തബ്‌ലീഗ് ജമാഅത്തുകരെ അനുനയിപ്പിക്കാന്‍ എത്തിയത് ഡോവല്‍

ന്യൂദല്‍ഹി- നിസാമുദ്ദീനിലെ ബംഗ്‌ളേവാലി മസ്ജിദ് ഒഴിയാന്‍ വിസമ്മതിച്ച തബ്‌ലീഗി ജമാഅത്ത് ഭാരവാഹികളെ അനുനയിപ്പിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശ പ്രകാരം എത്തിയത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍.

നിസാമുദ്ദീന്‍ മര്‍ക്കസിന്റെ മേധാവി മൗലാനാ സഅദ് പള്ളി വിട്ടൊഴിയാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പുലര്‍ച്ചെ രണ്ടു മണിയോടെ ഡോവല്‍ എത്തിയത്. മര്‍ച്ച് 29നു പുലര്‍ച്ചെയാണ് സംഭവമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.

അജിത് ഡോവല്‍ മര്‍ക്കസില്‍ എത്തി എല്ലാവരോടും കൊറോണ പരിശോധന നടത്തണമെന്നും സ്വയം കരുതല്‍ നിരീക്ഷണത്തില്‍ പോകണമെന്നും നിര്‍ദേശിക്കുകയായിരുന്നു.

തെലങ്കാനയിലെ കരിംനഗറിലുള്ള ഒമ്പത് ഇന്തോനേഷ്യക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ച്ച് 18-നുതന്നെ വ്യാപനസാധ്യതയുമായി ബന്ധപ്പെട്ട സൂചനകള്‍ ലഭിച്ചിരുന്നു. ഇതോടെയാണ് വിഷയത്തില്‍ ഇടപെടാന്‍ അമിത് ഷാ ഡോവലിനെ നിയോഗിച്ചത്.

മറ്റ് സംസ്ഥാനങ്ങള്‍ക്കെല്ലാം ഇതുമായി ബന്ധപ്പെട്ട് ജാഗ്രതാനിര്‍ദേശവും അടുത്ത ദിവസം നല്‍കിയിരുന്നു. ഡോവലിന്റെ ഇടപെടലിനു ശേഷമാണ് മാര്‍ച്ച് 27, 28, 29 തീയതികളില്‍  167 പ്രവര്‍ത്തകരെ ആശുപത്രിയിലെത്തിക്കാനും പള്ളി അണുവിമുക്തമാക്കാനും മര്‍ക്കസ് തയ്യാറായതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

വിവിധ സംസ്ഥാനക്കാരും വിദേശികളും കോവിഡ് നിരീക്ഷണത്തിലായതോടെയാണ് തബ്ലീഗി ജമാഅത്ത് സമ്മേളത്തിനു വേദിയൊരുക്കിയ ബംഗ്ലേവാലി മസ്ജിദ് ഒഴിപ്പിച്ചത്.

 

 

Latest News