Sorry, you need to enable JavaScript to visit this website.

രാമായണം കാണുന്ന ഒരു ഇന്ത്യ, പട്ടിണികിടക്കുന്ന മറ്റൊരു ഇന്ത്യ; വിമര്‍ശനവുമായി കപില്‍ സിബല്‍

ന്യൂദല്‍ഹി- കോറോണയെ അതിജീവിക്കാന്‍ രാജ്യം ലോക്ക്ഡൗണ്‍ തുടരുന്ന അവസ്ഥയില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖ കേന്ദ്ര മന്ത്രിമാരുടെ നേരംപോക്ക് വിനോദങ്ങളെ രൂക്ഷമായി പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. രണ്ട് തരത്തിലുള്ള ഇന്ത്യയുണ്ടെന്നും ഒരു വിഭാഗം വീട്ടിലിരുന്ന് യോഗ ചെയ്യുകയും രാമായണം കാണുകയും അന്താക്ഷരി കളിക്കുകയും ചെയ്യുമ്പോള്‍ മറ്റൊരു കൂട്ടര്‍ ഭക്ഷണവും പരസഹായവുമില്ലാതെ, വീടണയാനും അതിജീവനത്തിനുമായി പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

'രണ്ട് ഇന്ത്യയുണ്ട്. ഒന്ന്, വീട്ടില്‍ രാമായണം കാണുന്നു, യോഗ ചെയ്യുന്നു, അന്തക്ഷാരി കളിക്കുന്നു. മറ്റൊന്ന്,  വീട്ടിലെത്താന്‍ പാടുപെട്ട്, ഭക്ഷണമില്ലാതെ, പാര്‍പ്പിടമില്ലാതെ, സഹായമില്ലാതെ, അതിജീവനത്തിനായി പോരാടുന്നവരുടെ ഇന്ത്യ'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

രാജ്യം മുഴുവന്‍ കൊറോണ ലോക്ക്‌ഡൗണിന്റെ കഷ്ടതയനുഭവിക്കുമ്പോള്‍, ബിജെപി മന്ത്രിമാര്‍ വീട്ടില്‍ നേരംപോക്ക് വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെ ട്വിറ്റര്‍ ചിത്രങ്ങളെ പരോക്ഷമായി പരിഹസിച്ചു കൊണ്ടാണ് സിബലിന്റെ വിമര്‍ശനം.

പ്രധാനമന്ത്രി നരേന്ദ്ര മോഡി താന്‍ യോഗ പരിശീലിക്കുന്നതിന്റെയും, മന്ത്രി പ്രകാശ് ജാവദേക്കര്‍ രാമായണം കാണുന്നതിന്റെയും, സ്മൃതി ഇറാനി അന്താക്ഷരി കളിക്കുന്നതിന്റേയും ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. 

അപ്രതീക്ഷിതമായ ലോക്ക്‌ഡൗണില്‍ താമസമോ ഭക്ഷണമോ യത്രാ സൗകര്യങ്ങളോ ഇല്ലാതെ ആയിരക്കണക്കിനുപേര്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു . പലരും നൂറുകണക്കിന് കിലോമീറ്ററുള്‍ കൈക്കുഞ്ഞുങ്ങളുമായി കാല്‍നടയായി യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം വാര്‍ത്തയായിരുന്നു. നിരവധിപേര്‍ യാത്രയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

Latest News