Sorry, you need to enable JavaScript to visit this website.

തബ്‌ലീഗ് വിവാദം: വര്‍ഗീയ, വിദ്വേഷ പ്രചാരണം ദൗര്‍ഭാഗ്യകരം- ജമാഅത്തെ ഇസ്ലാമി

രാജ്യ നിവാസികൾ ഒറ്റക്കെട്ടായി പരസ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യേണ്ട  ഭീതിജനകവും ദുഃഖകരവുമായ സാഹചര്യത്തിൽ ഒരു പ്രത്യേക മത വിഭാഗത്തിനും സംഘത്തിനുമെതിരെ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുവാനും വർഗീയത വളർത്തുവാനുമുള്ള ശ്രമം  അപകടരവും നീചവുവുമാണെന്ന് ജമാഅത്തെ ഇസ്ലാമി ആരോപിച്ചു.

കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പരാജയം മറച്ചുവെച്ചാണ് വർഗീയ വിദ്വേഷ പ്രചാരണം നടക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അസിസ്റ്റൻ്റ് അമീർ എഞ്ചിനീയർ മുഹമ്മദ് സലീം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

പ്രസ്താവനയുടെ പൂർണരൂപം

നമ്മുടെ രാജ്യം ഒന്നടങ്കം കൊറോണ വൈറസിൻ്റെ പിടിയിലമർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാജ്യ നിവാസികൾ ആരോഗ്യ പ്രവർത്തകരുടെയും സർക്കാറുകളുടെയും നിർദ്ദേശങ്ങൾ പാലിച്ച് വീടുകളിൽ നിന്ന് പുറത്തിറങ്ങാതിരിക്കാനും വൈറസ് വ്യാപനം തടയുവാൻ വേണ്ട മുൻകരുതലുകൾ എടുക്കുവാനും ബാധ്യസ്ഥരാണ്. അതോടൊപ്പം സർക്കാർ ജനങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ഉറപ്പുവരുത്തുവാനും അവർ നേരിടുന്ന പ്രയാസങ്ങൾ ദൂരീകരിക്കുവാനും ആവശ്യമായ സത്വര നടപടികൾ വേഗത്തിൽ സ്വീകരിക്കുകയും ചെയ്യേണ്ടത് ഈ നിർണ്ണായക സന്ദർഭത്തിൽ ഏറെ അനിവാര്യമാണ്.

ഇന്ന് സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെ മുഴുവൻ വാർത്താ മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്നത് ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് മർക്കസുമായി ബന്ധപ്പെട്ട വാർത്തകളാണ്. രാജ്യ നിവാസികൾ ഒറ്റക്കെട്ടായി നിന്ന് പോരാടേണ്ട ഈ നിർണ്ണായക ഘട്ടത്തിൽ ചില ശക്തികൾ തബ്ലീഗ് മർക്കസുമായി ബന്ധപ്പെട്ട സംഭവങ്ങൾ വളച്ചൊടിച്ച്‌ വർഗീയ ധ്രുവീകരണത്തിനും വംശീയ വിദ്വേഷത്തിനുമായി ഉപയോഗപ്പെടുത്തുകയാണ്. വലിയൊരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയോട് കൂടിയാണ് ഈ ദുഷ്പ്രചാരണം കൊഴുത്തു കൊണ്ടിരിക്കുന്നത്.

രാജ്യമൊന്നടങ്കം ലോക്ക്ഡൗൺ പ്രിഖ്യാപിച്ചത് ആവശ്യമായ മുൻകരുതലുകളോ ആസൂത്രണമോ ഇല്ലാതെയായിരുന്നു എന്ന ആരോപണം ശക്തമായി നില നിൽക്കുന്നുണ്ട്. അതിൻ്റെ വ്യക്തമായ ദൃഷ്ടാന്തമായിരുന്നു കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിൽ ആയിരക്കണക്കിനാളുകൾ ഡൽഹിയുടെ തെരുവുകളിൽ നിറഞ്ഞൊഴുകിയത്. പതിനായിരങ്ങൾ വീടണയാൻ വേണ്ടി കാൽനടയായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വന്നത് അത്യധികം ഭീതിജനകമാണ്.

കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ അലയടിക്കുന്നതിനിടയിലാണ് ഡൽഹി സർക്കാർ തബ്ലീഗ് മർക്കസിനും അതിൻ്റെ ഭാരവാഹികൾക്കുമെതിരെ FIR തയ്യാറാക്കുവാനും കേസ് എടുക്കുവാനും പോലീസ് അധികാരികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് അത്യധികം വേദനാജനകവും അതിലുപരി പ്രതിഷേധാർഹവുമാണ്. മാർച്ച് 25ന് രാജ്യമൊന്നടങ്കം ലോക്ക്ഡൗൺ പ്രഖ്യാപിച്ച സന്ദർഭത്തിൽ മർക്കസ് ഭാരവാഹികൾ തങ്ങളുടെ സ്ഥാപനത്തിൽ ധാരാളം പേർ താമസിക്കുന്നുണ്ടെന്നും അവരെ അവരുടെ പ്രദേശങ്ങളിലേക്കെത്തിക്കുവാനും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുവാനും വാഹന സൗകര്യമുൾപ്പെടെ ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് അഭ്യർഥിച്ചുകൊണ്ട് മൂന്ന് അപേക്ഷകൾ ഡൽഹി പോലീസ് അധികാരികൾക്ക് നൽകിയെങ്കിലും അവ അനുഭാവപൂർവ്വം പരിഗണിക്കുവാനോ ആവശ്യമായ നടപടികൾ സ്വീകരിക്കുവാനോ അവർ തയ്യാറായില്ല എന്നതാണ് വാസ്തവം. എന്നാൽ ഇപ്പോൾ തബ്ലീഗ് ജമാഅത്തിനെയും അവരുടെ മർക്കസിനെയും മുൻനിർത്തി വലിയ തോതിൽ വർഗീയ നിറം നൽകാനും വംശീയ വിദ്വേഷം പ്രചരിപ്പിക്കുവാനും ശ്രമിക്കുന്നത് അത്യന്തം ലജ്ജാകരവും ദു:ഖകരവുമാണ്. യഥാർഥത്തിൽ നാം അന്വേഷിക്കേണ്ടത് കഴിഞ്ഞ ദിവസങ്ങളിൽ ആയിരങ്ങൾ ഡൽഹിയിലും മറ്റും തെരുവിലിറങ്ങാനും കാൽനടയായി കിലോമീറ്ററുകൾ താണ്ടുവാനും അതിനിടയിൽ ചിലർ മരിച്ചുവീഴാനും കാരണക്കാർ ആരാണ് എന്ന ചോദ്യത്തിൻ്റെ ഉത്തരത്തെ സംബന്ധിച്ചാണ്. ഈ കൊടും അപരാധത്തിൻ്റെ ഉത്തരവാദികൾ ആരാണ് എന്ന ചോദ്യം ഏറെ ഗൗരവമർഹിക്കുന്നുണ്ട്.

തബ്ലീഗ് ജമാഅത്തിനും മർക്കസിനുമെതിരെ കേസെടുക്കുന്നതിന് മുമ്പ് ഒന്നാമതായി FIR തയ്യാറാക്കേണ്ടത് ദൽഹി സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെയാണ്. കാരണം തികച്ചും നിരുത്തരവാദപരമായ സമീപനമാണ് അവരുടെ ഭാഗത്ത് നിന്നുമുണ്ടായത്. ലോക്ക്ഡൗണിൻ്റെ ഭാഗമായി ആവശ്യമായ സജ്ജീകരണങ്ങളൊരുക്കുന്നതിലും പരിഭ്രാന്തരായ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന വിഷയത്തിലും ഡൽഹി സർക്കാർ സമ്പൂർണ്ണ പരാജയമായിരുന്നു.  രണ്ടാമതായി ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിൻ്റെ മുന്നോടിയായി രാജ്യത്തിൻ്റെ ക്രമസമാധാന പാലനത്തിന് വേണ്ട യാതൊരു മുൻകരുതലും ആസൂത്രണവും നടത്താത്ത കേന്ദ്ര അഭ്യന്തര മന്ത്രിക്കെതിരെയാണ്. പൗരന്മാർക്ക് ആവശ്യമായ ഭക്ഷണമുൾപ്പെടെ പ്രാഥമിക ആവശ്യങ്ങളുടെ ലഭ്യത പോലും ഉറപ്പുവരുത്താത്ത ദീർഘവീക്ഷണമില്ലാത്ത തീരുമാനമായിരുന്നു ലോക്ക്ഡൗൺ എന്ന വിമർശനം ശക്തമായ ഈ സന്ദർഭത്തിൽ കേന്ദ്ര സർക്കാർ വലിയ അപരാധമാണ് ചെയ്തത്.

