Sorry, you need to enable JavaScript to visit this website.

ദൽഹിയും പായിപ്പാടും ഉയർത്തുന്ന ചിന്തകൾ 

മാർച്ച് 26 ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇന്ത്യയിൽ പൂർണമായും ലോക്ഡൗൺ നടപ്പിലാക്കുകയാണ് എന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഒരു രാത്രി കൊണ്ട് എല്ലാം മാറിമറിയുന്ന ഈ പ്രഖ്യാപനത്തെ രണ്ടു മനസ്സോടെയാണ് രാജ്യം സ്വീകരിച്ചത്. രോഗ വ്യാപനം തടയാൻ ലോക്ഡൗൺ തന്നെയാണ് പരിഹാരം. എന്നാൽ അത് രാജ്യത്തെ ഭൂരിഭാഗം വരുന്ന സാധാരണക്കാരനെ എങ്ങനെ ബാധിക്കും. ഈ പശ്ചാത്തലത്തിൽ ആണ് കഴിഞ്ഞ ദിവസം ദൽഹിയിൽ കണ്ട ആൾക്കൂട്ടത്തെ നാം നോക്കിക്കാണുന്നത്. ദൽഹിയെന്ന മഹാ നഗരത്തിൽ അന്നം തേടി വന്നവർക്ക് ലോക്ഡൗൺ വരുത്തിയ പ്രഹരം ചെറുതല്ല. അന്നന്നത്തെ അന്നത്തിനു വക കണ്ടെത്തിയവർക്ക് ഒരു രാത്രിയോടെ അത് അന്യമാകുന്നു. ഒന്നോ രണ്ടോ നാൾ പിടിച്ചു നിൽക്കാൻ വിശപ്പകറ്റാനുള്ള വക ചിലരിലെങ്കിലും ഉണ്ടായേക്കാം. എന്നാൽ നീണ്ട 21 ദിവസമോ അതിനപ്പുറമോ നീണ്ടേക്കാവുന്ന അവസ്ഥ അവർക്ക് മുന്നിൽ ഇരുണ്ട നാളെയുടേതായിരുന്നു. 
കൊറോണ ഭീതിയിൽ പ്രതിരോധം തീർക്കാൻ രാജ്യം മുഴുവനും അടച്ചിടുമ്പോൾ അത് തങ്ങളുടെ അന്നം കൂടിയാണ് മുടക്കുന്നത് എന്നത് അവരെ തെല്ലൊന്നുമല്ല തളർത്തിയത്. ജോലി നഷ്ടപ്പെട്ട് ദൽഹിയിൽ കുടുങ്ങിയ മധ്യപ്രദേശ് സ്വദേശിയായ രൺവീർ സിംഗാണ് കഴിഞ്ഞ ദിവസം വീട്ടിലേക്കുള്ള വഴിയെ കുഴഞ്ഞുവീണു മരിച്ചത്. ഈ 39 കാരൻ മൂന്നു കുട്ടികളുടെ പിതാവുമാണ്. ദൽഹിയിലെ സ്വകാര്യ റസ്‌റ്റോറന്റിൽ ഹോം ഡെലിവറി സേവനത്തിൽ ജോലി ചെയ്തിരുന്ന മധ്യപ്രദേശിലെ മൊറീന ജില്ല സ്വദേശിയായ രൺവീർ കഴിഞ്ഞ നാലു ദിവസമായി നാട്ടിലേക്ക് തിരിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ സർക്കാർ ഭാഗത്ത് നിന്നും തങ്ങൾക്ക് അനുകൂലമായി ഒരു വഴിയും തുറക്കാതെയായതോടെയാണ് കൂട്ടുകാർക്കൊപ്പം കിലോമീറ്ററുകൾ നടക്കാൻ തീരുമാനിച്ചത്. 


