Sorry, you need to enable JavaScript to visit this website.

കൊറോണ ദുരന്തവും അഭയാർത്ഥി പ്രവാഹവും

പല വികസിത രാഷ്ട്രങ്ങളിലും കോവിഡ് വലിയ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ ഇന്ത്യ പ്രഖ്യാപിച്ച സമ്പൂർണ ലോക്ഡൗൺ ഫലമുണ്ടാകുമെന്നു തന്നെ പ്രതീക്ഷിക്കാം. അപ്പോഴും അൽപപ്പം കൂടി വിവേകത്തോടെ ഈ വിഷയം കൈകാര്യം ചെയ്തിരുന്നെങ്കിൽ ഇപ്പോൾ സംഭവിച്ച മറ്റു ചില ദുരന്തങ്ങൾ ഒഴിവാക്കാമിയിരുന്നു. വിഭജന കാലത്തെ അനുസ്മരിക്കുമാറ് ദൽഹിയിൽ നിന്ന് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലേക്കു നടക്കുന്ന കൂട്ടപ്പലായനം ഇപ്പോഴും അവസാനിച്ചിട്ടില്ല. 
പലായനത്തിനിടയിൽ 22 ഓളം പേർ മരിച്ചുകഴിഞ്ഞതായാണ് റിപ്പോർട്ട്. സ്വന്തമായി ചെരിപ്പുപോലുമില്ലാതെയാണ് ആയിരക്കണക്കിനു പേർ കിലോമീറ്ററുകൾ നടന്നു നീങ്ങിയത്. സർക്കാർ പ്രഖ്യാപിച്ച ലോക് ഡൗണും സാമൂഹ്യ അകലവുമൊക്കെ അർത്ഥശൂന്യമായ കാഴ്ച.
അർധരാത്രി 12 മണിക്ക് തുടങ്ങുന്ന ലോക്ഡൗൺ സർക്കാർ പ്രഖ്യാപിച്ചത് വൈകിട്ട് 8 മണിക്കായിരുന്നു എന്നതു തന്നെയാണ് പ്രധാന പ്രശ്‌നം. ഗ്രാമഗ്രാമാന്തരങ്ങളിൽ നിന്ന് മഹാനഗരത്തിലേക്ക് കുടിയേറിയ ലക്ഷങ്ങൾക്ക് ഒന്നു മുണ്ടുമുറുക്കിയുടുക്കാൻ പോലും സമയം നൽകാതെ നടത്തിയ ഈ പ്രഖ്യാപനം അനുസ്മരിക്കുന്നത് രാജ്യത്തെ തകർത്ത നോട്ടു നിരോധനം തന്നെയായിരുന്നു. 
സമ്പന്നർ വിമാനങ്ങളിലൂടെ കൊണ്ടുവന്ന ഈ മഹാമാരിയുടെ ഏറ്റവും വലിയ ദുരന്തമനുഭവിക്കുന്നത് ഈ പാവപ്പെട്ട ജനതയാണ്. പ്രധാനമന്ത്രി ആവശ്യപ്പെട്ട പോലെ മാപ്പർഹിക്കുന്ന ഒന്നല്ല ഈ വീഴ്ച. കോറോണ വന്നു മരിക്കുന്നതിനേക്കാൾ എത്രയോ പേർ ഇവർക്കിടയിൽ നിന്ന് ഏതു കാലത്തും മരിച്ചുവീഴുന്നു. നഗരപ്രാന്തങ്ങളിൽ താമസിക്കുന്ന ഈ ഗ്രാമീണരുടെ ജന്മനാട്ടിലേക്കുള്ള കൂട്ടപ്പലായനം ഇനി സൃഷ്ടിക്കാൻ പോകുന്നതും വൻ ദുരന്തങ്ങളായിരിക്കും. 


