മിന- സുരക്ഷാ വകുപ്പുകൾ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടും മക്ക ഗവർണറേറ്റും മറ്റ് വകുപ്പുകളും വ്യാപകമായ ബോധവൽക്കരണം നടത്തിയിട്ടും നിയമം ലംഘിച്ച് ഹജ് നിർവഹിക്കുന്നതിന് ഇത്തവണയും പുണ്യസ്ഥലങ്ങളിൽ നിരവധി പേർ നുഴഞ്ഞുകയറി. ഇന്നലെ മിനായിലെ ഫുട്പാത്തുകളിലും പാതയോരങ്ങളിലും മേൽപാലങ്ങൾക്ക് താഴെയും ആയിരക്കണക്കിന് നിയമ ലംഘകർ വിരിച്ച് താമസിച്ചു. വെയിലിൽ നിന്ന് സംരക്ഷണം തേടി ഇവർ തുണികളും പുതപ്പുകളും പ്ലാസ്റ്റിക് ഷീറ്റുകളും വലിച്ചുകെട്ടി താൽക്കാലിക തമ്പുകൾ സ്ഥാപിച്ചു. നിയമാനുസൃതം ഹജ് നിർവഹിക്കുന്നതിന് എത്തുന്നവർക്ക് മിനായിലും അറഫയിലും തമ്പുകളിൽ താമസം ലഭിക്കും. ഹജ് അനുമതി പത്രമില്ലാത്തവരാണ് ഫുട്പാത്തുകളിലും പാതയോരങ്ങളിലും വിരിച്ച് താമസിക്കുന്നത്. റോഡുകളിൽ യാത്ര ദുഷ്‌കരമാക്കിയുള്ള നിയമ ലംഘകരുടെ താമസം അടിയന്തിര സാഹചര്യങ്ങളിൽ സുരക്ഷാ വകുപ്പുകൾക്കും രക്ഷാപ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കും പ്രതിബന്ധമാവുകയാണ്.
നിയമം ലംഘിച്ച് ഹജ് നിർവഹിക്കുന്നവർക്കും ഇത്തരക്കാരെ മക്കയിലേക്ക് കടത്തുന്നവർക്കും തടവും പിഴയും നാടുകടത്തലും വാഹനം കണ്ടുകെട്ടലും ശിക്ഷ നൽകുന്നുണ്ട്. നിയമ ലംഘകരെ മക്കയിലേക്ക് കടത്തുന്നതിന് ശ്രമിച്ച നിരവധി പേരെ മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ പ്രവർത്തിക്കുന്ന ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ ഇതിനകം ശിക്ഷിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് ഹജ് നിർവഹിക്കുന്നതിന് ശ്രമിച്ച നിരവധി വിദേശികളുടെ വിരലടയാളങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇഖാമ പുതുക്കുന്നത് വിലക്കി ഇവരെ നാടുകടത്തി പ്രവേശന വിലക്കേർപ്പെടുത്തും. ഹജ് അനുമതി പത്രമില്ലാത്തവരെ കണ്ടെത്തുന്നതിന് പുണ്യസ്ഥലങ്ങളിൽ തീർഥാടകരുടെ വിരലടയാളങ്ങൾ പരിശോധിക്കുമെന്ന് ജവാസാത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.