Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആപല്‍ക്കാലങ്ങളില്‍ സാന്ത്വനകേന്ദ്രമായി തിരൂരങ്ങാടി യതീംഖാന

മലപ്പുറം- ചരിത്രം മഹാമാരിയുടെ രൂപത്തില്‍ വീണ്ടുമെത്തുമ്പോള്‍ തിരൂരങ്ങാടി യതീംഖാന ഒരിക്കല്‍ കൂടി സാന്ത്വനത്തിന്റെ കരങ്ങള്‍ ഉയര്‍ത്തുകയാണ്. ലോകത്തെയാകെ പിടിച്ചുലച്ച പതിറ്റാണ്ടുകള്‍ക്ക് മുമ്പത്തെ കോളറക്കാലം ഓര്‍മ്മയില്‍ നിന്ന് മായുമ്പോള്‍ കൊറോണ വ്യാപനത്തിന്റെ പുതിയ കാലത്ത് ഈ അഗതി മന്ദിരം അതിന്റെ വാതിലുകള്‍ വീണ്ടും തുറന്നു കൊടുക്കുന്നു. രോഗാതുരരാകുന്നവര്‍ക്ക് ചികില്‍സാലയമായും അഗതികളായവര്‍ക്ക് സുരക്ഷാകേന്ദ്രമായും.
കൊറോണ സാമൂഹ്യവ്യാപനത്തിലേക്ക് കടക്കുകയാണെങ്കില്‍ രോഗികളെ ചികില്‍സിക്കാന്‍ മലപ്പുറം ജില്ലാ ഭരണകൂടം കണ്ടെത്തിയ ആശുപത്രികളില്‍ തിരൂരങ്ങാടി യതീംഖാനക്ക് കീഴിലെ സ്ഥാപനങ്ങളും ഉള്‍പ്പെടും. യതീംഖാനയോട് ചേര്‍ന്ന് വിവിധ സ്ഥാപനങ്ങള്‍ രോഗശുശ്രൂഷക്കായി വിട്ടു നല്‍കാമെന്ന് യതീംഖാന കമ്മിറ്റി ജില്ലാ ഭരണകൂടത്തെ അറിയിക്കുകയായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരൂരങ്ങാടിയിലെ ഗവ.ആശുപത്രി പ്രത്യേക ചികില്‍സാ കേന്ദ്രമാക്കുകയാണെങ്കില്‍ അവിടെ കഴിയുന്ന മറ്റുള്ള അടിയന്തര രോഗികളെ പരിചരിക്കാനായി യതീംഖാനയോടു ചേര്‍ന്ന എം.കെ.ഹാജി മെമ്മോറിയല്‍ ആശുപത്രി ഉപയോഗപ്പെടുത്താകുന്നതാണെന്നും കമ്മിറ്റിയുടെ കീഴിലുള്ള പി.എസ്.എം.ഒ.കോളേജ് ഹോസ്റ്റല്‍, ഓഡിറ്റോറിയം, യതീംഖാന ഹോസ്റ്റല്‍ തുടങ്ങിയ കെട്ടിടങ്ങള്‍ സര്‍ക്കാരിന് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ വിട്ടുനല്‍കാമെന്നും കമ്മിറ്റി പ്രസിഡന്റ് കെ.പി.എ.മജീദ്,ജനറല്‍ സെക്രട്ടറി എം.കെ.ബാവ, ട്രഷറര്‍ സി.എച്ച്.മഹമൂദ് ഹാജി എന്നിവര്‍ മലപ്പുറം ജില്ലാ കലക്ടറെയും ജില്ലാ മെഡിക്കല്‍ ഓഫീസറെയും അറിയിക്കുകയായിരുന്നു.
1943 ല്‍ ലോകത്തെയാകെ പിടിച്ചുലച്ച കോളറ മഹാമാരിയില്‍ നിരവധി പേര്‍ക്കാണ് മലബാറിലും ജീവന്‍ നഷ്ടപ്പെട്ടത്. മാതാപിതാക്കള്‍ മരിച്ച് അനാഥരായ 114 കുട്ടികളെ ഏറ്റെടുത്ത് പഠിപ്പിച്ചത് ഈ യതീംഖാനയിലാണ്. പ്രമുഖ മുസ്്‌ലിം ലീഗ് നേതാവും കാരുണ്യ പ്രവര്‍ത്തകനുമായിരുന്ന എം.കെ.ഹാജി സംഭാവന ചെയ്ത സ്ഥലത്ത് 1960 ലാണ് യതീംഖാനയും പ്രൈമറി സ്‌കൂളും ആരംഭിച്ചത്. പിന്നീട് ഈ സ്ഥാപനം വളര്‍ന്ന് മലപ്പുറം,കോഴിക്കോട് ജില്ലകളിലുള്ള വിദ്യാര്‍ഥികളുടെ പ്രധാന പഠനകേന്ദ്രങ്ങളിലൊന്നായി. യതീംഖാന കമ്മിറ്റിക്ക് കീഴില്‍ ഇന്ന് പി.എസ്.എം.ഒ കോളേജ്, അഗതിമന്ദിരം, നൂറുല്‍ ഇസ്്‌ലാം മദ്രസ, അറബിക് കോളേജ്, പ്രൈമറി സ്‌കൂള്‍, ഓറിയന്റല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍,ടീച്ചര്‍ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റിയൂട്ട്,ഐ.ടി.സെന്റര്‍,എം.കെ.ഹാജി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, നഴ്്‌സിംഗ് സ്‌കൂള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.
മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ, സേവന ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള തിരൂരങ്ങാടി യതീംഖാന സ്ഥാപനങ്ങള്‍ ആശങ്കകളുയരുന്ന കൊറോണ കാലത്തും സേവനസന്നദ്ധതയുടെ കരങ്ങളുയര്‍ത്തി നില്‍ക്കുകയാണ്.

 

Latest News