പ്രശസ്ത വൈറോജളിസ്റ്റ് ഗീത രാംജി കോവിഡ് ബാധിച്ച് മരിച്ചു

ജൊഹന്നാസ്ബര്‍ഗ്- ഇന്ത്യന്‍ വംശജയും പ്രശസ്ത വൈറോളജിസ്റ്റുമായ ഗീത രാംജി (64)  ദക്ഷിണാഫ്രിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇന്ത്യന്‍ വംശജരില്‍ കോവിഡ് ബാധിച്ചുള്ള ആദ്യ മരണമാണിത്.  ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി.


1300ലേറെ പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.. എച്ച്‌ഐവി പ്രതിരോധ ഗവേഷണത്തിന്റെ മേധാവിയും വാക്‌സിന്‍ ശാസ്ത്രജ്ഞയുമായിരുന്നു ഗീത. ലണ്ടനില്‍നിന്ന് ഒരാഴ്ച മുമ്പാണ് ഇവര്‍ തിരിച്ചെത്തിയത്. പ്രകടമായ കോവിഡ് ലക്ഷണങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ദക്ഷിണാഫ്രിക്കയിലെ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള എച്ച്‌ഐവി പ്രിവന്‍ഷന്‍ റിസര്‍ച്ച് യൂണിറ്റിന്റെ യൂണിറ്റ് ഡയറക്ടറും ക്ലിനിക്കല്‍ ട്രയല്‍സ് യൂണിറ്റിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററുമായിരുന്നു. എച്ച്‌ഐവി പ്രതിരോധ മാര്‍ഗങ്ങളുടെ കണ്ടുപിടിത്തങ്ങള്‍ നടത്തിയതിനു യൂറോപ്യന്‍ ഡവലപ്‌മെന്റ് ക്ലിനിക്കല്‍ ട്രയല്‍സ് പാര്‍ട്‌നര്‍ഷിപ്‌സിന്റെ (ഇഡിസിടിപി) 2018ലെ ഔട്ട്സ്റ്റാന്‍ഡിങ് ഫീമെയില്‍ സയന്റിസ്റ്റ് അവാര്‍ഡ് ലഭിച്ചിരുന്നു. ഫാര്‍മസിസ്റ്റ് പ്രവീണ്‍ രാംജിയാണു ഭര്‍ത്താവ്.

 

Latest News