Sorry, you need to enable JavaScript to visit this website.

കെജ്‌രിവാള്‍ തുടങ്ങിവെച്ചു; സംഘപരിവാരം ഏറ്റെടുത്തു

ദല്‍ഹി നിസാമുദ്ദീനില്‍ മാര്‍ച്ച് മധ്യത്തോടെ നടന്ന ഒരു മതസമ്മേളനത്തിന്റെ പേരില്‍  സമൂഹ മാധ്യമങ്ങളില്‍ വര്‍ഗീയ ചേരിതിരിവ് വളര്‍ത്താന്‍ ശ്രമം.

തബ്‌ലീഗി ജമാഅത്ത് അവരുടെ ആസ്ഥാനത്ത് നടത്തിയ ഒത്തുചേരല്‍ കോവിഡ് 19 ന്റെ സമൂഹ വ്യാപനത്തിന് കാരണമായെന്നാണ് സംഘ് പരിവാര്‍ ഏറ്റെടുത്തിരിക്കുന്ന വിമര്‍ശം. തബ് ലീഗിന്റെ കോവിഡ് ജിഹാദെന്നു പോലും സോഷ്യല്‍ മീഡയിയില്‍ പ്രചരിപ്പിക്കുന്നു.

ഇസ്ലാമിക പ്രബോധന പ്രസ്ഥാനമായ തബ് ലീഗി ജമാഅത്തിന്റെ വാര്‍ഷിക സമ്മേളനമാണ് നിസാമുദ്ദീനിലെ അവരുടെ മര്‍ക്കസില്‍ നടന്നത്. വിദേശ പ്രതിനിധികളടക്കം 8000 പേരാണ് സംഘടനയുടെ ആസ്ഥാനമായ നിസാമുദ്ദീന്‍ മര്‍ക്കസില്‍ നടന്ന സമ്മേളനത്തില്‍ സംബന്ധിച്ചത്.

ലോക് ഡൗണ്‍ കാരണം സ്ഥലം വിടാനാകാതെ ആയിരങ്ങള്‍ മര്‍ക്കസില്‍ കുടുങ്ങിയത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ച്ചയായും ആശങ്ക ഉയര്‍ത്തിയിരുന്നു.  ആയിരത്തോളം പേരെ ഒഴിപ്പിച്ച് ദല്‍ഹി സര്‍ക്കാര്‍ മര്‍ക്കസ് സീല്‍ ചെയ്തിരിക്കയാണ്. ഇവരില്‍ 300 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 700 പേരെ നിരീക്ഷണ കേന്ദ്രത്തിലുമാക്കി. 24 പേര്‍ക്ക് കോവിഡ് ബാധിച്ചുവെന്നാണ് പരിശോധനയില്‍ സ്ഥിരീകരിച്ചത്.

ഈ സംഭവവികാസങ്ങളാണ് വര്‍ഗീയ ചുവയുള്ള ആരോപണങ്ങളായി പരിണമിച്ചിരിക്കുന്നത്. നിരുത്തരവാദപരമായ നടപടിയെന്നാരോപിച്ച് സംഘാടകര്‍ക്കെതിരെ കേസെടുക്കാന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ നിര്‍ദേശിച്ചു. രോഗത്തിന് സമൂഹ വ്യാപനമുണ്ടായാല്‍ അതിന്റെ കാരണക്കാര്‍ തബ് ലീഗാണെന്നാണ് മറ്റുള്ളവരുടെ ആരോപണം.

ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന തബ് ലീഗ് നിരുത്തരവാദ നടപടിയെന്ന ആരോപണം നിഷേധിക്കുന്നു. മാര്‍ച്ച് 13 നു തന്നെ സമ്മേളനം ആരംഭിച്ചിരുന്നുവെന്നും മാര്‍ച്ച് 16 നാണ് ദല്‍ഹി സര്‍ക്കാര്‍ വലിയ കൂട്ടം ചേരല്‍ നിരോധിച്ചതെന്നും സംഘാടകര്‍ പറയുന്നു.

തബ് ലീഗിന്റെ ഏക അന്താരാഷ്ട്ര ആസ്ഥാനമായ ദല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസില്‍ അപ്പോഴക്കും ആയിരക്കണക്കിനാളുകള്‍ എത്തിയിരുന്നു. വിദേശ പ്രതിനിധികള്‍ക്ക് സമ്മേളനത്തിന് എത്താന്‍ പാകത്തില്‍ വിസ നല്‍കിയത് കേന്ദ്ര സര്‍ക്കാരാണ്.

നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനാല്‍ ഇവരെ മര്‍ക്കസില്‍ താമസിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവരുടെ യാത്രക്ക് വാഹനങ്ങള്‍ അനുവദിക്കണമെന്ന അഭ്യര്‍ഥന അധികൃതര്‍ കേട്ടതുമില്ല- സംഘാടകര്‍ പറയുന്നു.

നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത തബ് ലീഗ് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് രാജ്യത്തെ ആറു മേഖലകളില്‍നിന്നാണ് ഇപ്പോള്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കോവിഡ് ബാധ പോലെ തന്നെ ഇതിന്റെ പേരില്‍ വര്‍ഗീയവിഷ പ്രചാരണവും നടക്കുന്നു.

 

 

Latest News