എന്നാൽ 200 കിലോമീറ്റർ താണ്ടിയ ഇയാൾ യാത്രാമധ്യേ ആഗ്രയിൽ മരിച്ചുവീഴുകയായിരുന്നു. നടന്നു തളർന്നു അമ്മയുടെ കാലിൽ വീണ കുട്ടിയുടെ ചിത്രം ഹൃദയ ഭേദകമാണ്. മകളെ തലയിലേറ്റി നടക്കുന്ന പിതാവിന്റേതടക്കം ഹൃദയം തകർക്കുന്ന കാഴ്ചയാണ് ഇന്ദ്രപസ്ഥം സമ്മാനിക്കുന്നത്. നമുക്കും ഇല്ലേ മക്കൾ. അവരുടെ കണ്ണീർ നമ്മെയൊക്കെ എത്രമാത്രം തളർത്തും. അവരുടെ പുഞ്ചിരി മായുന്നതു പോലും സഹിക്കാൻ കഴിയാത്തവരല്ലേ നാം. ഭദ്രമായ വീടുകളിൽ കളിച്ചുല്ലസിക്കുന്ന നമ്മുടെ കുരുന്നുകൾക്കാണ് ഈ വിധി എങ്കിൽ. ഒന്ന് ആലോചിച്ചു നോക്കൂ, പ്രത്യേകിച്ച് അന്നം തേടി കടൽ കടന്നെത്തിയ പ്രവാസികളായ നമുക്ക് ഈ വേദനയുടെ ആഴം പറഞ്ഞറിയിക്കേണ്ടതില്ല. സന്മനസ്സുകൾക്ക് താങ്ങാവുന്നതിനപ്പുറം തന്നെയാണ് ഈ കാഴ്ചകൾ.
തങ്ങൾക്കു മുന്നിൽ ഇരുണ്ട നാളെ മാത്രമേയുള്ളൂ എന്ന തിരിച്ചറിവാകാം നൂറുകണക്കിന് കിലോമീറ്ററുകൾക്കപ്പുറമുള്ള നാട് ലക്ഷ്യമാക്കി നടക്കാൻ അവരെ പ്രേരിപ്പിച്ചത്. പിറന്ന നാടും ജനിച്ചുവളർന്ന മണ്ണും വിട്ട് അന്നം തേടിയിറങ്ങിയവർ ഒരു നാൾ അനാഥരാകുന്നത് എത്രമേൽ ഭയാനകമാണ്. ഈ ഭീതിയിൽ നിന്നാണ് ദൽഹിയിലെ അനന്തവിഹാർ ബസ് സ്‌റ്റേഷൻ മനുഷ്യ സാഗരമായി മാറിയത്. 


യു.പി സർക്കാറും ദൽഹി സർക്കാറും ഒരുക്കിയ യാത്രാ വാഹനങ്ങൾ എത്ര അപര്യാപ്തമായിരുന്നു എന്നാണ് ആ ജനബാഹുല്യം കാണിക്കുന്നത്. സ്വന്തം നാട്ടിലേക്കു മടങ്ങിയാൽ പച്ചവെള്ളമെങ്കിലും കുടിച്ചു ജീവിക്കാം എന്നവർ കരുതിക്കാണും. പക്ഷേ ഭരണകൂടങ്ങൾ കാട്ടുന്ന നിസ്സംഗതയാണ് നമ്മെ വല്ലാതെ ഭയപ്പെടുത്തുന്നത്. ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുത്ത ജനങ്ങളുടെ ഭരണകൂടത്തിന് ഈ ഭീതിദമായ സാഹചര്യത്തിൽ എങ്ങനെ നിസ്സംഗത പാലിക്കാൻ സാധിക്കും. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനതയുടെ ജീവൽപ്രശ്‌നങ്ങൾ തങ്ങളുടെ കണ്ണു തുറപ്പിക്കുന്നില്ലെങ്കിൽ നമുക്കെങ്ങനെ അവർ നമ്മെ പ്രതിനിധാനം ചെയ്യുന്നു എന്നു കരുതാനാവും. 
ഒരു നാടിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നത് ആ നാട്ടിലെ കേവലം ചെറിയ ശതമാനം വരുന്ന അതിസമ്പന്നരല്ല. മറിച്ച്, ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർ തന്നെയാണ്. അവർ തങ്ങളുടെ രാഷ്ട്ര പുനർനിർമാണ പ്രക്രിയയിൽ വലിയ പങ്കു വഹിക്കുന്നവർ തന്നെയാണ്. 


