ബാര്‍ബര്‍മാരെ വീടുകളിലേക്ക് വിളിക്കരുത്; സൗദി ആരോഗ്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്

റിയാദ് - വീടുകളില്‍ ബാര്‍ബര്‍മാരുടെ സേവനം പ്രയോജനപ്പെടത്തുന്നത് കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ച പശ്ചാത്തലത്തില്‍ ബാര്‍ബര്‍മാരെ വീടുകളിലേക്ക് കൂട്ടിക്കൊണ്ടുവന്ന് സേവനം പ്രയോജനപ്പെടുത്തുന്ന പ്രവണത കാണുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇതുപോലുള്ള പ്രവൃത്തികള്‍ അതിവേഗത്തിലുള്ള രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്.


നിരവധി പേര്‍ക്ക് ഒരേ ഉപകരണങ്ങള്‍ ഉപയോഗിക്കുക വഴി ബാര്‍ബര്‍മാരും ബ്യൂട്ടീഷ്യന്മാരും രോഗവ്യാപനത്തിന് ഇടയാക്കിയേക്കും. രോഗവ്യാപനം തടയുന്നതിനുള്ള ആരോഗ്യ, സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാത്ത, അനൗദ്യോഗിക ഡെലിവറി ജീവനക്കാരും പലവീടുകളിലുള്ളവരുമായി ആവര്‍ത്തിച്ച് സമ്പര്‍ക്കം പുലര്‍ത്തുന്ന സ്വകാര്യ ട്യൂഷന്‍ അധ്യാപകരും ഇതേപോലെ രോഗവ്യാപനത്തിന് ഇടയാക്കിയേക്കും.

കൊറോണ വ്യാപനം ചെറുക്കുന്നതിന് നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാവരും പിന്തുണ നല്‍കുകയും രോഗവ്യാപനം തടയുന്നതില്‍ തങ്ങളുടെ മാനുഷിക, ദേശീയ ബാധ്യത നിറവേറ്റുകയും വേണം. കൊറോണയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും 937 എന്ന നമ്പറില്‍ ഹെല്‍ത്ത് സെന്ററുമായി ഇരുപത്തിനാലു മണിക്കൂറും ബന്ധപ്പെടാവുന്നതാണ്. കൊറോണ വൈറസ്ബാധ തടയുന്നതിന് ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

 

Latest News