മക്ക - വിലക്ക് ലംഘിച്ച് സലൂണുകൾ രഹസ്യമായി തുറന്നു പ്രവർത്തിപ്പിച്ച വിദേശ ബാർബർമാരെ മക്ക നഗരസഭാധികൃതർ പിടികൂടി പോലീസിൽ ഏൽപിച്ചു. സലൂണുകൾ അധികൃതർ അടപ്പിച്ചു. സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ട്. നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് ബാർബർമാരെ സുരക്ഷാ വകുപ്പുകൾക്ക് കൈമാറുകയായിരുന്നെന്ന് മക്ക നഗരസഭാ വക്താവ് എൻജിനീയർ റായിദ് സമർഖന്ദി പറഞ്ഞു.
യാമ്പുവിൽ രഹസ്യമായി തുറന്നു പ്രവർത്തിച്ച മറ്റൊരു സലൂൺ യാമ്പു നഗരസഭയും അടപ്പിച്ചു. ഉപയോക്താക്കളെ രഹസ്യമായി അകത്തു പ്രവേശിപ്പിച്ച ശേഷം മെയിൻ ഡോർ അടച്ച് സേവനം നൽകിയിരുന്ന സ്ഥാപനമാണ് സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് അടപ്പിച്ചത്. സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ബാർബറെ സുരക്ഷാ വകുപ്പുകൾക്ക് കൈമാറി. കർഫ്യൂ നിലവിലുള്ള സമയത്ത് വിലക്ക് ലംഘിച്ച് തുറന്നു പ്രവർത്തിച്ച മറ്റു രണ്ടു സ്ഥാപനങ്ങളും യാമ്പു നഗരസഭ കഴിഞ്ഞ ദിവസം അടപ്പിച്ചു. ഈ സ്ഥാപനങ്ങൾക്കെതിരെ പിഴകൾ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചു.
തായിഫിൽ സലൂൺ തുറന്നു പ്രവർത്തിപ്പിച്ച മറ്റൊരു വിദേശിയും കഴിഞ്ഞ ദിവസം പിടിയിലായി. ഉപയോക്താക്കളെ അകത്തേക്ക് പ്രവേശിപ്പിച്ച് മെയിൻ ഡോർ അടച്ച് സേവനം നൽകിയിരുന്ന വിദേശ ബാർബറാണ് പിടിയിലായത്. തായിഫ് നഗരസഭക്കു കീഴിലെ ഫീൽഡ് സംഘങ്ങൾ നടത്തിയ പരിശോധനക്കിടെയാണ് രഹസ്യമായി തുറന്നു പ്രവർത്തിക്കുന്ന ബാർബർ ഷോപ്പ് കണ്ടെത്തിയത്. തുടർന്ന് സുരക്ഷാ വകുപ്പുകളുമായി ഏകോപനം നടത്തി സ്ഥാപനം അടപ്പിക്കുകയും തൊഴിലാളിയെ പിടികൂടി പോലീസിൽ ഏൽപിക്കുകയുമായിരുന്നു.