പാടത്ത് വിത്തിറക്കി അതിനെ പരിപാലിച്ച് വിള കൊയ്യുന്ന കർഷകൻ മുതൽ അത് മാർക്കറ്റിലെത്തിച്ച് നാട്ടിലെ തീന്മേശകളിൽ രുചിയൂറും ഭക്ഷണമായി മാറുന്നതു വരെ കണ്ണികളായ നിരവധി പേരുടെ വിയർപ്പിന്റെ കൂടി ഫലമാണ് നാം ആസ്വദിക്കുന്ന രുചിഭേദങ്ങൾ. ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്ന അംബരചുംബികളായ ബഹുനിലക്കെട്ടിടങ്ങൾ പതിനായിരക്കണക്കിന് തൊഴിലാളികളുടെ വിയർപ്പും രക്തവും കലർന്നതാണ്. ലക്ഷങ്ങൾ വില വരുന്ന ആഡംബര വാഹനങ്ങൾ ചീറിപ്പായുന്ന പാതകൾ ആയിരങ്ങളുടെ അധ്വാനത്തിന്റെ ബാക്കി പത്രങ്ങളല്ലേ? ചെറുകിട, വൻകിട വ്യവസായ സംരംഭങ്ങളും തുടങ്ങി, ഒരു നാടിന്റെ സർവ മേഖലകളിലും കാണാം ഈ സാധാരണക്കാരുടെ കൈയൊപ്പ.് അവരെ മറന്നുകൊണ്ടെങ്ങനെ ഒരു നാടിനു മുന്നോട്ടു  പോകാൻ സാധിക്കും?
 രാജ്യാന്തര തൊഴിൽ സംഘടന അഥവാ ഐ.എൽ.ഒയുടെ കണക്കുപ്രകാരം ഇന്ത്യയിൽ തൊഴിലെടുക്കുന്നവരിൽ തൊണ്ണൂറ്റി രണ്ട് ശതമാനവും അസംഘടിത മേഖലയിൽ നിന്നുള്ളവരാണ്. സ്ഥിര വരുമാനം ഇല്ലാത്തവരാണ് ഇവർ അഥവാ തൊഴിൽ സുരക്ഷിതത്വം ഇല്ലാത്തവരാണ് നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം തൊഴിലാളികളും. വളരെ തുഛമായ വരുമാനം കൊണ്ട് ജീവിതം നയിക്കുന്നവരാണ് ഇക്കൂട്ടർ. കർഷകർ, വഴിയോരക്കച്ചവടക്കാർ, വീട്ടുജോലിക്കാർ, കെട്ടിട നിർമാണ തൊഴിലാളികൾ, കൈത്തറി, തുകൽ വ്യവസായ സംരംഭങ്ങളിൽ തൊഴിൽ ചെയ്യുന്നവർ, റിക്ഷാ തൊഴിലാളികൾ തുടങ്ങി വ്യത്യസ്ത മേഖലകളിൽ അവർ വ്യാപിച്ചു കിടക്കുന്നു. 


കേന്ദ്ര സർക്കാർ മുതൽ സംസ്ഥാന സർക്കാറുകളും ജില്ലാ ഭരണകൂടങ്ങളും വില്ലേജ് അധികാരികളും  തദ്ദേശ സ്ഥാപനങ്ങളും അടക്കം ഭരണ നിർവഹണ രംഗത്തെ വിവിധ ഘടകങ്ങൾ കാണിക്കുന്ന നിസ്സംഗതയോ അനാസ്ഥയോ കൃത്യവിലോപമോ  ആണ് ആയിരങ്ങളെ ഈ ദുരിതത്തിലേക്കു തള്ളിയിട്ടത്. രാജ്യം പൂർണമായും അടച്ചിടാൻ തീരുമാനം എടുക്കുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടി ഭരണകൂടം പഠിക്കേണ്ടതല്ലേ. രാജ്യത്തെ ജനത നേരിടുന്ന പ്രതിസന്ധികൾക്കു പരിഹാരം കാണാനും അവർക്ക് ആശ്വാസകരമായ പദ്ധതികൾ നടപ്പിലാക്കാൻ ആവശ്യമായ മുഴുവൻ മുന്നൊരുക്കങ്ങളും നടത്തിയതിന് ശേഷമല്ലേ ഇത്തരത്തിൽ ഒരു നീക്കത്തിനു മുതിരാവൂ? ഈ തൊഴിലാളികൾ ജോലി ചെയ്യുന്ന സംസ്ഥാന സർക്കാറുകൾക്കും ഇതിൽ ഉത്തരവാദിത്തം ഉണ്ട്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ അവരുടെ അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാക്കുന്നു എന്നു ഭരണകൂടം ഉറപ്പ് വരുത്തണം. പ്രധാനമന്ത്രിയും ധനമന്ത്രിയും പ്രഖ്യാപിച്ച പദ്ധതികൾ പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ അത് നടപ്പിലാക്കാൻ ആവശ്യമായ സത്വര നടപടികൾ ഉണ്ടാവണം.കോട്ടയം ജില്ലയിലെ പായിപ്പാട്ട് ഉണ്ടായ സംഭവവും നിരാശാജനകമാണ്. വീഴ്ചകളിൽ ന്യായീകരണം കണ്ടെത്താൻ ശ്രമിക്കുകയല്ല, മറിച്ച് ക്രിയാത്മകമായ പരിഹാരങ്ങൾ തേടുകയാണ് ജനപ്രതിനിധികളും ഭരണകർത്താക്കളും ചെയ്യേണ്ടത്. കേരളത്തിലെ മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകൾ മുഴുവനും തങ്ങളാൽ കഴിയുന്ന രീതിയിൽ ഈ പ്രതിസന്ധിയെ മറികടക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ട്. ഭരണകൂടം പദ്ധതികൾ ആവിഷ്‌കരിക്കാൻ മാത്രം ഉള്ളവരല്ല, മറിച്ച് അവ നടപ്പിൽ വരുത്തുന്നു എന്ന് ഉറപ്പു വരുത്തനുള്ള ജാഗ്രത കൂടി കാണിക്കണം.

Latest News