ മാത്രം മതി.
****                              ****                    ****

പോലീസുകാർ അപമര്യാദയായി പെരുമാറിയാൽ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പ്രസ്താവിച്ചു. കേട്ടവർ കേട്ടവർ വായും മൂക്കും പൊത്തിപ്പിടിച്ചു ചിരിച്ചു. ഇപ്പോൾ അങ്ങനെയാണ് വേണ്ടത്. രാവും പകലും ഡ്യൂട്ടി നോക്കുന്നവർക്ക് ചിലപ്പോൾ കണ്ണു കാണാതെയാകും. മരുന്നിനും മത്സ്യത്തിനുമായി പോകുന്നവർക്കും കിട്ടും തല്ല്. അക്കാര്യത്തിൽ പക്ഷഭേദമില്ല. ഒരു പഞ്ചായത്ത് സെക്രട്ടറിക്കും കിട്ടി ഒന്ന്. കായംകുളത്ത് പോലീസ് നഗരസഭക്കാരെ പിടിച്ചുനിർത്തി. 
അരിശം തീർക്കാൻ നഗരസഭ സ്റ്റേഷനിൽ കയറി കാന്റീനു മീതെ നിയമം പ്രയോഗിച്ചു. അനുവാദമില്ലാതെ കാന്റീനിൽ മാത്രമല്ല, സ്റ്റേഷൻ വളപ്പിലും കയറിയതിന് അവർക്കെതിരെ പോലീസ് പല വകുപ്പുകളിൽ കേസെടുത്തു. 'വെടിക്കെട്ടുകാരന്റെ നായയെ ഉടുക്കുകൊട്ടി പേടിപ്പിക്കണ്ട' എന്ന് ഒരു ചൊല്ലുണ്ട്. നിയമപാലകരെ നിയമമെടുത്തു ചൊറിയണ്ട. തൽക്കാലം ഇത് പോലീസ് മന്ത്രിയും നഗരസഭാ ഭരണ വകുപ്പും മന്ത്രിയും തമ്മിലുള്ള കേസാകില്ല. ഇടതുമുന്നിയിൽ അങ്ങനെയൊരു പതിവില്ല. പോരാഞ്ഞിട്ട്, വരാന്തയിൽ കണ്ണുരുട്ടി നിൽപാണ് കൊറോണ. ഇതൊക്കെ കഴിഞ്ഞാലും അപമര്യാദയായി പെരുമാറുന്ന പോലീസിന്റെ കാര്യത്തിൽ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി എന്ന ഫലിതം നിലനിൽക്കും. ഉയർച്ച കൂടന്തോറും ഡി.ജി.പിയദ്ദേഹം സ്വന്തം പേരിൽ തന്നെ നടപടിയെടുക്കേണ്ടി വരും. പണ്ടത്തെപ്പോലെയല്ല. അസോസിയേഷനുകൾ ഐ.പി.എസുകാർക്കു പോലുമുണ്ട്. ലോക്‌നാഥ് ബെഹ്‌റ സ്വന്തം നാഥനെങ്കിലും ആയിത്തീരട്ടെ!
****                          ****                    **** 

യുദ്ധം, പ്രളയം, മഹാമാരി തുടങ്ങിയ അടിയന്തര കാലങ്ങളിൽ തുറക്കുന്ന പ്രവർത്തന കേന്ദ്രങ്ങളാണ് 'വാർ റൂം' എന്ന് പൊതുവേ അറിയപ്പെടുന്നത്. കൊറോണക്കാലത്ത് അത്യാവശ്യമുള്ള ഒരു മുറി തന്നെയാണ് സംഗതി. പക്ഷേ, അക്കാലത്ത് സ്വന്തം ഭാര്യയെയും പിള്ളേരെയും കാണണമെന്ന് ഏതെങ്കിലും പാവത്തിനു തോന്നിയാൽ കുറ്റം പറയാൻ കഴിയുമോ? പ്രത്യേകിച്ചും കല്യാണം കഴിഞ്ഞിട്ട് ഏറെക്കാലമാകാത്ത കേസാണെങ്കിലോ? പിണങ്ങാനും പിടലിക്കു പിടിക്കാനും ചവുട്ടി നിലത്തിടാനുമൊക്കെയുള്ള കാലമാകും മുമ്പുള്ള പ്രണയം മേലുദ്യോഗസ്ഥർക്കറിയില്ല. ഭരണഘടനയിലാകട്ടെ, പീനൽ കോഡിലാകട്ടെ, അതിനു പ്രത്യേക വകുപ്പുമില്ല. നിരീക്ഷണത്തിലിരിക്കേ, കൊല്ലം സബ് കലക്ടർ മുങ്ങിയത് വാർത്തയായി. അങ്ങോർ വിദേശത്തു മധുവിധു കഴിഞ്ഞ് എത്തിയതേയുള്ളൂ. നിലവിലെ സമ്പ്രദായമനുസരിച്ച് രണ്ടാഴ്ച നിരീക്ഷണത്തിൽ കഴിയണം. യുവരക്തത്തിന് അതിനുള്ള ക്ഷമയില്ല. അനുപംമിശ്ര മുങ്ങി. സ്വദേശമായ യു.പിയിൽ പൊങ്ങി. ഇന്ദുലേഖയെ കിട്ടിയില്ലെങ്കിൽ അടിച്ചു തളിക്കാരി എന്ന മട്ടിൽ സബ്കലക്ടറെ കിട്ടാഞ്ഞിട്ട് ഗൺമാനെയാണ് പിടികൂടിയിരിക്കുന്നത്. കക്ഷി 'ക്വാറന്റൈനിൽ 'പ്രവേശം നടത്തി പരിശുദ്ധി തെളിയിച്ചാൽ അച്ചടക്ക നടപടി ഒഴിവാക്കും. ഇതാണ് നമ്മുടെ നാട്ടിലെ നിരീക്ഷണ രീതി.
****                            ****                         ****

