Sorry, you need to enable JavaScript to visit this website.

നിസാമുദ്ദീന്‍; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പരാജയം- ഇ.ടി

കോഴിക്കോട് - കൊറോണ പ്രതിരോധത്തിന് മുമ്പായി ഡല്‍ഹിയില്‍ നടന്ന നിരവധി പരിപാടികളില്‍ ഒന്നായ നിസാമുദ്ദീനിലെ മര്‍ഖസിലെ പരിപാടിയുടെ പേരില്‍ അവരെ വേട്ടയാടുന്നത് നീതിയല്ലെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. രാജ്യ നിവാസികള്‍ ഒറ്റക്കെട്ടായി പരസ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യേണ്ട ഘട്ടത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പരാജയം മറച്ചുവെക്കുകയും ഒരു പ്രത്യേക മത വിഭാഗത്തിനും സംഘത്തിനുമെതിരെ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുവാനും വര്‍ഗീയത വളര്‍ത്തുവാനുമുള്ള ശ്രമമാണ് നടക്കുന്നത്.
രാജ്യമൊന്നടങ്കം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ആവശ്യമായ മുന്‍കരുതലുകളോ ആസൂത്രണമോ ഇല്ലാതെയായിരുന്നു എന്ന ആരോപണം ശക്തമായി നില നില്‍ക്കുന്നുണ്ട്. അതിന്റെ വ്യക്തമായ ദൃഷ്ടാന്തമായിരുന്നു കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ ഡല്‍ഹിയുടെ തെരുവുകളില്‍ നിറഞ്ഞൊഴുകിയത്. പതിനായിരങ്ങള്‍ വീടണയാന്‍ വേണ്ടി കാല്‍നടയായി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടി വന്നത് അത്യധികം ഭീതിജനകമാണ്.
തബ്ലീഗ് ജമാഅത്തിനും മര്‍ക്കസിനുമെതിരെ കേസെടുക്കുന്നതിന് മുമ്പ് ഒന്നാമതായി എഫ്.ഐ.ആര്‍ തയ്യാറാക്കേണ്ടത് ദല്‍ഹി സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരെയാണെന്ന സ്ഥാപനം അധികൃതരുടെ ആരോപണം ഗൗരവമര്‍ഹിക്കുന്നതാണ്. ലോക്ക്ഡൗണിന്റെ ഭാഗമായി ആവശ്യമായ സജ്ജീകരണങ്ങളൊരുക്കുന്നതിലും പരിഭ്രാന്തരായ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന വിഷയത്തിലും ഡല്‍ഹി സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമായിരുന്നു.
മാര്‍ച്ച് 25ന് രാജ്യമൊന്നടങ്കം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ മര്‍ക്കസ് ഭാരവാഹികള്‍ തങ്ങളുടെ സ്ഥാപനത്തില്‍ ധാരാളം പേര്‍ താമസിക്കുന്നുണ്ടെന്നും അവരെ അവരുടെ പ്രദേശങ്ങളിലേക്കെത്തിക്കുവാനും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുവാനും വാഹന സൗകര്യമുള്‍പ്പെടെ ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് മൂന്ന് അപേക്ഷകള്‍ ഡല്‍ഹി പോലീസ് അധികാരികള്‍ക്ക് നല്‍കിയെന്നാണ് തബ്ലീഗ് നേതാക്കള്‍ വ്യക്തമാക്കുന്നത്. അവ അനുഭാവപൂര്‍വ്വം പരിഗണിക്കുവാനോ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാനോ അവര്‍ തയ്യാറായില്ലെന്നതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്. ലോക്ഡൗണിന് മുമ്പ് ഒരു കേന്ദ്രത്തില്‍ ഒരുമിച്ച്കൂടി അധികൃതരോട് സഹായം അഭ്യര്‍ത്ഥിച്ചവരെ ക്രിമിനലുകളെപോലെ കൈകാര്യം ചെയ്യുന്നത് അംഗീകരിക്കാവുന്നതല്ലെന്നും ഇ.ടി കൂട്ടിച്ചേര്‍ത്തു.

Latest News