ഇപ്പോൾ തലസ്ഥാനം വിട്ട് ഗ്രാമങ്ങളിലേക്കൊഴുകുന്ന ഈ പതിനായിരങ്ങൾ കഴിഞ്ഞ ദശകങ്ങളിൽ നഗരങ്ങളിലേക്ക് ചേക്കേറിയവരാണ്. ചേരികളും പുറമ്പോക്കുകളും സൃഷ്ടിക്കുന്ന വികലമായ ഭരണകൂട നയങ്ങളായിരുന്നു അവരെ നഗരങ്ങളിലെ ചേരികളിൽ എത്തിച്ചത്. 
ഒപ്പം ഗ്രാമങ്ങളിൽ നിലനിന്നിരുന്ന ക്രൂരമായ ജാതീയ പീഡനങ്ങളും അതിൽ പങ്കുവഹിച്ചു. കാലങ്ങളായി അനുഭവിക്കുന്ന ചൂഷണങ്ങളിൽ നിന്നും മനുസ്മൃതി മൂല്യങ്ങളിൽ നിന്നും രക്ഷപ്പെടാൻ കൂടിയായിരുന്നു ആ പലായനം. 
സ്വാതന്ത്ര്യാനന്തര കാലത്ത് നഗരങ്ങളിലേക്ക് ഇത്തരത്തിൽ വ്യാപകമായി കുടിയേറിയവരിൽ വലിയൊരു ഭാഗം ദളിതരും സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരുമായിരുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എന്നാൽ കാലങ്ങളായി അനുഭവിച്ചിരുന്ന ക്രൂരമായ പീഡനങ്ങളിൽ നിന്നും വിവേചനങ്ങളിൽ നിന്നുമെല്ലാം മോചനം പ്രതീക്ഷിച്ച് നഗരങ്ങളിലെത്തിയവർ നേരിട്ടത് അതിനേക്കാൾ വലിയ ദുരിന്തങ്ങളായിരുന്നു. 
നഗരം വളരുമ്പോൾ അതിനേക്കാൾ വേഗതയിൽ വളർന്ന ചേരികളിലൊതുങ്ങി അവരുടെ ജീവിതം.  ഗ്രാമങ്ങളിൽ നില നിന്നിരുന്ന അടിമാവസ്ഥയുടെ മറ്റൊരു രൂപമായിരുന്നു അത്. വ്യവസായങ്ങളും നഗരങ്ങളും ജി.ഡി.പിയും വളരുമ്പോൾ ജാതിയവും സാമൂഹ്യവും സാമ്പത്തികവുമായ ചൂഷണങ്ങൾക്ക് അറുതിയുണ്ടാകുമെന്ന ധാരണയെല്ലാം തകരുകയായിരുന്നു. ഗ്രാമങ്ങളിലെ സാമൂഹ്യ അകലം നഗരങ്ങളിലും തുടർന്നു. പലപ്പോഴും ട്രംപ് വന്നപ്പോൾ സംഭവിച്ച പോലെ  മതിലുകൾ കെട്ടി ഇവർ മറക്കപ്പെട്ടു. പലർക്കും ജീവിക്കുന്നു എന്നതിന്റെ ഒരു തെളിവു പോലുമില്ല. ഫലത്തിൽ വേരുകളിൽ നിന്ന് അറുത്തു മാറ്റപ്പെടുകയും പുതുതായി ഒന്നും നേടാനാവാതിരിക്കുകയും ചെയ്ത അവസ്ഥ. അവരാണ് ഇത്രയും കാലം ജീവിച്ച, തങ്ങൾ കെട്ടിപ്പൊക്കിയ നഗരത്തിൽ നിന്ന് സുരക്ഷയോ ഭക്ഷണമോ പോലും ലഭിക്കില്ലെന്ന ആശങ്കയിൽ പിറന്ന മണ്ണിലേക്കു തിരിച്ചുപോകുന്നത്. 