കോവിഡ് കാലത്തെ കെ.പി.സി. സി എന്ന പേരിൽ ഒരു ഗവേഷണ പ്രബന്ധമെഴുതി സർവകലാശാലക്കു സമർപ്പിക്കുന്നതിന് ആഗ്രഹിച്ചവർ ഒന്നല്ല. എന്തു ചെയ്യാം! കലാശാല എന്ന് തുറക്കുമെന്നു തിട്ടമില്ല. ഒരു നിശ്ചയമില്ലയൊന്നിനും, വരുമോരോ ദിശ...... എന്നോ മറ്റോ പറഞ്ഞതു പോലെയായി കാര്യങ്ങൾ. ഒരു ഗവേഷക വെള്ളയമ്പലത്തെ ഇന്ദിരാ ഭവനിലേക്കു വെച്ചുപിടിച്ചു. എൻ.ജി.ഒ സമരകാലത്തെ സർക്കാരാപ്പീസു പോലെ ഗേറ്റ് ഒരാൾക്കു കടക്കാവുന്ന വിധം തുറന്നിട്ടുണ്ട്. 
'വാച്ചുമാനെന്ന രൂപത്തെ കാൺമാനില്ല. ശമ്പളം കിട്ടാഞ്ഞിട്ടാണോ, ഭരണമില്ലാഞ്ഞിട്ടാണോ എന്നറിയില്ല. മുറ്റത്തെ നെല്ലിമരക്കൊമ്പിൽ ഒരു കാക്കി യൂനിഫോം മാത്രം തൂങ്ങിക്കിടക്കുന്നു. അതിനുള്ളിൽ ആളുണ്ടായിരുന്നുവെങ്കിൽ പോലീസിനു മഹസ്സറെഴുതുന്ന പണിയായേനേ. ഗവേഷക അകത്തേക്കു ചെന്നു വാതിൽപഴുതിലൂടെ എത്തിനോക്കി. ആളനക്കമില്ല. ഇനിയും അകത്തേക്കു കടക്കുന്നത് അപകടമാണ്. പല പേരുകളും കേൾപ്പിച്ച പാർട്ടിയാണല്ലോ. എന്നാൽ അങ്ങിങ്ങായി പുതിയ ന്യൂസ് പ്രിന്റ് റോളുകൾ കണ്ടു. കാര്യം പിടികിട്ടി. പുതിയ ഭാരവാഹിപ്പട്ടിക വീണ്ടും തയാറാക്കുന്നതലേക്കാണ്. വെട്ടിയും തിരുത്തിയും ഓരോ ഗ്രൂപ്പുകാരും ഒരു കരയ്‌ക്കെത്തുമ്പോൾ രണ്ടു ടൺ പേപ്പറെങ്കിലും വേണ്ടിവരും. ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി, കെ. സുധാകരൻ, വി.എം. സുധീരൻ എന്നിവർക്കു പുറമെ, കാലിൽ വാതനീരിനു കുഴമ്പും പുരട്ടിക്കഴിയുന്ന പലരും രംഗത്തുണ്ട് എന്നു മേൽപടി ഗവേഷണ വിദ്യാർഥിനി മനക്കണ്ണൂകൊണ്ട് കണ്ടു. സുധീരനു പുറമെ, പി.സി. ചാക്കോ, പി.ജെ. കുര്യൻ, കെ.വി. തോമസ് തുടങ്ങിയവരും 'അണ്ണാൻ കുഞ്ഞും തന്നാലായത്' എന്ന മട്ടിൽ അലങ്കോലമാക്കാൻ തുടങ്ങിയിട്ടുണ്ടത്രേ! ഇനി വക്കം പുരുഷോത്തമന്റെ പേര് മാത്രമേ രംഗത്തു പ്രത്യക്ഷപ്പെടാനുള്ളൂ. ഗവേഷണക്കാരി കുറച്ചുകൂടി കാത്തിരിക്കാനുള്ള തീരുമാനത്തിലാണ്. പലരും കുളം കലക്കാൻ എത്തും.

Latest News