കേരളത്തില്‍ പുതിയ കൊറോണ രോഗികള്‍ 24 പേര്‍; കാസര്‍ഗോഡ് 12 പേര്‍ക്ക് കൂടി വൈറസ് ബാധ


തിരുവനന്തപുരം- സംസ്ഥാനത്ത് പുതിയ കൊറോണ രോഗികള്‍ 24 പേര്‍. കാസര്‍ഗോഡ് ജില്ലയിലാണ് ഇന്ന് സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതലാളുകള്‍ ഉള്ളത്. പന്ത്രണ്ട് പേര്‍ക്കാണ് ഇന്ന് ഈ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍,മലപ്പുറം,തൃശൂര്‍,തിരുവനന്തപുരം ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും കൊറോണ വൈറസ് പരിശോധനാഫലം പോസിറ്റീവായി. രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പത് പേര്‍  വിദേശത്ത് നിന്ന് വന്നവരാണ്. മൂന്ന് പേര്‍ക്ക് വൈറസ് ബാധിച്ചത് സമ്പര്‍ക്കം മൂലമാണ്.

അതേസമയം കോഴിക്കോട്,തിരുവനന്തപുരം ജില്ലകളിലുള്ള ഓരോരുത്തര്‍ക്ക് അസുഖം ഭേദമായിട്ടുണ്ട്. കേരളത്തില്‍ കൊറോണ രോഗികളുടെ എണ്ണം 265 ആയി. ഇതില്‍ 237 ആളുകളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 1,64,130 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 191 ആളുകള്‍ വിദേശത്ത് നിന്ന് വന്നവരാണ്.67 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് വൈറസ് ബാധിച്ചത്. ബാക്കിയുള്ളവര്‍ വിദേശികളാണ്. പ്രതിദിനം നൂറ് മുതല്‍ 150 പേരാണ് രോഗലക്ഷണങ്ങളുമായി എത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
 

Latest News