രാജ്യ നിവാസികൾ ഒറ്റക്കെട്ടായി പരസ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യേണ്ട ഈ അത്യധികം ഭീതിജനകവും ദുഃഖകരവുമായ സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പരാജയം മറച്ചുവെക്കുകയും ഒരു പ്രത്യേക മത വിഭാഗത്തിനും സംഘത്തിനുമെതിരെ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുവാനും വർഗീയത വളർത്തുവാനുമുള്ള ശ്രമം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് അത്യധികം അപകടരവും നീചവുവുമാണ്. ജനങ്ങളെല്ലാം ഒറ്റക്കെട്ടായി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുവാനും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിൻ്റെ ഭാഗമായി നിലവിൽ വന്ന നിയന്ത്രണങ്ങൾ ഉൾക്കൊള്ളുവാനും നടപ്പിൽ വരുത്തുവാനും മത ജാതിഭേദമന്യേ എല്ലാവരുടെയും ബാധ്യതയാണ്. എന്നാൽ ഈ കാര്യത്തിൽ സർക്കാറുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പരിമിതികളും പോരായ്മകളും പരിഹരിക്കുവാൻ ആവശ്യമായ അടിയന്തിര ഇടപെടലുകളും നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിൽ വരുത്തുവാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകേണ്ടതുണ്ട്. അതിന് വേണ്ട സാഹചര്യങ്ങൾ ഉണ്ടാക്കുന്നതിന് പകരം വർഗീയ, വിദ്വേഷ പ്രചരണങ്ങൾ നടത്തുന്നത് ദൗർഭാഗ്യകരമാണ്.

മുഴുവൻ ജനങ്ങളും അവരുടെ വ്യക്തിപരമായ ബാധ്യതകൾ പൂർത്തീകരിക്കുകയും സർക്കാറിനെയും സർക്കാർ ഉദ്യോഗസ്ഥരെയും സഹായിക്കുകയും ചെയ്യുവാനും രാജ്യ നിവാസികൾ ഒന്നടങ്കം രംഗത്ത് വരണമെന്നാണ് ജമാഅത്തെ ഇസ്‌ലാമിക്ക് ഈ സന്ദർഭത്തിൽ ആഹ്വാനം ചെയ്യാനുള്ളത്. സർക്കാറിൻ്റെ ഭാഗത്ത് നിന്നും ധാരാളം പോരായ്മകളും കുറവുകളുമുണ്ടെന്നത് ഒരു നഗ്ന യാഥാർഥ്യമാണ്. അത് പരിഹരിക്കുവാൻ ഇരു സർക്കാറുകളും രംഗത്ത് വന്നേ മതിയാകൂ. ഈ നിർണ്ണായക ഘട്ടത്തിൽ ആവശ്യമായ എല്ലാ സഹായവും ചെയ്യാൻ ജമാഅത്തെ ഇസ്‌ലാമി തയ്യാറാണ് എന്ന് കൂടി ഉത്തരവാദിത്തപ്പെട്ടവരുടെ മുമ്പാകെ ബോധ്യപ്പെടുത്താൻ ഈ സന്ദർഭം ഉപയോഗപ്പെടുത്തുന്നു.

 

Latest News