കോവിഡ് മുക്തരായ വൃദ്ധ ദമ്പതികളെ ഡിസ്ചാര്‍ജ് ചെയ്യുന്നത് നീട്ടി

കോട്ടയം - കോവിഡ് മുക്തരായ വൃദ്ധ ദമ്പതികളെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്യുന്നത് നീട്ടി. രോഗം ഭേദമായ ഇവരെ ഇന്ന് വീട്ടിലേക്ക് മടക്കി അയക്കാനായിരുന്നു തിരുമാനിച്ചിരുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ ആശുപത്രി വിടും എന്നായിരുന്നു ആശുപത്രി കേന്ദ്രങ്ങള്‍ നല്‍കിയ സൂചന.എന്നാല്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന്് ഡിസ്ചാര്‍ജ് രണ്ടു ദിവസത്തേക്ക് നീട്ടുകയായിരുന്നു.
    
ഇറ്റലിയില്‍നിന്ന് വന്ന കുടുംബാംഗങ്ങളില്‍ നിന്നുമാണ് പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികള്‍ക്ക് കൊറോണ പടര്‍ന്നത്. 60 വയസിന് മുകളില്‍ കോവിഡ് 19 ബാധിച്ചവരെ ഉയര്‍ന്ന അപകട സാധ്യതയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്്. അതിനിടെയാണ് കൊറോണക്കുപുറമേ പ്രായാധിക്യം മൂലമുള്ള അസുഖങ്ങളുമുണ്ടായിരുന്ന ഇവര്‍ ജീവിതത്തിലേക്ക് തിരികെ എത്തിയത്.

ഒരു ഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെയാണ് മരണക്കയത്തില്‍ നിന്നു കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. ഇതോടെ പത്തനംതിട്ടയിലെ അഞ്ചംഗ അംഗ കുടുംബം മുഴുവന്‍ രോഗമുക്തരായി. മാര്‍ച്ച് 8നാണ് ഇവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ പത്തനംതിട്ട ജനറല്‍  അശുപത്രിയില്‍ അഡ്മിറ്റാക്കി. തുടര്‍ന്ന് ഇവര്‍ക്ക് ദമ്പതികള്‍ക്ക് പരമാവധി ചികിത്സ നല്‍കി ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് പിറ്റേന്ന്് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 

 

Latest News