എന്തിനു ഇക്കാര്യം വ്യക്തമാകാൻ നാം ദൽഹിക്കു പോകണം? ഏറ്റവും പ്രബുദ്ധമെന്നഹങ്കരിക്കുന്ന, കുടിയേറ്റ തൊഴിലാളികളെ അതിഥി തൊഴിലാളികളെന്നു വിശേഷിപ്പിക്കുന്ന കേരളത്തിൽ പോലും അവരെത്ര അസ്വസ്ഥരാണെന്നു നാം കണ്ടു. എത്രമാത്രം ദുരിത ജീവിതമാണ് അവരിവിടെ നയിക്കുന്നത്. 
ലോക്ഡൗണിന്റെ പ്രധാന ലക്ഷ്യം തന്നെ ശാരീരിക അകലമാണല്ലോ. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ പരിശോധിച്ചാൽ അതൊരിക്കലും പ്രായോഗികമാകില്ല എന്നു കാണാം. കാറ്റും വെളിച്ചവും കടക്കാത്ത ഇടുങ്ങിയ മുറികളിൽ തിങ്ങി നിറഞ്ഞാണ് തൊഴിലാളികൾ മിക്കവരും താമസിക്കുന്നത്. 
സാധാരണ ഗതിയിൽ രാവിലെ തന്നെ ജോലിക്കു പോകുന്ന ഇവർ രാത്രിയേ തിരിച്ചുവരൂ. ചിലരാകട്ടെ, ഉറങ്ങാൻ മാത്രമായി ദിവസവും 20 രൂപയോ മറ്റോ കൊടുത്ത് സ്ഥലം കണ്ടെത്തിയവരാണ്. ഇവരെല്ലാം പകൽ ആ മുറിക്കുള്ളിൽ ജീവിക്കുന്നതു തന്നെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണ്. സർക്കാർ പറയുന്നത് സംസ്ഥാനത്തുടനീളം ഇവർക്കായി ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നാണ്. എന്നാൽ ഇവർക്കായി വിരലിലെണ്ണാവുന്ന ക്യാമ്പുകൾ പോലും തുടങ്ങിയിട്ടില്ല. മറിച്ച് മിക്കയിടത്തും ഇവർ താമസിക്കുന്ന ഇടങ്ങൾ തന്നെയാണ് ക്യാമ്പുകളെന്നു വ്യാഖ്യാനിക്കുന്നത്. 


കെട്ടിട ഉടമകൾ ഭക്ഷണം കൊടുക്കണമെന്നാണ് സർക്കാർ വാദം. അവരിൽ പലരും ഇവർ നൽകുന്ന വാടക കൊണ്ടാണ് ജീവിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ദൽഹിയിൽ സംഘടിച്ച് നാട്ടിൽ പോകാൻ തയാറായവർക്ക് അവസാനം വാഹനങ്ങൾ തയാറാക്കിയ ദൃശ്യങ്ങൾ ഇവരും കാണാതിരിക്കുകയില്ലല്ലോ. അതായിരിക്കണം പായിപ്പാട്ടെ സംഭവത്തിന്റെ പ്രധാന പ്രചോദനം.  ഒരർത്ഥത്തിൽ ദൽഹിയേക്കാൾ മോശമാണ് ഇവരുടെ താമസ സ്ഥലങ്ങൾ. ദൽഹിയിലവർ പ്രകടമായ ചേരികളിലാണ് താമസിക്കുന്നത്. 
അവരവിടെ വളരെ വിസിബിലുമാണ്. അതിനാലവരുടെ പ്രശ്നങ്ങൾ കൂടുതൽ പുറത്തു വരും. ഇവിടെയതുമില്ല. കൊറോണ അത്ര വേഗമൊന്നും തിരിച്ചുപോകാനിടയില്ല. പോയാലും വീണ്ടും വരാം. എന്തായാലും ഒരു നേരത്തെ ഭക്ഷണത്തിനായി രാജ്യമാകെ അലയുന്ന ഈ തലമുറയിലെ ജനലക്ഷങ്ങളുടെ ഭാവി ഭാസുരമായിരിക്കില്ല എന്നു തന്നെ കരുതാം. വിവേകരഹിതമായ തീരുമാനങ്ങളെടുക്കുന്ന ഭരണകൂടങ്ങളാകട്ടെ കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും ചെയ്യുന്നു.

Latest News