നിസാമുദ്ദീനില്‍നിന്ന് ഒഴിപ്പിച്ചത് 2316 പേരെ, 617 പേര്‍ ആശുപത്രിയില്‍

ന്യൂദല്‍ഹി- കോവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചവരുടെ എണ്ണം 49 ആയി. വൈറസ് ബാധിതരുടെ എണ്ണം 1547 ആയി വര്‍ധിക്കുകയും ചെയ്തു.

നിസാമുദ്ദീന്‍ മര്‍ക്കസില്‍നിന്ന് 2361 പേരെ ഒഴിപ്പിച്ചതായി ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. 617 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ബാക്കിയുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. 36 മണിക്കൂറെടുത്താണ് ഇവരെ ഒഴിപ്പിച്ചതെന്ന് സിസോദിയ പറഞ്ഞു.

ദല്‍ഹി നിസാമുദ്ദീനില്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പുതുച്ചേരി സ്വദേശികളായ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ദല്‍ഹിയില്‍നിന്ന് മടങ്ങിയെത്തി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇരുവര്‍ക്കും ബുധനാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.

അതിനിടെ ഗുജറാത്തില്‍ പുതിയ എട്ട് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 82 ആയി. മധ്യപ്രദേശില്‍ 20 പുതിയ കേസുകള്‍ കണ്ടെത്തിയതോടെ രോഗികളുടെ എണ്ണം 86 ആയി. മഹാരാഷ്ട്രയില്‍ 19 കോവിഡ് കേസുകള്‍ വര്‍ധിച്ച് രോഗബബാധിതരുടെ എണ്ണം 320 ആയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

Latest News