തിരുവനന്തപുരം- കൊറോണ ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് എതിരെ പുതിയ നിയമം പ്രയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യമായി പുറത്തിറങ്ങുന്നവരെ ഇതുവരെ തിരിച്ചയക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ ഇനി മുതല്‍ എപിഡമിക് ആക്ട് പ്രകാരം കേസെടുക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച 22338 പേര്‍ക്ക് എതിരെ കേസെടുത്തിട്ടുണ്ട്.
2155 ആളുകളെ അറസ്റ്റ് ചെയ്തു. 12783 വാഹനങ്ങള്‍ പിടിച്ചെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു. വരുംദിവസങ്ങളില്‍ റോഡില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കും. നിസാര കാര്യങ്ങള്‍ക്ക് സത്യവാങ്മൂലം തയ്യാറാക്കി റോഡില്‍ ഇറങ്ങുന്നവര്‍ക്ക് എതിരെ കേസെടുക്കുമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.






