കല്പറ്റ-കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വയനാട് ജില്ലാ ഭരണകൂടത്തിന് പിന്തുണയുമായി പഞ്ചായത്ത് ജീവനക്കാരും. വാര്‍ഡുകള്‍ തോറുമുള്ള ജാഗ്രതാസമിതി മുതല്‍ സാമൂഹിക അടുക്കളയുടെ പ്രവര്‍ത്തനങ്ങളില്‍ വരെ സക്രിയമാണ് ജീവനക്കാര്‍.
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായ ജോലി വിഭജിച്ച് നല്‍കിയിട്ടുണ്ട്. വാര്‍ഡുതല ജാഗ്രതാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓരോ വാര്‍ഡിനും പ്രത്യേകം ജീവനക്കാരനെയും നിയോഗിച്ചിട്ടുണ്ട്. ആദ്യപടിയായി 413 വാര്‍ഡുകളിലെ രോഗപ്രതിരോധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വാട്സ്ആപ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. വാര്‍ഡുകളില്‍നിന്ന് റിപ്പോര്‍ട്ടു ചെയ്യുന്ന നിര്‍ദേശങ്ങളും ആവശ്യങ്ങളും പഞ്ചായത്ത് ഡപ്യട്ടി ഡയറക്ടര്‍ ഓഫീസിലെ ഹെല്‍പ്പ് ഡെസ്ക് വഴി ക്രോഡീകരിച്ച് ജില്ലാ ഭരണകൂടത്തിന് കൈമാറിയാണ് പ്രശ്നപരിഹാരം സാധ്യമാക്കുന്നത്. ഇതിനായി ഡിജിറ്റല്‍ പ്ലാറ്റ് ഫോം മോണിറ്ററിംഗ് രീതിയാണ് അവലംബിക്കുന്നത്. ജില്ലാ ഭരണകൂടവും സര്‍ക്കാരും ആവശ്യപ്പെടുന്ന വിവരങ്ങള്‍ ശേഖരിക്കുന്നതും പഞ്ചായത്തുതലത്തിലെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴിയാണ്. ഹെല്പ് ലൈന്‍ വഴിയും സേവനം നല്‍കുന്നുണ്ട്. സാമൂഹിക അടുക്കളയുടെ വിവരങ്ങള്‍, അതിഥി തൊഴിലാളികള്‍, തെരുവോരങ്ങളില്‍ കഴിയുന്നവര്‍, എസ്.സി, എസ്.ടി എന്നീ വിഭാഗങ്ങള്‍ക്ക് ഭക്ഷണം, ഭക്ഷ്യക്കിറ്റ് നല്കല്, കുടുംബശ്രീയുമായി ചേര്‍ന്ന് പ്രാദേശിക കര്‍ഷകരുടെ പച്ചക്കറി ശേഖരിച്ച് കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ലഭ്യമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും പഞ്ചായത്ത് ജീവനക്കാരുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. ക്വാറന്റൈനില്‍ കഴിയുന്നവരുടെ വിവരങ്ങള്‍, ജില്ലയ്ക്ക് പുറത്തുനിന്ന് പുതുതായി വരുന്നവരുടെ നിരീക്ഷണം, പൊതു വ്യക്തിശുചിത്വം സംബന്ധിച്ച് ബോധവത്കരണം, വോളണ്ടിയേഴ്സ് ലിസ്റ്റ്, കൊറോണ കെയര്‍ സെന്ററുകളുടെ നടത്തിപ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങളും ആരോഗ്യ വിഭാഗക്കാരോടൊപ്പം ഏറ്റെടുത്ത് നടത്തുന്നുണ്ട്.
സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഡി.ഡി.പി ഓഫീസിന്റെ നേതൃത്വത്തില്‍ പരിസരത്തുള്ള കുരങ്ങുകള്‍, നായകള്‍ എന്നിവയ്ക്കു ഭക്ഷണവും വെള്ളവും നല്‍കുന്നുണ്ട്.






